റിയാദ് ; കൂടുതൽ സിനിമ തിയേറ്ററുകൾ ആരംഭിക്കാൻ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജീദ് അൽ ഫുത്തെയിം എന്ന കമ്പനിക്ക് ലൈസൻസ് നൽകി സൗദി. 40 വർഷത്തെ നിരോധനത്തിന് ശേഷം ഈ ആഴ്ച സൗദിയിൽ ആദ്യ സിനിമ പ്രദർശനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തിയറ്ററുകൾക്ക് രാജ്യം അനുമതി നൽകുന്നത്. മാർവെലിന്റെ ബ്ലാക്ക് പാന്തർ എന്ന സിനിമയായിരുന്നു ബുധനാഴ്ച പ്രദർശിപ്പിച്ചത്.
തീയറ്റർ തുടങ്ങാനുള്ള പ്രവർത്തങ്ങൾ ഉടൻ ആരംഭിക്കുമെന്നു കമ്പനി അധികൃതർ. റിയാദ് പാർക്ക് മാളിൽ ഞങ്ങളുടെ വോക്സ് സിനിമയുടെ ഭാഗമായി നാല് സ്ക്രീനുള്ള തീയറ്റര്‍ ആയിരിക്കും തുടങ്ങുക. ഇത് രാജ്യത്തെ ആദ്യ മൾട്ടിപ്ലെക്‌സായിരിക്കും. മാളിലെ കമ്പനിയുടെ മാജിക് പ്ലാനറ്റ് ഫാമിലി എന്റർടൈന്മെന്റ് സെന്ററിനുള്ളിലായിരിക്കും സിനിമാ പ്രദർശനം. മുഖ്യധാരാ സിനിമകളെ കൂടാതെ ആനിമേഷനുകൾ, കുടുംബ സൗഹാർദ്ദ ചലച്ചിത്രങ്ങൾ, വിദ്യാഭ്യാസ സിനിമകൾ എന്നിവയും ഉൾപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. കൂടാതെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് 600 സ്ക്രീനുകൾ സ്ഥാപിക്കാൻ 2 ബില്യൺ സൗദി റിയൽ (533 മില്യൺ ഡോളർ ) ആയിരിക്കും വോക്‌സ് സിനിമക്കായി കമ്പനി മാറ്റി വെക്കുക. ഇതിലൂടെ 3000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, സൗദി സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണ പദ്ധതിക്ക് ഇത് മുതൽ കൂട്ടാകുമെന്നും കമ്പനി അധികൃതർ വ്യക്‌തമാക്കി.
അതേസമയം സൗദി അറേബ്യയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് സംഭാവന നൽകാനായി ഒരവസരം ഞങ്ങൾക്ക് നൽകിയതിൽ സൗദി സർക്കാറിനും സാംസ്കാരിക മന്ത്രാലയത്തിനും ഓഡിയോ വിഷ്വൽ മീഡിയയുടെ ജനറൽ കമ്മീഷനും ഞങ്ങൾ നന്ദി പറയുന്നതായി മജീദ് അൽ ഫുത്തെയിം ചീഫ് എക്സിക്യൂട്ടീവ് അലൈൻ ബീജാനി പറഞ്ഞു.
Also read ;യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് കോടികളുടെ നഷ്ടപരിഹാരം
Post Your Comments