തിരുവനന്തപുരം : സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികള്‍ക്ക് വേണ്ടിയുള്ള ലാപ്‌ടോപ് കംപ്യൂട്ടറുകളില്‍ ഒളിഞ്ഞിരുന്നത് ക്രിപ്‌റ്റോ കറന്‌സി ഉല്‍പാദിക്കുവാനുള്ള നിരവധി മൈനിങ് പ്രോഗ്രാമുകള്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന്‍ ലഭിച്ച പരാതി പ്രകാരം തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സൈബര്‍ഡോമും അന്വേഷണം തുടങ്ങി. തൊഴില്‍ വകുപ്പ് വഴി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന(ആര്‍എസ്ബിവൈ)യുടെ ഭാഗമായിട്ടാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കംപ്യൂട്ടറുകള്‍ വാങ്ങിയത്. ഡിജിറ്റല്‍ പണമായ ബിറ്റ്‌കോയിനു സമാനമായ തരത്തിലുള്ള മൊനേറോ എന്ന ക്രിപ്‌റ്റോ കറന്‍സി നിര്‍മ്മിക്കാനുള്ള പ്രോഗ്രാമുകളാണ് ലാപ്‌ടോപുകളില്‍ ഒളിപ്പിച്ചിരുന്നത്. ആഗോളതലത്തിലുള്ള ഭൂരിഭാഗം കംപ്യുട്ടറുകളുടെയും ശേഷി ഉപയോഗിച്ചാണ് ക്രിപ്‌റ്റോ കറന്‍സി ഖനനം(മൈനിങ്) നടത്തുന്നത്. കംപ്യൂട്ടിങ് പവര്‍ ശേഷി അധികമായി ഉപയോഗിച്ചാല്‍ അധികം ക്രിപ്‌റ്റോ കറന്‍സികള്‍ ഉദ്പാദിപ്പിക്കാന്‍ കഴിയും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കംപ്യൂട്ടറുകള്‍ വഴി മറ്റാരോ ക്രിപ്‌റ്റോ കറന്‍സികള്‍ നിര്‍മ്മികുന്നുണ്ടെന്നാണ് സൂചന.
ഇസ്രയേല്‍ കമ്പനിയായ വണ്‍ക്ലിക്ക് മൈനിന്‍ വികസിപ്പിച്ചെടുത്ത പ്രോഗ്രാമുകളാണ് ഗൂഗിള്‍ ക്രോം വെബ് ബ്രൗസറില്‍ എക്സ്റ്റങ്ഷന്‍ മാര്‍ഗം ഒളിപ്പിച്ചു വച്ചിരുന്നത്. ഇത് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. മൈനിങ് മാര്‍ഗം ലഭിക്കുന്ന കറന്‍സി കോയിന്‍ഹോവ് എന്ന കമ്പനിയിലേക്ക് മാറുകയും ഇതേ കമ്പനി മാര്‍ഗം പ്രോഗ്രാം ഒളിപ്പിച്ച വ്യക്തിയ്ക്ക് ലഭിക്കുകയും ചെയ്യും. ഒരു മൊനേറോയ്ക്ക് ഏകദേശം 11,000 രൂപ വിലവരും. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന ആവാസ് പദ്ധതിയ്ക്കും കേരഴത്തിലെ ആധാര്‍ പദ്ധതി നടപ്പിലാക്കിയ ആദ്യ ഘട്ടത്തിലും കംപ്യുട്ടറുകള്‍ ഇതേ കമ്പനിയില്‍ നിന്നുതന്നെയാണ് വാങ്ങിയത്. ആര്‍എസ്ബിവൈ പദ്ധതിയുടെ എന്റോള്‍മെന്‌റ് അസിസ്റ്റന്‌റായ തിരുവനന്തപുരം സ്വദേശിയാണ് സംഭവത്തില്‍ ആദ്യം പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഏകദേശം മുപ്പതിലധികം കംപ്യൂട്ടറുകളില്‍ പ്രോഗ്രാമുകള്‍ ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തിയെങ്കിലും ഇക്കാര്യത്തില്‍ കമ്പനിക്ക് അറിവുണ്ടോയെന്നും ജീവനക്കാരില്‍ ആരെങ്കിലും ചേര്‍ത്തതാണോ എന്നും വ്യക്തമല്ല.
Read Also: ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോ കറന്‍സികളും വാങ്ങിയവര്‍ കുടുങ്ങിയേക്കും
ക്രിപ്‌റ്റോ കറന്‍സി പ്രോഗ്രാമുകള്‍ കണ്ടെത്തിയ മിക്ക ലാപ്‌ടോപ്പുകളും വേഗത്തില്‍ തന്നെ ഉയര്‍ന്ന അളവില്‍ ചൂടാകുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ബ്രൗസറില്‍ ചേര്‍ത്തിരിക്കുന്ന ഈ എസ്‌ക്റ്റങ്ഷന്‍ പ്രവര്‍ത്തന രഹിതമാക്കിയാല്‍ സിപിയു ഉപയോഗം 40 ശതമാനത്തില്‍ നിന്ന് നാലായി കുറയും. അതായത് ക്രിപ്‌റ്റോ കറന്‍സി മൈനര്‍ പ്രവര്‍ത്തിക്കുന്ന കംപ്യുട്ടറിന്‌റെ പ്രോസസിങിന്‌റെ 90 ശതമാനം ഊര്‍ജവും മൈനിങ് പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്.
യുപിഎസ്‌സി വെബ്‌സൈറ്റുകളില്‍ കഴിഞ്ഞ മാസമാണ് ക്രിപ്‌റ്റോ കറന്‍സി പ്രോഗ്രാമുകള്‍ ശ്രദ്ധയില്‍പെട്ടത്. വന്‍ തുക ചെലവിട്ട് കൂടുതല്‍ ഊര്‍ജ്ജമുള്ള കംപ്യുട്ടറുകളില്‍ മൈനിങ് നടത്തുമ്‌പോള്‍ പണം ഒട്ടും തന്നെ ചെലവിടാതെ മറ്റുള്ളവരുടെ കംപ്യൂട്ടറില്‍ നിന്ന് അവരറിയാതെ കംപ്യുട്ടര്‍ പ്രവര്‍ത്തന ശേഷി മോഷ്ടിക്കുന്ന രീതിയാണ് സംസ്ഥാനത്ത് നടന്നത്.
Post Your Comments