മുഖം നിറയെ ആത്മവിശ്വാസം…. കണ്ണുകളില്‍ നീതിക്കു വേണ്ടിയുളള പോരാട്ട വീര്യം.. നടപ്പിലും ഭാവത്തിലും ജയിക്കുമെന്ന ധൃഢനിശ്ചയം…ഇതായിരുന്നു ആ ചിത്രത്തിലെ ‘പെണ്‍പുലി’യില്‍ കോടിക്കണക്കിന് ജനങ്ങള്‍ കണ്ടത്. ഒറ്റയാള്‍ പോരാളിയെന്ന് സൈബര്‍ലോകം പേരിട്ട ആ പെണ്‍കൊടി മറ്റാരുമല്ല കത്വയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി ഉറപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അഭിഭാഷക ദീപിക സിങ് രജാവത്താണ് ചിത്രത്തിലെ പെണ്‍ നക്ഷത്രം. കേസേറ്റെടുത്ത ശേഷം നിരവധി ഭീഷണികളും മറ്റുമുണ്ടായെങ്കിലും തെല്ലും ഭയമില്ലെന്നും കത്വ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കാന്‍ അവസാനം വരെ പോരാടുമെന്ന ദീപികയുടെ നിശ്ചയഢാര്‍ഡ്യത്തിനു മുന്‍പില്‍ ഭാരതം വണങ്ങി. രാജ്യത്തെ എല്ലാ വനിതകളിലേക്കും ധൈര്യത്തിന്‌റെ അമൃത് പകര്‍ന്നു കൊടുത്ത വാക്കുകളാണിത്.
സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പേരുടെ അഭിനന്ദന പ്രവാഹമായിരുന്നു ഈ വനിതയെ തേടിയെത്തിയത്. ‘ എനിക്കറിയില്ല ഞാനും ബലാല്‍സംഘം ചെയ്യപ്പെട്ടേക്കാം. അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം. കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിയ്ക്കില്ല. എന്നെ ഒറ്റപ്പെടുത്തി. എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്’.. ദീപിക പറയുന്നു. ഞാന്‍ ഹിന്ദു വിരുദ്ധയാണെന്ന് മുദ്രകുത്തി തന്നെ ഒറ്റപ്പെടുത്തിയെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ദീപിക അറിയിച്ചിരുന്നു. ‘എനിയ്ക്കും അഞ്ചു വയസുള്ള മകളുണ്ട്. എന്‌റെ പോരാട്ടം അവള്‍ക്ക് വേണ്ടിയാണ്’ ആത്മവിശ്വാസത്തിന്‌റെ പ്രളയാഗ്നിയാണ് ദീപികയുടെ വാക്കുകളില്‍ ലോകം കണ്ടത്.
Post Your Comments