ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം നേരിടുന്ന ശക്തമായ ഒരു വെല്ലുവിളിക്ക് അവസാനമാകുന്നു. അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് അറുതിയാവുകയാണ്. സ്മാര്‍ട്ട് വേലി പ്രവര്‍ത്തന സജ്ജമാവുന്നതോടെയാണിത്. ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് ആദ്യ സ്മാര്‍ട്ട് വേലി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്മാര്‍ട്ട് വേലി എത്രയും പെട്ടെന്ന് പ്രവര്‍ത്തന സജ്ജമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അനധികൃതമായുള്ള നുഴഞ്ഞു കയറ്റവും കാലിക്കടത്തും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് സ്മാര്‍ട് വേലി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 48 കിലോമീറ്ററിലാണ് വേലി നിര്‍മിച്ചിരിക്കുന്നത്.
നേരത്തെ ബിഎസ്എഫ് സംഘം ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു ചെയ്തിരുന്നത് . ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം അതിര്‍ത്തി പോസ്റ്റുകള്‍ സ്ഥാപിക്കാനും കഴിഞ്ഞിരുന്നില്ല . ഇതാണ് സ്മാര്‍ട്ട് വേലി സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
സിസിടിവി , തെര്‍മല്‍ ഇമേജ് സെന്‍സര്‍ , രാത്രിക്കാഴ്ച നല്‍കുന്ന ക്യാമറ, ഭൂഗര്‍ഭ നിരീക്ഷണ സെന്‍സറുകള്‍, ലേസര്‍ വേലികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത് . ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെ നീളുന്ന പാകിസ്ഥാന്‍ അതിര്‍ത്തിയിലും ഈ സംവിധാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിക്കഴിഞ്ഞു.
എറ്റവും കൂടുതല്‍ നുഴഞ്ഞു കയറ്റം നടക്കുന്ന മേഖലയാണ് ഇന്ത്യ- പക് പടിഞ്ഞാറേ അതിര്‍ത്തി. ഇവിടുത്തെ വേലിയില്ലാത്ത മേഖലകളില്‍ ലേസര്‍ വേലി ഉപയോഗിക്കാനാണ് തീരുമാനം . ഏതെങ്കിലും ഒരു സംവിധാനം പരാജയപ്പെട്ടാലും നുഴഞ്ഞ് കയറ്റം കൃത്യമായി നിരീക്ഷിച്ച് കണ്ട്രോള്‍ റൂമില്‍ വിവരങ്ങള്‍ നല്‍കാന്‍ മറ്റുള്ളവയ്ക്ക് കഴിയും എന്നതാണ് ഒരു ഗുണം. അഞ്ച് -ആറ് കിലോമീറ്ററിനുള്ളില്‍ ഒരു കണ്ട്രോള്‍ റൂം ഉണ്ടാകും.
Post Your Comments