സ്യോള്‍ : ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയുമായി കൊറിയ. ലോകം നശിപ്പിക്കാനൊരുങ്ങുന്ന രഹസ്യസേനയെയും ആണവായുധങ്ങളെയും കുറിച്ചുമൊക്കെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ഇവിടെ ഭയപ്പെടുത്തുന്നത് കിം ജോങ് ഉന്നിന്റെയും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളുമല്ല. അത്തരമൊരു ഭീഷണി ഉത്തരകൊറിയയില്‍ നിന്നല്ല, താരതമ്യേന കുഴപ്പക്കാരല്ലെന്നു ലോകം കരുതിയിരുന്ന ദക്ഷിണ കൊറിയയില്‍ നിന്നാണു വന്നിരിക്കുന്നത്. ഇതാണ് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. ലോകം നശിപ്പിക്കുന്ന ‘യന്ത്രസേന’ ഒരു ദക്ഷിണകൊറിയന്‍ സര്‍വകലാശാലയ്ക്കു കീഴില്‍ തയാറാക്കുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടത് ചില ഗവേഷകരാണ്. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ്(കൈസ്റ്റ്) ഈ ഭീകര പരീക്ഷണ നീക്കത്തിനു പിന്നില്‍.
ഇതുമായി ബന്ധപ്പെട്ട സാങ്കേതികത സര്‍വകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അക്കാര്യത്തില്‍ സഹായിക്കാനാകാട്ടെ കുപ്രസിദ്ധ ആയുധ നിര്‍മാണ കമ്പനിയായ ‘ഹന്‍വ സിസ്റ്റംസും’. നിര്‍മിത ബുദ്ധി (എഐ-ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചായിരിക്കും റോബട്ടിക് സേനയുടെ പ്രവര്‍ത്തനം. ഇതു ലോകനാശത്തിനു കാരണമാകുമെന്നു പറഞ്ഞ് 57 എഐ ഗവേഷകര്‍ പ്രോജക്ടില്‍ നിന്നു പിന്മാറിക്കഴിഞ്ഞു. 30 രാജ്യങ്ങളില്‍ നിന്നു ഗവേഷണത്തിനു വേണ്ടി ദക്ഷിണ കൊറിയയിലെത്തിയ വിദഗ്ധരാണ് പ്രോജക്ടില്‍ തങ്ങളുടെ വിസമ്മതം അറിയിച്ചു കത്തു നല്‍കിയത്. വാര്‍ത്ത പുറംലോകത്തെത്തിയും അങ്ങനെയാണ്.
യുദ്ധത്തിന് നിര്‍മിത ബുദ്ധി പ്രകാരം പ്രവര്‍ത്തിക്കുന്ന റോബട്ടുകളെയും ആകാശത്തു പറന്നു സ്വയം ആക്രമണം നടത്താനുള്ള ഡ്രോണുകളെയുമെല്ലാം നിര്‍മിച്ചെടുക്കാനാണു ദക്ഷിണ കൊറിയയുടെ നീക്കം. എന്നാല്‍ യുദ്ധമേഖലയില്‍ കനത്ത വിനാശം വരുത്താനേ ഇതുവഴി സാധിക്കൂ എന്നു ഗവേഷകര്‍ പറയുന്നു. നേരത്തേ ജയിംസ് കാമറൂണിന്റെ ‘അവതാര്‍’ എന്ന സിനിമയില്‍ ഇത്തരം റോബട്ടിക് സേനയുടെയും ഡ്രോണുകളുടെയും സാധ്യതകള്‍ വിശദീകരിച്ചിരുന്നു. ‘പാണ്ടോറ’ എന്ന വിദൂര ഗ്രഹത്തിലെ ധാതുസമ്പത്തു തേടിപ്പോകുന്ന മനുഷ്യരുടെ കഥയാണത്. അതിനാല്‍ത്തന്നെ ‘പാണ്ടോറാസ് ബോക്സ്’ എന്ന വിശേഷണത്തെയാണു ദക്ഷിണ കൊറിയയുടെ പ്രോജക്ടിന്റെ നശീകരണ സ്വഭാവത്തെ വിശദീകരിക്കാന്‍ ഗവേഷകര്‍ കൂട്ടുപിടിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈസ്റ്റില്‍ ‘ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെപ്പണ്‍സ് ലാബ്’ ആരംഭിക്കുന്നത്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ആയുധ നിര്‍മാതാക്കളാണ് ഹന്‍വ സിസ്റ്റംസ്. ലാബിലേക്കുള്ള ധനസഹായത്തിന്റെ ഒരു പങ്കും ഇവരാണ്. ‘ഈ ‘പാണ്ടോറാസ് ബോക്സ്’ തുറന്നാല്‍ പിന്നെ അടയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും എന്നാണ് ഗവേഷകര്‍ തങ്ങളുടെ കത്തില്‍ വ്യക്തമാക്കിയത്. അതായത് ഒരിക്കല്‍ ആരംഭിച്ചാല്‍ അതുണ്ടാക്കുന്ന നശീകരണം തടയാന്‍ നിര്‍മാതാക്കള്‍ക്കു പോലും സാധിക്കില്ലെന്നു ചുരുക്കം. മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരിക്കില്ല റോബട്ടിക് സേനയെന്നും കത്തിലെ മുന്നറിയിപ്പ്.
57 ഗവേഷകര്‍ ഒപ്പിട്ട കത്ത് തയാറാക്കിയത് സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയ്ല്‍സ് പ്രഫസര്‍ ടോബി വാല്‍ഷാണ്. കൈസ്റ്റ് പ്രസിഡന്റ് സുങ്-ചുല്‍ ഷുന്നിനാണു കത്ത്. യുദ്ധക്കൊതിയന്മാര്‍ക്കൊപ്പം കൈസ്റ്റിനെപ്പോലെ പേരുകേട്ട ഒരു സ്ഥാപനം ചേരുന്നതിലുളള നിരാശയും വാല്‍ഷ് പങ്കുവയ്ക്കുന്നു. എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നും സുങ്-ടുല്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. എഐ റോബട്ടുകളെ യുദ്ധത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ മേയില്‍ ജനീവയില്‍ ലോകരാജ്യങ്ങളുടെ കൂടിക്കാഴ്ച നടക്കാനിരിക്കെയാണു ദക്ഷിണകൊറിയയില്‍ ഇത്തരമൊരു വിവാദം.
Post Your Comments