കൊച്ചി/ആലപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. മരിച്ച ശ്രീജിത്ത് അടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ എസ്.ഐ അടക്കമുളളവര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച് മര്‍ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചെറുകുടലിലും മുറിവുണ്ട്.
പരിക്കുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങള്‍ കൊണ്ടുള്ളതല്ല. ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നതോടെ പോലീസ് ഒന്നുകൂടി പ്രതിരോധത്തിലായി. ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍നിന്നുള്ള ചികിത്സാരേഖയില്‍ പറയുന്നത്.
വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിനെ വീട്ടില്‍നിന്ന് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ഇതിനിടയിലാണ് ശ്രീജിത്തിന് മര്‍ദനമേറ്റതെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടും. താന്‍ പറഞ്ഞ ശ്രീജിത്തല്ല കസ്റ്റഡിയിലായതെന്ന മട്ടില്‍ വിനീഷ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തി. തിരുത്തിയത് സമ്മര്‍ദ്ദ ഫലമായാണെന്ന് ആരോപണമുണ്ട്.
വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. വിനീഷും ശ്രീജിത്തും സുഹൃത്തുക്കളാണ്. വിനീഷിന്റെ വീട് ആക്രമിക്കാന്‍ ശ്രീജിത്ത് ഒരിക്കലും പോകില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പോലീസിനോട് ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് ദയ കാണിച്ചില്ല. കണ്‍മുന്നില്‍വെച്ച് മര്‍ദിക്കുകയും വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുപോയെന്നും അവര്‍ പറയുന്നു. ഇതിനിടെ വരാപ്പുഴ എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി.
ശ്രീജിത്തടക്കമുളളവരെ കസ്റ്റഡിയില്‍ എടുത്തശേഷം നടത്തിയ പൊലീസ് നടപടികളില്‍ വീഴ്ചപറ്റിയെന്നാണ് വിലയിരുത്തല്‍. ഒരു സംഘര്‍ഷസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധന നടത്താന്‍ വൈകിയതില്‍ വീഴ്ച പറ്റിയെന്നാണ് കരുതുന്നത്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘവും പരിശോധിക്കും. എന്നാല്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് വീട്ടിൽ നിന്നാണ് എന്ന മൊഴിയും പോലീസിനെ പ്രതിരോധത്തിലാക്കുന്നു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ശ്രീജിത്തിന്റെ മൃതദേഹം ഇന്നലെ രാത്രി വൈകി വരാപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വിലാപ യാത്രയായാണ് മൃതദേഹം വരാപ്പുഴയില്‍ നിന്ന് വീട്ടിലെത്തിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വൈകിട്ടോടെ കേസ് രേഖകള്‍ കൈപ്പറ്റും.
Post Your Comments