യു.എന്‍: സിറിയയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്ര സഭയിലും റഷ്യക്ക് തിരിച്ചടി. ഡമസ്കസിലുള്ള രാസായുധ ശേഖരം തകര്‍ത്തെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി സഭയെ അറിയിച്ചു. എന്നാല്‍, രാസായുധ നിര്‍വീകരണ സംഘടനയുടെ പരിശോധനയില്‍ രാസായുധ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സിയ വ്യക്തമാക്കി.
വിമതര്‍ക്കും ജനങ്ങള്‍ക്കുമെതിരെ ആക്രമണം ശക്തമാക്കിയ ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് സിറിയയില്‍ വ്യോമാക്രമണം നടത്തിയത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു യു.എസിന്‍റെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ ആക്രമണം. തലസ്ഥാനമായ ഡമസ്കസിലെ ഒന്നും ഹിംസിലെ രണ്ടും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. സിറിയന്‍ വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം തള്ളി.
സിറിയെ ആക്രമിച്ച യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ നുണയന്മാരും കൊള്ളക്കാരും ആത്മവഞ്ചകരും ആണെന്ന് സിറിയന്‍ പ്രതിനിധി ബഷര്‍ ജാഫരി പ്രതികരിച്ചു. സിറിയയുടെ സുഹൃദ് രാജ്യമായ റഷ്യയുടെ മുന്നറിയിപ്പ് തള്ളിയാണ് സഖ്യകക്ഷികളുടെ ആക്രമണം. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് റഷ്യ രംഗത്തെത്തി. സംഘര്‍ഷം തുടങ്ങിയതുമുതല്‍ ബശ്ശാര്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന റഷ്യ സിറിയക്കെതിരായ ഏത് ആക്രമണത്തെയും ചെറുക്കുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments