Latest NewsKeralaNewsIndiaInternational

ആധാര്‍ “വിജയം”- എതിര്‍പ്പുമായി ഗൂഗിള്‍,സ്മാര്‍ട്ട് കാര്‍ഡ് ലോബി : യുഐഡിഎഐ

ന്യൂഡല്‍ഹി: എല്ലാ ആവശ്യങ്ങളും നടത്താനായി ഏകീകൃത തിരിച്ചറിയല്‍ രേഖ. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ആധാര്‍ കാര്‍ഡ് വന്‍വിജയമാകുമ്പോള്‍  ടെക്‌നോളജി വമ്പന്‍മാരായ ഗൂഗിള്‍, മറ്റു സ്മാര്‍ട്ട് കാര്‍ഡ് ലോബി എന്നിവരുടെ ഭാഗത്തു നിന്നും എതിര്‍പ്പ് ശക്തമാകുന്നുവെന്ന് കാട്ടി സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) സുപ്രീം കോടതിയെ സമീപിച്ചു. ഒരു തരത്തിലുമുള്ള പിശകുകള്‍ ഇല്ലാതെ ആധാര്‍ കാര്‍ഡ് മികച്ച തിരിച്ചറിയല്‍ രേഖയായി മാറുന്നതോടെ തങ്ങളുടെ പ്രസക്തി നഷ്ടമാകുമോ എന്ന പേടിയാണ് എതിര്‍പ്പിന്‍റെ കാരണമെന്നും അതോറിറ്റി കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിനു മുന്‍പാകെയാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിക സംരംഭമായ സ്മാര്‍ട്ട് കാര്‍ഡുകളുടെ രൂപത്തിലേക്ക് ആധാറിനും മാറ്റമുണ്ടാകണമെന്ന ആഹ്വാനവുമായി ക്യാംപെയ്ന്‍ നടന്നുവെന്നും സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി കോടതിയില്‍ വ്യക്തമാക്കി.

ആധാര്‍ വിജയമായാല്‍ ഇത്തരം സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടും. ഗൂഗിളിനും ആധാര്‍ വിജയത്തില്‍ എതിര്‍പ്പുണ്ട്. സ്ഥാപിത താല്‍പര്യങ്ങളാണ് ഇത്തരം ആരോപണങ്ങള്‍ക്കും ക്യാംപെയ്‌നിനും പിന്നില്‍. ആധാര്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ ഡേറ്റ ചോര്‍ച്ചയെ ഭയപ്പെടേണ്ടതില്ലെന്നും അതോറിറ്റി കോടതിയില്‍ വ്യക്തമാക്കി. അതോറ്റിയുടെ നേതൃത്വത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനു പകരം എല്ലാ വിവരങ്ങളും ചേര്‍ത്ത് സ്വൈപ്പ് ചെയ്യുന്ന തരം സ്മാര്‍ട്ട് കാര്‍ഡുകള്‍ നിര്‍മ്മിക്കണമെന്ന് ഒരു വിഭാഗം ആളുകള്‍ ഹര്‍ജി നല്‍കിയിരുന്നു. ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളാണ് ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

ഈ സാഹചര്യത്തിലാണ് സ്മാര്‍ട്ട് കാര്‍ഡ്, ഗൂഗിള്‍ ലോബികളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടാകുന്നതായി തിരിച്ചറിയല്‍ അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ഭരണഘടനാ ബെഞ്ച് ദ്വിവേദിയോട് ചോദിച്ചു. സമൂഹ്യ മാധ്യമങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നടന്ന ശ്രമവും ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ആധാര്‍ കാര്‍ഡ്‌ സുരക്ഷയെ കേംബ്രിഡ്ജ് അനലറ്റിക്ക സംഭവവുമായി കൂട്ടികലര്‍ത്തരുതെന്നും “നിര്‍മ്മിത ബുദ്ധി”യിലല്ല പകരം ഇത് ഞാനാണ് എന്ന് തിരിച്ചറിയാനുള്ള ലളിതമായ രീതിയിലാണ് ആധാര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും ദ്വിവേദി കോടതിയെ അറിയിച്ചു. ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നും സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി കേടതിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button