ശ്രീനഗര്‍: തന്റെ നേർക്ക് എത്ര ഭീഷണി സ്വരങ്ങൾ ഉയർന്നാലും ആസിഫയ്ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് അഭിഭാഷക ദീപിക എസ്. രജാവത്ത്. ഇത് തന്റെ മകൾക്ക് കൂടി വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിലെ ഓരോ പെൺകുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. കത്വവ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്നത് തടയാന്‍ അഭിഭാഷകയ്‌ക്കെതിരെ ജമ്മു കശ്മീര്‍ ബാര്‍ കൗണ്‍സില്‍ തന്നെ രംഗത്ത് വന്നിരുന്നു. ആരൊക്കെ എതിർത്താലും എന്തൊക്കെ നേരിടേണ്ടി വന്നാലും താൻ മുന്നോട്ട് പോകുമെന്നും അഭിഭാഷക ദീപിക പറഞ്ഞു.
തന്റെ മകൾക്ക് അഞ്ച് വയസാണ് പ്രായം. അവള്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ പോരാടുന്നത്. ആസിഫയുടെ നിഷ്‌കളങ്കമായ മുഖത്ത് ഞാൻ കണ്ടത് എന്റെ സ്വന്തം മകളെയാണ്. കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി ദീപിക പറഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും ദീപിക പറഞ്ഞു. പ്രതികളെ രക്ഷിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ദീപിക ചോദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലീസുകാരെ അഭിഭാഷകര്‍ തടഞ്ഞിരുന്നു. തനിക്കെതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന് അറിയിച്ച് കശ്മീര്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. ഇത് കരുത്ത് പകരുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
Post Your Comments