KeralaLatest NewsNews

ഇന്നോ നാളെയോ പ്രസവിക്കേണ്ടവള്‍, നിറവയറുമായി ഷംന പോയതെങ്ങോട്ട്? സംഭവത്തില്‍ ദുരൂഹതയേറുന്നു

തിരുവനന്തപുരം: നിറവയറുമായി ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയ യുവതിയെ കാണാതായ സംഭവം ബന്ധുക്കളെയും പോലീസിനെയും ആശുപത്രി അധികൃതരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നും കാണാതായ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചിയിലെത്തിയെന്ന സൂചനയും ലഭിച്ചു. പക്ഷേ ഇതെങ്ങനെ സാധ്യമാകും എന്ന ചോദ്യമാണ് ഏവര്‍ക്കും മുന്നിലുള്ളത്. 21 കാരിയായ വര്‍ക്കല മടവൂര്‍ സ്വദേശി ഷംനയെയാണ് ആശുപത്രിയില്‍ നിന്നും കാണാതായത്.

ഭര്‍ത്താവ് അന്‍ഷാദിനും മാതാപിതാക്കള്‍ക്കുമൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്.എ.ടി ആശുപത്രിയിലെത്തിയ ഷംനയെയാണ് കാണാതായത്. പിന്നീട് ഓരോ മണിക്കൂറിലും നടന്നത് അസാധാരണ സംഭവങ്ങളായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11.30ന് പ്രവസവത്തിന് അഡ്മിറ്റാകാന്‍ ഡോക്ടര്‍മാര്‍ ചീട്ട് എഴുതി. അവസാനഘട്ട പരിശോധനയ്ക്കായി ഷംന മാത്രമാണ് ആശുപത്രി മുറിക്കുള്ളേക്ക് കയറിയത്. തുടര്‍ന്ന് രണ്ട് മണിക്കൂറില്‍ അധികം കഴിഞ്ഞിട്ടും ഷംനയെ കാണാതായതോടെ ഭര്‍ത്താവും മാതാപിതാക്കളും ലേബര്‍ റൂമിന് സമീപത്തെ മുറിയിലെത്തി അന്വേഷിച്ചു. ഷംനയെ കണ്ടേയില്ലെന്നായിരുന്നു നഴ്‌സുമാരും ഡോക്ടര്‍മാരും പറഞ്ഞത്. പരിഭ്രാന്തരായ കുടുംബക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെ ബാത്ത് റൂമുകളിലടക്കം പരിശോധിച്ചു. എന്നാല്‍ യുവതിയെ കണ്ടെത്താനായില്ല. കാണാതായതിന് ശേഷമുള്ള ആദ്യമണിക്കൂറുകളില്‍ ഷംനയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്.

also read: എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം; യുവാവ് പിടിയിൽ

വൈകിട്ട് 5.15, ഷംനയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവ് അന്‍ഷാദിന് ഫോണ്‍ വന്നു. കോള്‍ അറ്റന്റ് ചെയ്‌തെങ്കിലും സംസാരിച്ചില്ല. വൈകിട്ട് 5.30ന് ഷംനയുടെ ഫോണില്‍ നിന്ന് ബന്ധുവായ മറ്റൊരു സ്ത്രീയുടെ മൊബൈലിലേക്ക് കോള്‍ എത്തി. ഞാന്‍ സേഫാണ്. പേടിക്കേണ്ട…ഇതുമാത്രം പറഞ്ഞിട്ട് കട്ടാക്കി. ഇതോടെ പൊലീസ് മൊബൈല്‍ ടവര്‍ നിരീക്ഷിച്ച് അന്വേഷണം തുടങ്ങി.

വൈകിട്ട് 6.10ന് കോട്ടയം ഏറ്റുമാനൂര്‍ ടവറിലും രാത്രി 7.40ന് എറണാകുളം നോര്‍ത്തിലും ഉള്ളതായി മൊബൈല്‍ ടവര്‍ സൂചിപ്പിച്ചു. വടക്കോട്ടുള്ള ട്രയിനില്‍ യാത്ര ചെയ്യുകയാവാമെന്ന നിഗമനത്തില്‍ റയില്‍വേ പൊലീസ് സംഘം ട്രയിനില്‍ കയറി പരിശോധിച്ചു. എന്നാല്‍ കണ്ടെത്തിയില്ല. എറണാകുളം നോര്‍ത്തില്‍ ഗര്‍ഭിണിയായ സ്ത്രീ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതായി മൊഴിയും ലഭിച്ചു. ഇതിനിടെ മൊബൈല്‍ വീണ്ടും ഓഫായി.

ഇതോടെ പൊലീസ് സംഘം എറണാകുളത്തെ ആശുപത്രികളിലും ലോഡ്ജുകളിലും പരിശോധിച്ചു. പക്ഷെ ഷംനയെ കണ്ടിട്ടില്ല. നിറവയറുമായി യുവതിക്ക് എത്ര നേരം സഞ്ചരിക്കാനാകും? പ്രസവത്തോടുള്ള ഭയമാകാം ഇതിന് കാരണമെന്ന് പറയുന്നവരുമുണ്ട്. ഇപ്പോഴും പോലീസ് തിരച്ചില്‍ തുടരുകയാണ്.

shortlink

Post Your Comments


Back to top button