Latest NewsNewsPrathikarana Vedhi

കർണാടകത്തിൽ കോൺഗ്രസിന് പ്രതിസന്ധി: സ്ഥാനാർഥി നിർണ്ണയം അസാധ്യമാവുന്നു; ഇസ്ലാമിക ജാതീയ ഗ്രൂപ്പുകൾ വിലപേശുന്നു

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു

കർണാടകത്തിൽ വിജയം ലക്ഷ്യമിട്ടുകൊണ്ട് രംഗത്തുവന്ന കോൺഗ്രസിന് സ്ഥാനാർഥി നിർണ്ണയം എവിടെയെങ്കിലുമെത്തിക്കാൻ കഴിയുന്നില്ല. സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിട്ട് ദിവസങ്ങൾ കുറേയായെങ്കിലും ഒന്നും എവിടെയുമെത്തുന്നില്ല. സംസ്ഥാനത്ത് തിരക്കിട്ട പ്രചാരണം നടത്തേണ്ട സമയത്ത് കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ ചർച്ചകളിൽ മുഴുകുകയാണ്. ഒരുതരത്തിലും സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നു. സംസ്ഥാനത്തെ ജാതീയ- മത തീവ്രവാദ ഗ്രൂപ്പുകൾ വിലപേശുന്നു എന്നതാണ് കോൺഗ്രസ് നേരിടുന്ന പുതിയ പ്രതിസന്ധി. ഏതാനും വോട്ട് ലക്ഷ്യമിട്ട് വഴിവിട്ട് പ്രീണിപ്പിക്കാൻ തയ്യാറായതിന്റെ പരിണിത ഫലമാണ് ഇന്ന് പാർട്ടി അനുഭവിക്കുന്നത് എന്നും അവർ സ്വയം കുറ്റപ്പെടുത്തുന്നുണ്ട്. പ്രത്യേക മത പദവി നൽകിയ ലിംഗായത്തുമാർ, വീരശൈവർ അതിലുപരി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ …….. ഇവരെയൊക്കെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും കൂട്ടരും. എന്നാൽ എങ്ങുമെത്തുന്നില്ല ഒന്നും എന്നതാണ് യാഥാർഥ്യം.

ലിംഗായത്ത് വിഭാഗത്തിൽ പെട്ട സന്യാസിമാർ ആണ് ആദ്യം കണ്ടിഷൻ വെച്ചത്. തങ്ങൾ പറയുന്ന അൻപത് പേർക്ക് കോൺഗ്രസ് സീറ്റുകൾ നൽകണം എന്നതാണത്. അത് സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ വീരശൈവർ അന്പത് സീറ്റ് ചോദിച്ചുകൊണ്ട് രംഗത്തെത്തി. അതിൽ ഏറെ രസകരം, അതെ സമുദായങ്ങളിൽ പെട്ട കോൺഗ്രസുകാർക്ക് സീറ്റുകൾ കൊടുത്താൽ പോരാ, ആ മത നേതാക്കൾ നിർദ്ദേശിക്കുന്നവർക്ക് നൽകണം. അതാണ് കോൺഗ്രസിനെ കുഴക്കുന്നത്. അത് എളുപ്പമല്ല. മാത്രമല്ല അങ്ങിനെചെയ്താൽ ഇത്രയും കാലം കോൺഗ്രസിനൊപ്പം നിന്നവർ എതിരാവും. വീരശൈവ സമുദായം എന്നും കോൺഗ്രസിനെ പിന്തുണച്ചവരാണ്. അതുകൊണ്ട് ലിംഗായത് വിഭാഗത്തെ പ്രീണിപ്പിക്കാൻ എന്തെങ്കിലും ചെയ്താൽ അത് തങ്ങളെ അവഗണിക്കലായി കണക്കാക്കും എന്നാണവർ പറയുന്നത്. മാത്രമല്ല വീരശൈവ വിഭാഗത്തിൽ ഇപ്പോൾ തന്നെ ഒരു ബിജെപി അനുകൂല വികാരം ഉടലെടുത്തിട്ടുണ്ട് എന്നും കോൺഗ്രസ് തിരിച്ചറിയുന്നു. ലിംഗായത്തുമാർക്ക് പ്രത്യേക പദവി നൽകിയത് വീരശൈവരെ വിഷമിപ്പിച്ചിട്ടുമുണ്ട്.

ലിംഗായതുമാരും വീരശൈവരും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നത് പുറമെനിന്ന് നോക്കുന്നവർക്ക് മനസിലാവണമെന്നില്ല. രണ്ടുപേരും ഒരേ പരമ്പരയിൽ പെട്ടവരാണ് എന്നാണ് പറയാറുള്ളത്. എന്നാൽ ലിംഗായത്തുമാർ വീരശൈവരെ ഒന്നായി കാണുന്നില്ല, മറിച്ചും. വീരശൈവർ ശിവനെ മാത്രം ആരാധിക്കുന്നവരാണ്. അവർക്ക് അഞ്ച്‌ മഠങ്ങൾ ആണുള്ളത്….. പഞ്ച പീഠങ്ങൾ. കാശി, രാമേശ്വരം, ഉജ്ജയിനി, രംഭപുര , ശ്രീശൈല എന്നിവയാണവ. കർണാടകത്തിന് പുറമെ കേരളം, ആന്ധ്ര എന്നിവിടങ്ങളിലും ഇവർക്ക് കുറെയൊക്കെ സ്വാധീനമുണ്ട്. എന്നാൽ ലിംഗായത് വിഭാഗക്കാർ പ്രത്യേക മതമാണ് എന്ന് കരുതുന്നു. ആ ചിന്താഗതി വീരശൈവർക്കില്ല. അതുകൊണ്ടാണ് ലിംഗായത്തുമാരെ പ്രത്യേക നിലക്ക് പരിഗണിച്ചപ്പോൾ അതിനേക്കാൾ പ്രാധാന്യം രാഷ്ട്രീയമായി തങ്ങൾക്ക് വേണമെന്ന് വീരശൈവർ നിലപാടെടുത്തത്. ലിംഗയാത്ത്‌ വിഭാഗം ബിജെപിയോട് ചേർന്ന് നിന്നപ്പോൾ വീരശൈവരിലെ വലിയൊരു ഭാഗം കോൺഗ്രസിനോട് അടുത്തുനിൽക്കുകയായിരുന്നു. ഇന്നിപ്പോൾ പഴയ വിശ്വാസത്തിന്റെയും പിന്തുണയുടെയും പേരിൽ വിലപേശാൻ അവർ മടിക്കുന്നില്ല. അതേസമയം പുതിയ സുഹൃത്തുക്കൾ, ലിംഗായത്തുമാർ, തങ്ങളുടെ ജനസ്വാധീനത്തിനും വോട്ട് ഷെയറിന്റെയും അടിസ്ഥാനത്തിൽ സീറ്റുകൾ ആവശ്യപ്പെടുന്നു എന്നതാണ് കോൺഗ്രസിന്റെ പ്രശ്നം.

അതിനുപുറമെയാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്ന നീക്കങ്ങൾ. കർണാടകയിൽ മുസ്ലിം വോട്ടിൽ എസ്‌ഡിപിഐക്ക് , പോപ്പുലർ ഫ്രണ്ടിന്, വലിയ പിന്തുണയുണ്ട് എന്നും അവരുടെ സ്ഥാനാർഥികൾ നിന്നാൽ കോൺഗ്രസിന് ദോഷമാവും എന്നും കോൺഗ്രസ് വിലയിരുത്തിയിരുന്നു. അത് മനസിലാക്കിയാണ് അവർ വിലപേശുന്നത്. കഴിഞ്ഞകാലത്ത് ഇസ്ലാമിക ഫ്രിഞ്ച് ഗ്രൂപ്പുകളെ താലോലിക്കാൻ തയ്യാറായത് സിദ്ധരാമയ്യ സർക്കാരാണ്. അനവധി ഹിന്ദു സംഘടനാ പ്രവർത്തകർ അവിടെ കൊല്ലപ്പെട്ടതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടും അതുപോലുള്ള തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളുമായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നതുമാണ് . അന്നൊക്കെ കോൺഗ്രസ് സർക്കാർ അത്തരം ഇസ്ലാമിക ഗ്രൂപ്പുകളെ പിന്തുണച്ചു, വഴിവിട്ട് സംരക്ഷിച്ചു. അധികാരത്തിന്റെ തണലിൽ വളർന്ന അവരിപ്പോൾ അൻപത് സീറ്റുകളുടെ അവകാശവാദമാണ് നടത്തിയത്. അത് അവസാനം ഇരുപതിലേക്ക് ചുരുങ്ങി എന്നാണ് കേൾക്കുന്നത്. തങ്ങൾ ആവശ്യപ്പെടുന്നത്ര സീറ്റ് മാത്രം പോരാ, തങ്ങൾ പറയുന്ന സീറ്റുകൾ കൂടി നൽകണം എന്നതാണ് ഇസ്ലാമിക ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ ആവശ്യം എന്നതും പ്രധാനമാണ്. എന്നാൽ ഒരു സീറ്റ് പോലും അവർക്ക് കൊടുക്കാൻ കോൺഗ്രസിന് കഴിയില്ല. പോപ്പുലർ ഫ്രണ്ടുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി എന്ന് പുറത്തറിഞ്ഞാൽ അത് ഹിന്ദു വോട്ടിനെ കാര്യമായി ബാധിക്കുമെന്ന് തീർച്ച. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളകളിലും പോപ്പുലർ ഫ്രണ്ട് ഇത്തരം വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് അവരെ “നിലക്ക് നിർത്തുക”യാണ് അന്നൊക്കെ കോൺഗ്രസ് ചെയ്തത്. ഇന്നിപ്പോൾ അതവർക്ക് കഴിയുന്നില്ല. സീറ്റുകൾ കോൺഗ്രസ് അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ചുരുങ്ങിയത് 125 മണ്ഡലങ്ങളിൽ എങ്കിലും സ്ഥാനാർഥികളെ നിർത്തുമെന്ന് പോപ്പുലർ ഫ്രണ്ടുകാർ ഭീഷണി ഉയർത്തിയിട്ടുണ്ട്. അങ്ങനെവന്നാൽ മുസ്ലിം വോട്ടുകൾ കോൺഗ്രസിന് ഗണ്യമായി നഷ്ടമാവും എന്നതാണ് വിലയിരുത്തൽ.

അതേസമയം തന്നെയാണ് മറ്റൊരു ഇസ്ലാമിക് പക്ഷ രാഷ്ട്രീയകക്ഷി കർണാടകത്തിൽ സജീവമായത്. ഹൈദരാബാദിലെ ഒരു പ്രമുഖ ബിസിനസ്‌കാരിയായ ഡോ. നൗഹീരാ ഷെയ്ഖ് ആണ് അതിന്റെ അധ്യക്ഷ. ആരും ഏറെ ശ്രദ്ധിക്കാതെയുള്ള വളർച്ചയായിരുന്നു ഈ 45 കാരിയുടേതും എംഇപിയുടേതും. ഓൾ ഇന്ത്യ മഹിളാ എംപവർമെൻറ് പാർട്ടി ( എംഇപി) എന്നാണ് അതിന്റെ പേരു് . ആ പേരിൽ മുസ്ലിമില്ല; എന്നാൽ അതിന്റെ പ്രവർത്തനം മുസ്‌ലിം കേന്ദ്രീകൃത മേഖലകളിലാണ് . സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. അതൊരു കടലാസ് പുലിയാണ് എന്നൊക്കെയാണ് കോൺഗ്രസുകാർ പറഞ്ഞിരുന്നത്. ഏതാനും മാസം മുൻപ് കർണാടകത്തിലെ പ്രമുഖ പത്രങ്ങളിൽ എല്ലാം ഒന്നാം പേജ് പരസ്യവുമായി രംഗത്തുവന്ന അവർക്കിപ്പോൾ ഗ്രാമീണ മേഖലയിൽ മാത്രമല്ല നഗരങ്ങളിലും മുസ്ലിം വിഭാഗക്കാർക്കിടയിൽ വലിയതോതിൽ പിന്തുണ ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊരു പുതിയ പ്രതിഭാസമാണ് എന്ന് വിലയിരുത്തപ്പെടുന്നു. ‘മൂത്തലാഖ് ‘ വിഷയത്തിൽ നരേന്ദ്ര മോഡി സർക്കാർ സ്വീകരിച്ച നിലപാടുകളെയും സുപ്രീംകോടതി വിധിയേയുമൊക്കെ പിന്തുണക്കുന്ന അവർക്ക് മുസ്ലിം ചെറുപ്പക്കാരെ, യുവതികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. തലയിൽ തട്ടമിട്ടുകൊണ്ട് ഡോ. നൗഹീരാ ഷെയ്ഖ് പൊതുവേദിയിൽ വരുമ്പോൾ ചലനങ്ങൾ ഉണ്ടാവുന്നു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തങ്ങളുടേത് ഒരു സ്വതന്ത്ര വീക്ഷണമുള്ള മതേതര കക്ഷിയാണ് എന്നും അവർ അവകാശപ്പെടുന്നു. അതെന്തായാലും അവർ എത്ര വോട്ട് കരസ്ഥമാക്കിയാലും അത് ബാധിക്കുക കോൺഗ്രസിനെയാവും എന്നതിൽ സംശയമില്ല. പോപ്പുലർ ഫ്രണ്ടിനെ ഒതുക്കിനിർത്തിയാലും എംഇപി ഉയർത്തുന്ന ഭീഷണി കോൺഗ്രസിന് കാണാതെ പോകാനാവില്ല.

ഇതിനെല്ലാമിടയിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിയുള്ള മുൻ പ്രധാനമന്ത്രി ദേവ ഗൗഡയുടെ പ്രചാരണവും തുടങ്ങുകയാണ്. ഗ്രാമീണമേഖലയിൽ അത് ചലനങ്ങൾ ഉണ്ടാക്കുമെന്ന് തീർച്ചയാണ്. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് 3,500 ഓളം കർഷകർ കർണാടകത്തിൽ ആത്മഹത്യചെയ്തിരുന്നു. അവരുടെ ഗ്രാമങ്ങളിൽ, അവരുടെ വീടുകളിൽ, ഒരു പ്രത്യേക സന്ദേശവുമായി എത്താനുള്ള ഒരു പദ്ധതി ബിജെപിയും ആലോചിച്ചിട്ടുണ്ട്. തീർച്ചയായും ഇനിയുള്ള ഏതാനും ദിവസങ്ങൾ കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. കോൺഗസ് സ്ഥാനാർഥി പട്ടികവന്നിട്ടേ ബിജെപി അടുത്തഘട്ടം ലിസ്റ്റ് പുറത്തിറക്കൂ………….. ഒരു പക്ഷെ ചില പ്രധാനമണ്ഡലങ്ങളിൽ കോൺഗ്രസ് വിമതരെ ബിജെപി ലക്ഷ്യമിടാനും സാധ്യത കാണുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മറ്റുമെതിരെയുള്ള പോരാട്ടത്തിന്റെ ചിത്രം ഇനിയും ബിജെപി വ്യക്തമാക്കിയിട്ടില്ല എന്നത് പ്രധാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button