Latest NewsLife StyleHealth & Fitness

കറ്റാര്‍വാഴ വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍

മുറ്റത്തൊരു കറ്റാര്‍വാഴ വളര്‍ത്തിയെടുക്കാന്‍ നമ്മുടെ കാലാവസ്ഥയില്‍ വളരെ എളുപ്പമാണ്. അലോവേര വെച്ചുപിടിപ്പിച്ചാല്‍ നിരവധി ഉപയോഗങ്ങളാണ് ഈ ഔഷധച്ചെടികൊണ്ടുളളത്. എഴുപത്തിയഞ്ചോളം പോഷക ഘടകങ്ങളും പതിനെട്ട് അമിനോ ആസിഡുകളും പന്ത്രണ്ട് ഇനം വൈറ്റമിനുകളും ഈ കുഞ്ഞന്‍ ചെടിയിലുണ്ട്.

മുറിവുകള്‍ക്കും പൊള്ളലിനും– അലോവേരയും മഞ്ഞളും ചേര്‍ത്തിട്ടാല്‍ മുറിവുണങ്ങും. പ്രാണികള്‍ കടിച്ചതുകൊണ്ടുണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതകളും മാറുന്നു. സൂര്യപ്രകാശം കൊണ്ടുണ്ടാകുന്ന കരുവാളിപ്പ് മാറാനും ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കറ്റാര്‍വാഴയുടെ നീര്.

മുടിക്ക് ആരോഗ്യം– എത്ര മോശം അവസ്ഥയിലുളള മുടിയും കറ്റാര്‍വാഴ നീരുപുരട്ടുന്നതിലൂടെ മെച്ചപ്പെടും. ഗുണമേറിയ ഒരു ഹെയറോയില്‍ കുറഞ്ഞ ചിലവില്‍ തയ്യാറാക്കാന്‍ അലോവേര സഹായകമാണ്. ഒരേ അളവില്‍ കറ്റാര്‍വാഴജ്യൂസും വെളിച്ചെണ്ണയും എടുത്ത് ഇരുമ്പുചീനച്ചട്ടിയില്‍ എണ്ണകാച്ചണം. ചെറുചൂടില്‍ കറ്റാര്‍ വാഴജെല്‍ എണ്ണയിലേക്ക് നന്നായി ചേര്‍ന്നുകഴിഞ്ഞാല്‍ വെള്ളം വറ്റുന്ന പരുവത്തില്‍ വാങ്ങണം. ഇനി ഈ എണ്ണ അരിച്ചെടുക്കണം. മുടികൊഴിച്ചില്‍, താരന്‍, എന്നിവമാറ്റി മുടിക്കുതിളക്കം നല്‍കാന്‍ ഈ എണ്ണ വളരെ ഫലപ്രദമാണ്.

aloe vera health

ത്വക്കിനു സംരക്ഷണം– നല്ലൊരു മോയിസ്ചറൈസാറായതിനാല്‍ അലോവേരയ്ക്ക് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കാണുളളത്. വെറ്റനിന്‍-എ, വൈറ്റമിന്‍-ഇ, ആന്റി ഓക്‌സിഡന്‍ഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ കറ്റാര്‍വാഴ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. സ്‌കിന്‍ വരളുന്നത് തടുക്കുന്നു, ത്വക്കിലെ ചുളിവുകള്‍ മാറ്റുന്നു, ചര്‍മ്മത്തിലെ പാടുകള്‍മാറ്റി സ്‌കിന്നിന് തിളക്കം നല്കുന്നു. ഷേവുചെയ്തിട്ട് മുറ്റത്തുനിന്ന് കറ്റാര്‍വാഴയുടെ ചെറുതണ്ട് എടുത്ത് അതിന്റെ ജെല്‍ മുഖത്തു പുരട്ടി നോക്കൂ, മുഖം നല്ല മൃദുലമാകുന്നത് മനസിലാക്കാം.

കറ്റാര്‍വാഴയുടെ ജെല്ലില്‍ അടങ്ങിയിരിക്കുന്ന കൊളാജന്‍ ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നു. സ്‌കിന്‍ അയഞ്ഞു തൂങ്ങുന്നത് തടയാന്‍ ജെല്ലെടുത്ത് ഫേസ്പാക്ക് ഇട്ടാല്‍ മതിയാവും. ബ്യൂട്ടിപാര്‍ലറില്‍ കൊളാജന്‍ ട്രീറ്റുമെന്റിനു നല്കുന്ന കനത്ത തുക ലാഭിക്കുകയും ചെയ്യാം. ദിവസവും രണ്ട് ടേബിള്‍ സ്പൂണ്‍ അലോവേര മുഖത്തിട്ടാല്‍ ഫലം വേഗത്തില്‍ അറിയാനാവും. മുഖക്കുരുവിന്റെ പ്രശ്‌നമുളളവര്‍ക്ക് ഇത് വളരെ ഫലപ്രദമാണ്. മുഖചര്‍മ്മത്തെ സംരക്ഷിച്ച് ചെറുപ്പം നിലനിര്‍ത്താന്‍ സഹായകമാണ് അലോവേരയിലെ ആന്റി-ഓക്‌സിഡന്റുകള്‍.

വയറുവേദന, കരള്‍-വൃക്കരോഗങ്ങള്‍, ആര്‍ത്തവകാലത്തെ വേദന- കറ്റാര്‍വാഴയുടെ ഇലയുടെ പുറംഭാഗം ജ്യൂസാക്കി 5-10 മില്ലി വീതം കുടിക്കുന്നത് കരള്‍, പ്ലീഹ രോഗങ്ങള്‍ മാറാന്‍ നല്ലതാണ്. ആര്‍ത്തവ രക്തം സുഗമമായി ഒഴുകാന്‍ ഈ ജ്യൂസ് സഹായകമാണ്. ഇതോടെ വയറുവേദന മാറുന്നു.

രോഗപ്രതിരോധശേഷി കൂട്ടുന്നു– വൈറ്റമിന്‍-സി ധാരാളം ഉണ്ട് അലോവേരയില്‍. കൂടാതെ ധാരാളം ആന്റി ഓകിസ്ഡന്റുകളും. അതിനാല്‍തന്നെ ശരീരത്തിലെ ഫ്രീ-റാഡിക്കലുകളെ നിയന്ത്രിക്കുന്നു. ഇവയാണ് ക്യാന്‍സറിനുളള ഒരു പ്രധാനകാരണം. ഈ ഫ്രീ-റാഡിക്കിലുകള്‍ സ്‌കിന്നിനെയും നശിപ്പിക്കും. ഫലത്തില്‍ കൊളാജന്‍ നശിക്കപ്പെടുകയും ചുളിവും വരള്‍ച്ചയുമുളള ചര്‍മ്മം ഉണ്ടാകുന്നു. കറ്റാര്‍വാഴ ഈ അവസ്ഥയെ മാറ്റുന്നു.

ബ്ലഡ്ഷുഗര്‍കുറക്കുന്നു- മൂന്നു മാസം തുടര്‍ച്ചയായി കറ്റാര്‍വാഴജ്യൂസ് കുടിച്ചാല്‍ പ്രമേഹം കുറയും. മാത്രമല്ല ചീത്തകൊളസ്‌ട്രോളിനെ കുറക്കുന്ന അലോവേരജ്യൂസിന് നല്ല കൊളസ്‌ട്രോളിനെ കൂട്ടാനും കഴിവുണ്ട്.

ദഹനപ്രശ്‌നങ്ങളെ പരിഹരിക്കുന്നു– രാവിലെ, വെറുംവയറ്റില്‍ രണ്ട് ടേബിള്‍സ്പൂണ്‍ നീരുകുടിച്ചാല്‍ ദഹനപ്രശ്‌നങ്ങളെ നിയന്ത്രിക്കാം. ആന്റി -ഇന്‍ഫ്‌ളമേറ്ററി ഫാറ്റി ആസിഡ് അടങ്ങിയതിനാല്‍ ഇത് വയറ്റിലെ അസിഡിറ്റിയെ കുറച്ച് ആല്‍ക്കലൈന്‍ ഗുണം കൂട്ടുന്നു. ഇതോടെ അസഡിക്ക് പ്രശ്‌നങ്ങള്‍ മാറുന്നു.

ആര്‍ത്രൈറ്റിസിനെ കുറക്കുന്നു– വീക്കം കുറക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ അലോവേര വേദനകുറക്കാന്‍ സഹായിക്കുന്നു. ജെല്‍ വേദനയുളള ഭാഗത്ത് പുരട്ടുന്നത് ആശ്വാസം നല്കും. നീര് കുടിക്കുന്നതും വേഗം ഫലം കിട്ടാന്‍ സഹായകമാണ്.


ശരീരത്തിലെ വിഷാംശങ്ങളെ പുറന്തളളുന്നു– വായുവിലൂടെയും ഭക്ഷത്തിലൂടെയും മറ്റും ശരീരത്തില്‍ പ്രവേശിക്കുന്ന മാലിന്യങ്ങളെ പുറന്തളളാന്‍ അലോവേര ജ്യൂസ് സഹായിക്കുന്നു. ചെടിയില്‍ ധാരാളമായി ഉളള ധാതുക്കളും പോഷകഘടകങ്ങളും അമിനോ ആസിഡുകളും വൈറ്റമിനുകളും മെറ്റബോളിക്ക് മാലിന്യങ്ങളെ പുറന്തളളാന്‍ സഹായകമാകുന്നു..

ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടുന്ന ഈ അത്ഭുതസസ്യം പക്ഷേ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button