KeralaLatest NewsNews

എതിരാളികളുടെ ദോഷം കൊണ്ട് ജനറല്‍ സെക്രട്ടറി ആയി: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: തന്റെ കഴിവുകൊണ്ടല്ല എതിരാളികളുടെ ദോഷം കൊണ്ടാണ് താന്‍ ആദ്യം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായതെന്ന് തുറന്നു പറഞ്ഞു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് തന്റെ ഗുണം കൊണ്ടാണ്. അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ഗുരുദര്‍ശനങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. ഇത്രയധികം കാലം ആര്‍ക്കും യോഗം ജനറല്‍ സെക്രട്ടറിയായി തുടരാന്‍ കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുദര്‍ശനങ്ങള്‍ ആഴത്തില്‍ ഉള്‍ക്കൊണ്ടാല്‍ ലോകത്ത് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ ഇല്ലാതാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിശ്വകുമാര്‍ കൃഷ്ണജീവനം രചിച്ച ‘ആത്മോപദേശ ശതകം ഒരു ഉപനിഷത് ദര്‍പ്പണം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വീടുകളില്‍ മാത്രമല്ല, ലോകമാകെ പീഡയും പീഡനവും വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ‘ഒരു പീഡ എറുമ്പിനും വരുത്തരുത്’ എന്ന ഗുരുവിന്റെ അനുകമ്പാദശകം കുറഞ്ഞത് കേരളീയരെങ്കിലും പഠിക്കാന്‍ തയ്യാറാകണം. ഓരോരുത്തരും അവരവരുടെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി ഗുരുവിനെ വ്യാഖ്യാനിക്കുകയാണ്. ഗുരുദര്‍ശനം ആര് പ്രചരിപ്പിക്കാന്‍ തയ്യാറായാലും അവരെ താന്‍ പ്രോത്സാഹിപ്പിക്കും.

കേരള സര്‍വകലാശാല അക്കാദമിക് സ്റ്റാഫ് ഡയറക്ടര്‍ ഡോ.ജി.പത്മറാവു പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. പുസ്തകത്തിന്റെ ആദ്യവില്പന ആര്‍.പി ബാങ്കേഴ്‌സ് ഡയറക്ടര്‍ ആര്‍. പ്രകാശന്‍പിള്ളയ്ക്ക് നല്‍കി എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍ നിര്‍വഹിച്ചു. ഉമയനല്ലൂര്‍ കുഞ്ഞുകൃഷ്ണപിള്ള അദ്ധ്യക്ഷനായി. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണന്‍, എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സെക്രട്ടറി എന്‍.രാജേന്ദ്രന്‍, എ.ജി.പ്രേംചന്ദ്, ബിജു പാപ്പച്ചന്‍, രാജു മാത്യു, എസ്.സുവര്‍ണകുമാര്‍, ഡോ.വി.എസ്.രാധാകൃഷ്ണന്‍, ഗിരീഷ് പുലിയൂര്‍, ഡോ.വത്സല ചന്ദ്രന്‍, നിഷ സഞ്ജീവ്, പി.എസ്.സീനാദേവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിശ്വകുമാര്‍ കൃഷ്ണജീവനം മറുപടി പ്രസംഗം നടത്തി. പുസ്തകത്തിന്റെ പ്രസാധകരായ സനാതനം ധര്‍മ്മസഭയുടെ കോ- ഓര്‍ഡിനേറ്റര്‍ സുജയ്.ഡി.വ്യാസന്‍ സ്വാഗതവും സെക്രട്ടറി വി.ശിവന്‍കുട്ടി നന്ദിയും പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button