മുംബൈ: ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും ആരാധകരുള്ള താരമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ദൈവം എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം വിരമിച്ചപ്പോള്‍ കണ്ണു നിറഞ്ഞത് ഓരോ ക്രിക്കറ്റ് ആരാധകരുടെയുമാണ്. പിന്നീട് ഓള്‍ സ്റ്റാര്‍ ലീഗില്‍ സച്ചിന്റെ ഇന്നിംഗ്‌സിനായി കാത്തിരുന്നവരും നിരവധിയാണ്.
ഇപ്പോള്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. മുംബൈ തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മുംബൈയിലെ ബാന്ദ്രയില്‍ നിന്നുമുള്ളതാണ് ദൃശ്യങ്ങള്‍. മെട്രോ തൊഴിലാളികളാണ് ജോലി സ്ഥലത്തിനടുത്ത് കളിച്ചിരുന്നത്. ഇതിനിടെ ആ വഴി എത്തിയ സച്ചിന്‍ അവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവുകയായിരുന്നു.
തുടര്‍ന്ന് യാതൊരു ജാഡയുമില്ലാതെ സച്ചിന്‍ അവര്‍ക്കൊപ്പം ബാറ്റ് വീശി. വഴിയിലൂടെ എത്തിയ കാറില്‍ ഇരുന്ന് ഒരു യുവതി സച്ചിന്‍ എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. സച്ചിന്‍ തൊഴിലാളികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തിലാണെങ്കിലും സച്ചിന്‍ ലീഗുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളിലും ഭാഗമല്ല. ക്രിക്കറ്റ് ഫീല്‍ഡില്‍ ഇല്ലെങ്കിലും സച്ചിന്‍ മുംബൈയുടെ തെരുവിലുണ്ടെന്ന കാഴ്ചയാണ് ഈ വീഡിയോ കാണിച്ചുതരുന്നത്.
ഐപിഎല്ലില്‍ നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു സച്ചിന്‍. മുംബൈയ്ക്ക് വേണ്ടി 78 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 2334 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും അടങ്ങിയതാണ് ഈ സ്‌കോര്‍.
നിലവില്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീം മോശം പ്രകടനമാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കാഴ്ചവെച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 7 വിക്കറ്റിനാണ് ടീം പരാജയപ്പെട്ടത്.
2013 നവംബര്‍ 16നാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നൂറ് അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികച്ച ഏക ബാറ്റ്സമാനാണ് സച്ചിന്‍.
Post Your Comments