Latest NewsNewsInternational

ചികിത്സയ്‌ക്കെത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു

മോസ്‌കോ: അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാനെത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു. 28കാരിയായ എക്കത്തറീമ ഫദ്യേവ എന്ന യുവതിക്കാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ ഈ ദുരന്തം സംഭവിച്ചത്. പടിഞ്ഞാറന്‍ റഷ്യയിലെ ഉളിയനോവസ്‌കിലെ ആശുപത്രിയിലായിരുന്നു സംഭവം.

സലൈന്‍ ലായനിക്ക് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു. ഇതോടെ ആന്തരികാവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിലച്ച ഫദ്യേവ ഒടുവില്‍ വേദന തിന്ന് മരിച്ചു.

മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫദ്യേവയ്ക്ക് ഫോര്‍മാലിന്‍ ആണ് നല്‍കിയിരുന്നത്. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഫദ്യേവയുടെ വയറ് വൃത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

‘അമ്മേ ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത്,’ ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫദ്യേവ പറയുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അതിദാരുണമായ ദുരന്തമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി റാഷിദ് അബ്ദുള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button