ദുബായ്: വിഷുവിന് കണിയൊരുക്കാന്‍ അറബിനാട്ടില്‍ ചെന്നെത്തിയത് ടണ്‍ കണക്കിന് കൊന്നപ്പൂക്കള്‍. കേരളത്തിന്‌റെ ഔദ്യോഗിക പുഷ്പം വാങ്ങുവാന്‍ നൂറുകണക്കിന് മലയാളികളാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇടിച്ചു കയറിയത്. ലോകത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുഎഇയിലേക്ക് കൊന്നപ്പൂക്കള്‍ ഇറക്കുമതി ചെയ്തിരുന്നു. മലയാളിയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ വിഷുവിന് കേരളത്തനിമ ഒട്ടും ചോരാതെ തന്നെ കണിയൊരുക്കുവാനും പ്രവാസി മലയാളികള്‍ക്ക് കഴിഞ്ഞു. പൂക്കള്‍ വില്‍ക്കുന്ന കടകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിഷുത്തലേന്ന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
മലയാളികള്‍ക്ക് പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരും കൊന്നപ്പൂവിനെ തേടിയെത്തിയെന്ന് വ്യാപാരികള്‍ പറയുന്നു. ഏകദേശം അഞ്ചു ടണ്‍ കൊന്നപ്പൂവാണ് തങ്ങള്‍ വില്‍പനയ്ക്കായി വാങ്ങിയതെന്ന് ലുലുഗ്രൂപ്പ് അധികൃതര്‍ പറയുന്നു. 15 കിലോ കൊന്നപ്പൂക്കള്‍ വരെയടങ്ങുന്ന ബോക്‌സുകള്‍ വില്‍പനയ്ക്കുണ്ടായിരുന്നുവെന്നും വ്യാപാരികള്‍ പറഞ്ഞു. നൂറുഗ്രാം അടങ്ങുന്ന പായ്ക്കറ്റുകള്‍ക്ക് 5 ദിര്‍ഹമായിരുന്നു വില. ഇതിനു പുറമേ പഴങ്ങളുള്‍പ്പടെയുള്ള ഫലങ്ങളും കൊന്നപൂക്കളുമടങ്ങിയ വിഷുകണി കിറ്റുകളും വില്‍പനയ്ക്കുണ്ടായിരുന്നു.
‘കൊന്നയില്ലാതെ വിഷുകണിയെന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ‘ പ്രവാസി മലയാളിയായ വീട്ടമ്മ പറയുന്നു. വിഷുകണിയ്ക്കു പുറമേ വിഷു സദ്യയും കേരള ഹോട്ടലുകളില്‍ സജീവമായിരുന്നു. വിഷു സദ്യയുടെ കിറ്റിനും വന്‍ കച്ചവടമായിരുന്നു യുഎഇയില്‍ നടന്നത്.
Post Your Comments