ജുനൈദ് എന്ന ചെറുപ്പക്കാരന്റെ മരണം വിവാദമായതും തെരുവില്‍ പ്രതിഷേധങ്ങള്‍ നടന്നതും വാര്‍ത്തകള്‍ സൃഷ്ടിച്ചതും ഓര്‍മ്മയുണ്ടല്ലോ. സംഭവം നടന്നത് ഡല്‍ഹിയിലും ഹരിയാനയിലുമൊക്കെയാണെങ്കിലും കേരളത്തില്‍ അത് ചര്‍ച്ചചെയ്യപ്പെട്ടത് ആഴ്ചകളാണ്. ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുടെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ട് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് ഒരുതരത്തിലും വര്‍ഗീയമായ സംഭവമല്ലെന്നും തീവണ്ടിയില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നുവെന്നും ആ വിധിന്യായത്തില്‍ കോടതി വിശദീകരിക്കുന്നു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തെ അസഹിഷ്ണുതയുടെ ചരിത്രമായിട്ട് ചിത്രീകരിക്കപ്പെട്ട ഒരു കള്ളക്കഥയാണ് ഈ ഉത്തരവോടെ പൊളിഞ്ഞുപോകുന്നത് . പ്രതിപക്ഷ കക്ഷികളും വിദേശസഹായം പറ്റിക്കൊണ്ടിരുന്നു ചില എന്‍ജിഒകളും ചേര്‍ന്നൊരുക്കിയ കഥയാണിപ്പോള്‍ തുറന്നുകാട്ടപ്പെട്ടത്. ‘Not in my name’ ക്യാമ്പയില്‍ ഓര്‍ക്കുക; അതൊക്കെ അതിന്റെ ഭാഗമായി രൂപപ്പെട്ടതാണ്.
ഇന്നിപ്പോള്‍ കത്വ സംഭവത്തെ അടിസ്ഥാനമാക്കി എന്തെല്ലാം കുപ്രചാരണമാണ് നടക്കുന്നത്. മുസ്ലിങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് അതെന്ന് വരെ പറയുന്നവരുണ്ട്. ആ ദാരുണ സംഭവത്തെ ന്യായീകരിക്കുകയില്ല. അതില്‍ യഥാര്‍ഥത്തില്‍ ഉള്‍പ്പെട്ടവര്‍ ആരാണെങ്കിലും നിയമത്തിന്റെ മുന്നില്‍ വിചാരണ ചെയ്യപ്പെടണം. ജാതിയോ മാതാവോ വിശ്വാസമോ രാഷ്ട്രീയമോ അതില്‍ പരിഗണവിഷമാവേണ്ടതില്ല. അവര്‍ കടുത്ത ശിക്ഷക്ക് വിധേയമാക്കപ്പെടണം. പക്ഷെ, അനവധിയാള്‍ക്കര്‍ നിത്യവും സന്ദര്‍ശിക്കുന്ന ക്ഷേത്രത്തിലാണ് കൊലനടത്തിയത് എന്നും പ്രചരിപ്പിക്കുന്നതും മരിച്ച കുട്ടിയുടെ മതവും ജാതിയും പേരും പ്രചരിപ്പിക്കുന്നതും മുസ്ലിങ്ങളെ മുഴുവന്‍ നശിപ്പിക്കാനുള്ള പദ്ധതിയാണിത് എന്ന് പറയുമ്പോഴാണ് പ്രശ്‌നം. അത് ഒരു കൊലപാതകത്തെ, ഒരു പെണ്‍കുട്ടിയെ അപമാനിച്ചതിനെ വളച്ചൊടിക്കുകയല്ലേ ?. അത്തരമൊരു ശ്രമമാണ് ജുനൈദിന്റെ പേരില്‍ ഇതേകൂട്ടര്‍ നടത്തിയത്. പ്രതിയോഗികളെ രാഷ്ട്രീയമായി നേരിടാം. അതില്‍ ഒരു നിലപാടും വേണം. പക്ഷെ ഇത്തരത്തില്‍ ഹീനമായ തരം താണ രഷ്ട്രീയം ഏറെക്കാലം നിലനില്‍ക്കില്ല; ജനങ്ങള്‍ മനസിലേറ്റില്ല എന്നതിന് ഉദാഹരണമാണ് പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ വിധി.
ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ഒരു തീവണ്ടിയിലായിരുന്നു സംഭവമുണ്ടായത്. ഈദിന് രണ്ട് നാള്‍ മുന്‍പ് ഒരു ചെറുപ്പക്കാരന്‍ ഡല്‍ഹിയില്‍ നിന്ന് കയറി. അതിനുശേഷം അയാള്‍ കൊല്ലപ്പെടുന്നു. ഇതൊക്കെ നടന്നത് പട്ടാപ്പകല്‍ തീവണ്ടിക്കുള്ളിലാണ്. അനവധി ദൃക്സാക്ഷികളുമുണ്ട്. എന്നാല്‍ ബീഫ് പ്രശ്‌നവുമായി അതിനെ ബന്ധപ്പെടുത്താനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത്. ബീഫുമായി വണ്ടിയില്‍ കയറിയ ആളെ മറ്റുള്ളവര്‍ ചേര്‍ന്ന് കൊന്നു എന്ന് അവര്‍ തിരക്കഥയൊരുക്കി. അത് നാടുനീളെ പ്രചരിപ്പിച്ചു. ഡല്‍ഹിയിലും മറ്റും മാത്രമല്ല കേരളത്തില്‍ വരെ അസഹിഷ്ണുതയുടെ പ്രശ്‌നം ചര്‍ച്ചചെയ്യപ്പെട്ടു. ചില ടിവി ചാനലുകള്‍ കുറെയേറെ തിരക്കഥകളൊരുക്കി……… കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹരിയാനയിലെത്തി ജുനൈദിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചതും ഇതോടൊപ്പം പറയാതെവയ്യല്ലൊ. 2017 ജൂലൈ അവസാനവാരത്തില്‍ ആയിരുന്നു ആ ‘തീര്‍ത്ഥാടനം’. കുടുംബത്തിന് എല്ലാ സംരക്ഷണവും സഹായവും വാഗ്ദാനം ചെയ്താണ് അദ്ദേഹം അന്ന് മടങ്ങിയത്.
കേസിന്റെ വിചാരണ തുടങ്ങുന്നതേയുള്ളൂ. അതിനിടയിലാണ് കേസിലെ ഒരു പ്രതിയായ രാമേശ്വര്‍ ദാസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ബീഫ് സംബന്ധിച്ച ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നും ആദ്യമേ ചില തര്‍ക്കങ്ങള്‍ ഉണ്ടായി;സീറ്റ് പങ്കിടുന്നതിനെക്കുറിച്ചായിരുന്നു അതെന്നും പിന്നീട് സംഘര്‍ഷത്തിലേക്ക് കടക്കുകയാണ് ഉണ്ടായത് എന്നും ഹൈക്കോടതി പറയുന്നു. ചീത്ത പറഞ്ഞതല്ലാതെ മര്‍ദ്ദിക്കാനും മറ്റും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതായി തെളിയിക്കപ്പെടുന്നില്ല എന്നാണ് ഉത്തരവിലുള്ളത്. ബീഫ് കൈവശം വെച്ചത് കൊണ്ട് അയാളെ മറ്റുള്ളവര്‍ ചേര്‍ന്ന് വധിക്കുകയായിരുന്നു എന്ന കള്ളക്കഥ പ്രചരിപ്പിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതാണ് ഹൈക്കോടതിയുടെ വാക്കുകള്‍:
അതായത് നേരത്തെ പറഞ്ഞത് പോലെ സീറ്റ് സംബന്ധിച്ച തര്‍ക്കമായിരുന്നു; മുന്‍കൂട്ടി എന്തെങ്കിലും പദ്ധതിയിട്ടതായി ഒരു തെളിവുമില്ല; മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ എന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നില്ല. ഈ വിധിന്യായത്തിലോ എഫ്‌ഐആറിലോ ബീഫ് എന്ന പരാമര്‍ശമില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്.
ഒരു ടിവി ചാനലില്‍ നടന്ന ആലോചനയിലും ഗൂഢപദ്ധതിയിലുമാണ് ഒരു തീവണ്ടിയില്‍ നടന്ന ഒരു സാധാരണ സംഘര്‍ഷവും അതിനെത്തുടര്‍ന്നുണ്ടായ മരണവും ബീഫിലേക്കും അസഹിഷ്ണുതയിലേക്കും എത്തിപ്പെട്ടത്. അതെ ചാനലിലെ ഒരു സുഹൃത്താണ് അന്ന് ആ ഗൂഢപദ്ധതിയുടെ കഥ പുറത്തെത്തിച്ചത്. അത് അന്നേ ചില മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. അതാണിപ്പോള്‍ തെളിയുന്നത്. ന്യൂസ് ഡെസ്‌കില്‍ എത്തിയ വാര്‍ത്ത ‘ബീഫ് കൈവശംവെച്ചയാളെ കൊന്നു’ എന്ന് തിരുത്താന്‍ ആവശ്യപ്പെട്ട മാധ്യമ പുംഗവന്മാര്‍ക്ക് ഈ വിധിന്യായം സമര്‍പ്പിക്കണം.
Post Your Comments