ഇന്നിപ്പോൾ ദക്ഷിണേന്ത്യയിലെ ധനമന്ത്രിമാർ കേരളത്തിൽ ഒത്തുചേർന്നിരിക്കുകയാണ്. കേന്ദ്ര സർക്കാരിനെതിരായ ഒരു പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണിതെന്ന് വ്യക്തം. എന്നാൽ അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ യഥാർഥത്തിൽ ചർച്ചചെയ്യാൻ തക്ക സമയമായി എന്ന് തോന്നുന്നുമില്ല. പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ ആണ് പ്രശ്നം. എൻകെ സിങ് തലവനായുള്ള ധനകാര്യ കമ്മീഷൻ നിയമിതമായത് കഴിഞ്ഞവർഷം അവസാനമാണ്. അത് പ്രവർത്തനനം തുടങ്ങിയിട്ടേയുള്ളു. ഇതിനകം അവർ സന്ദർശിച്ചത് ഒരേയൊരു സംസ്ഥാനം, അരുണാചൽ പ്രദേശ് , മാത്രം. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന കേന്ദ്ര സർക്കാരിന് മുന്നിലാണ് അവർ റിപ്പോർട്ട് സമർപ്പിക്കുക. അതിനു മുൻപ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അവർ സന്ദർശിക്കും. ആർക്കുവേണമെങ്കിലും അവരെ കാണാം; ആർക്ക് വേണമെങ്കിലും അവർക്ക് നിവേദനം കൊടുക്കാം, അഭിപ്രായം രേഖപ്പെടുത്താം. അതൊക്കെ കമ്മീഷൻ പരിഗണിക്കും. അതുകൊണ്ട് ബേജാർ ആവേണ്ട കാര്യമൊന്നുമില്ല. പക്ഷെ, കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇല്ലാത്തൊരു വിഷയം ഉയർത്തിക്കാട്ടി ആശയക്കുഴപ്പം സൃഷ്ടിക്കാനും അതിനൊപ്പം കേന്ദ്ര വിരുദ്ധ – ബിജെപി വിരുദ്ധ അന്തരീക്ഷം ഉണ്ടാക്കാനും കഴിയുമെന്ന് കോൺഗ്രസും സിപിഎമ്മും കരുതുന്നു. അതാണിപ്പോൾ നടക്കുന്നത്. ഒരർഥത്തിൽ മറ്റൊരു തരത്തിലുള്ള കോൺഗ്രസ് സിപിഎം ബാന്ധവത്തിന്റെ കഥയാണിത്.
ധന കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ നേരത്തെ നിർദ്ദേശിക്കപ്പെട്ടു അല്ലെങ്കിൽ തീരുമാനിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ. അതിൽ ജനസംഖ്യ കണക്കിലെടുക്കേണ്ടത് 2011 ലെ സെൻസസ് രേഖകൾ പ്രകാരമാവണം എന്ന് രാഷ്‌ട്രപതി ശുപാര്ശചെയ്‌തു എന്നും ചൂണ്ടിക്കാണിക്കുന്നു. അത് ആ വിധത്തിൽ കണക്കിലെടുത്താൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വിഹിതം കുറയുമെന്നും മറ്റും കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കിനെപ്പോലുള്ളവർ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് ബിജെപിക്കെതിരെ, കേന്ദ്രത്തിനെതിരെ, ദക്ഷിണേന്ത്യയിൽ നിന്ന് ഒരു പുതിയ നീക്കമാവാം എന്നും അവർ കരുതുന്നു. തെറ്റിധാരണയും കുറെ അർദ്ധ സത്യങ്ങളുമാണ് ഇവർ ഉയർത്തുന്നത് എന്നതാണ് യാഥാർഥ്യം. അതിലേക്ക് ഓരോന്നായി കടക്കാം.
ഇനി ഒരു പരിഗണവിഷയം നേരത്തെ നിർദ്ദേശിക്കപ്പെട്ടു എന്നത് കൊണ്ട്മാത്രം അത് അങ്ങിനെതന്നെ കണക്കിലെടുക്കാൻ ധനകമ്മീഷൻ തയ്യാറാവണം എന്നില്ല. ധനകമ്മീഷന് ന്യായമെന്ന് തോന്നുന്ന തീരുമാനം എടുക്കാനുള്ള അധികാരവും അവകാശവുമുണ്ട്. അത് മുൻപും ഉണ്ടായിട്ടുണ്ട്. പതിന്നാലാം ധനകമ്മീഷന്റെ റിപ്പോർട്ട് തന്നെ അതിനുദാഹരണം. അതുവരെ 1971 ലെ സെൻസസ് ഡാറ്റയാണ് ധനവിതരണത്തിനുള്ള മാനദണ്ഡമായി എടുത്തിരുന്നത്. അത് 2011- ലേത് ആക്കാൻ കഴിഞ്ഞ ധനകമ്മീഷനോട് നിർദ്ദേശിച്ചിരുന്നില്ല. അനവധിവര്ഷമായി നടന്നുവന്നിരുന്ന ശീലം ആ ധനകമ്മീഷൻ തിരുത്തുകയായിരുന്നു. അതുപോലെ വേണമെങ്കിൽ മാറ്റങ്ങൾ വരുത്താനുള്ള അവകാശം ഈ കമ്മീഷനുണ്ട്. അതിനൊപ്പം കാണേണ്ടുന്ന ഒരു പ്രധാന കാര്യം, ഇന്നിപ്പോൾ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഉയർത്തുന്നത് പോലെ, 2011 ലെ സെൻസൻസ് രേഖകൾ അടിസ്ഥാനപ്രമാണമായി എടുത്തത് നരേന്ദ്ര മോഡി സർക്കാരല്ല മറിച്ച് പതിനാലാം ധന കമ്മീഷനാണ്; അവരെ നിയമിച്ചതും സംരക്ഷിച്ചതും കോൺഗ്രസിന്റെ യുപിഎ ഭരണകൂടമാണ് എന്നതാണ്. ആ കോൺഗ്രസുകാരാണ് ഇന്നിപ്പോൾ 2011ലെ സെൻസസ് രേഖകൾ കണക്കിലെടുക്കുന്നത് അപകടകരമാണ് എന്ന് പ്രസ്താവിച്ചുനടക്കുന്നത്. പതിനാലാം ധന കമ്മീഷൻ അതൊക്കെ ചെയ്തപ്പോൾ മിണ്ടാതിരുന്നവരാണ് സിപിഎമ്മുകാർ എന്നതും ഇവിടെ കണക്കിലെടുക്കാതെ വയ്യല്ലോ.
മറ്റൊന്ന് നരേന്ദ്ര മോഡി സർക്കാരിന്റെ ‘ട്രാക്ക് റെക്കോർഡ് ‘ ആണ്. പതിനാലാം ധനക്കമ്മീഷന്റെ റിപ്പോർട്ട് കിട്ടിയത് മോദിയുടെ മുന്നിലാണ്. സംസ്ഥാനങ്ങൾക്ക് മറ്റെന്നത്തെക്കാൾ കൂടുതലായിരുന്നു ആ കമ്മീഷൻ ശുപാർശ ചെയ്ത വിഹിതം. അതായത് 32 ശതമാനത്തിൽ നിന്ന് 42 ശതമാനത്തിലേക്ക്. ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് അത് കേന്ദ്രത്തിന് മേൽവെച്ചത്. പക്ഷെ, അത് അതേപടി നടപ്പിലാക്കാൻ കേന്ദ്രം, മോഡി സർക്കാർ, തയ്യാറായി. കേരളത്തിന്റെ കാര്യം മാത്രമെടുക്കൂ. പതിമൂന്നാം ധനക്കമ്മീഷന്റെ ശുപാര്ശപ്രകാരം കേരത്തിന് ലഭിച്ചത് വേണമെങ്കിൽ മുവ്വായിരം കോടി എന്നൊക്കെ പറഞ്ഞു സമാധാനിക്കാം. 1500 കോടിയാണ് യഥാർഥ വിഹിതം; പിന്നെ മറ്റുവകയിൽ കുറച്ചുകൂടിയും. എല്ലാം കൂടിയാണിത്. എന്നാൽ നമ്മുടെ തോമസ് ഐസക് തന്നെ സമ്മതിക്കുന്നത്, (കഴിഞ്ഞ ഒക്ടോബറിലെ കാര്യമാണിത്) പതിനാലാം ധനക്കമ്മീഷന്റെ വകയിൽ കേരളത്തിന് ലഭിച്ചത് ഏതാണ്ട് 63, 500 കോടിരൂപയാണ് എന്നാണ്. അതേസമയം കേന്ദ്ര സർക്കാരും ബിജെപിയും സൂചിപ്പിച്ചത് ( അതും കഴിഞ്ഞ ഒക്ടോബറിൽ) നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയശേഷം കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് ഏതാണ്ട് 1,34, 848 കോടിയാണ് എന്നാണ്. വിവിധ പദ്ധതികളിലൂടെ ലഭിച്ചതടക്കമാണിത്. അതിന്റെ യഥാർഥ കണക്ക് സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടോ ആവോ, അറിയില്ല. കഴിഞ്ഞ ഒക്ടോബറിലെ കണക്കാണിത് എന്ന് സൂചിപ്പിച്ചുവല്ലോ; ഇന്നിപ്പോൾ പരിശോധിച്ചാൽ അത് വീണ്ടും വര്ധിച്ചിരിക്കും, സംശയംവേണ്ട. പറഞ്ഞുവന്നത്, അവകാശപ്പെട്ട, അർഹതപ്പെട്ട എന്തും കേരളത്തിന് എന്നല്ല ഏതൊരു സംസ്ഥാനത്തിനും നല്കാൻ മോഡി ഭരണകൂടത്തിന് മടിയില്ലായിരുന്നു എന്നാണ്. അതാണ് ബിജെപി ശീലിച്ചത്, അതാണ് ബിജെപി പറയുന്നതും. പക്ഷെ, അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കാനും വിവാദമാക്കാനും ശ്രമിക്കുന്നത് ഗുണകരമാണോ എന്നത് ചിന്തിക്കേണ്ടതുമാണ്.
ജിഎസ്‌ടി നടപ്പിലാക്കിയ അവസരത്തിൽ ഇത്തരമൊരു കുപ്രചരണം കേരളത്തിൽ വ്യാപകമായി നടന്നിരുന്നു. കേരളം ജിഎസ്‌ടിക്ക് സമ്മതം മൂളിയത് മഠയത്തരമായി എന്നും കേരളത്തിന് നഷ്ടമായി എന്നുമൊക്കെ പറഞ്ഞത് ഇതേ തോമസ് ഐസക്കാണല്ലോ. ഇപ്പോഴും അദ്ദേഹം ആ വാദഗതി അവസാനിപ്പിക്കുന്നില്ല. എന്നാൽ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഒരു കണക്ക് പുറത്തുവിട്ടിരുന്നു. ജിഎസ്‌ടി മൂലം കേരളത്തിനും വരുമാനവർധനയുണ്ടായി എന്നതാണ് അദ്ദേഹം പ്രസ്താവിച്ചത്. കണക്കുകളും അദ്ദേഹം നിരത്തിയിരുന്നുവല്ലോ. 2017- 18 ലെ കേരളത്തിന്റെ നികുതി വരുമാനം 37, 849 കോടിയാണ് എന്നും അത് മുൻവർഷത്തെ അപേക്ഷിച്ച് 11.19 ശതമാനം കണ്ട് കൂടുതലാണ് എന്നുമാണ് കുമ്മനം പറഞ്ഞത്. ജിഎസ്‌ടി വകയിൽ 13,967.70 കോടി ലഭിച്ചുവെന്നും നികുതിനഷ്ടം നികത്തനായി കേന്ദ്രം അനുവദിച്ച 2,508 കോടി രൂപയടക്കമാണ് അത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്റെ ഓർമ്മ ശരിയെങ്കിൽ ആ പ്രസ്താവന കുമ്മനം നടത്തിയിട്ട് ഏതാണ്ട് മൂന്ന് ദിവസമായി. ഇതുവരെ അത് നിരാകരിക്കാൻ കേരള സർക്കാർ തയ്യാറായിട്ടില്ല. സാധാരണ നിലക്കാണെങ്കിൽ ഡോ. ഐസക്കിൽ നിന്നെങ്കിലും അത് പുറത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാവാം അത് നിഷേധിക്കാൻ അവർ തയ്യാറാവാത്തത്?. വസ്തുതകൾ നിഷേധിക്കുക പ്രയാസമയത് കൊണ്ടാണോ?. എന്തായാലും സത്യം ഒരിക്കൽ തെളിയിക്കപ്പെടുമല്ലോ.
ഇവിടെ നാം ഓർക്കേണ്ട ഒരുകാര്യം, ജിഎസ്‌ടി നഷ്ടമാണെന്ന പ്രചാരണം തന്നെ തട്ടിപ്പായിരുന്നു എന്നതാണ്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം അത് ലാഭമേ ആവൂ എന്നതാർക്കാണ് അറിയാത്തത്. പക്ഷെ ആ വകയിൽ വേണ്ടതിലധികം പണം ലഭിച്ചിട്ടും ട്രഷറി തുറന്നുവെക്കാൻ കഴിയാത്ത നിലയിലേക്ക് ധനസ്ഥിതി എത്തിച്ച കേരളത്തിലെ ഇടത് ഭരണകൂടത്തിന് വസ്തുതകൾ മറച്ചുവെച്ചുകൊണ്ടേയിരുന്നിരിക്കാം. ആർടിഐയും മറ്റും നിലവിലുള്ള നാട്ടിൽ അതൊക്കെ എന്നന്നേക്കുമായി ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാനാവില്ലെന്ന കാര്യം തോമസ് ഐസക്ക് ഓർക്കേണ്ടതായിരുന്നില്ലേ?. മാനുഫാക്ചറിങ് (ഉൽപ്പാദനം നടക്കുന്ന) സംസ്ഥാനമായി കണക്കാക്കപ്പെടുന്ന തമിഴ്‌നാട് പോലും പറയുന്നത് പ്രതീക്ഷിച്ചതിലും ഏറെ നികുതി ജിഎസ്‌ടി വന്നതിന് ശേഷം ലഭിച്ചു എന്നാണ്. അവരുടെ ആശങ്കകൾ പോലും പരിഹൃതമായി എന്നതാണ് അത് കാണിക്കുന്നത്. അപ്പോൾ കേരളത്തിന് അതിനനുസരിച്ച് കിട്ടിയില്ലെങ്കിൽ കാരണം മറ്റെന്തോവാണ് എന്നല്ലേ കരുതേണ്ടത്. ശരിയാണ് , ‘വാറ്റ് ‘ നിലവിലുള്ളപ്പോൾ ഉണ്ടായിരുന്നത്രപേർ കേരളത്തിൽ ജിഎസ്‌ടി യുടെ പരിധിയിൽ ഇനിയുമെത്തിയിട്ടില്ല. എല്ല്ലാവരെയും ചേർക്കാൻ പ്രേരിപ്പിക്കേണ്ടത് കേരളത്തിന്റെ കൂടെ ആവശ്യമല്ലേ?. അതിനുള്ള ശ്രമങ്ങൾ നടക്കുന്നില്ലെന്ന് മാത്രമല്ല കുപ്രചാരണവും ആരോപണവും തുടരുകയും ചെയ്യുന്നു.
ഇവിടെ വിഷയം ധകാര്യ കമ്മീഷനും മറ്റുമാണല്ലോ. ആ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുക 2020 ലാണ്. അന്നത്തെ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. പിന്നെ 2011 ലെ സെൻസസ് രേഖകൾ കണക്കിലെടുത്താൽ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ മുഴുവൻ പ്രതിസന്ധിയിലാകും എന്നത് വെറും രാഷ്ട്രീയ വാദമാണ്. കാരനാടകത്തിന്റെ കാര്യമെടുക്കൂ….. അവിടെ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെപ്പോലെ ജനസംഖ്യാ നിയന്ത്രണം നടപ്പിലായിട്ടില്ല എന്നത് സെൻസസ് രേഖകൾ കാണിക്കുന്നുണ്ട്. ഒറീസയെക്കാൾ അവർ ഇക്കാര്യത്തിൽ പിന്നിലാണ്. ഒരർഥത്തിൽ ഇന്ത്യയിൽ ഒരു പുതിയ പ്രാദേശിക വാദമുയർത്താനുള്ള പദ്ധതിയാണ് ഇപ്പോഴത്തേതെന്ന് പോലും ആരെങ്കിലും സംശയിച്ചാൽ അതിശയിക്കാനില്ല. അതൊക്കെ കേന്ദ്രം ധരിച്ചിട്ടുണ്ടാവണം. അതുകൊണ്ടുകൂടിയാണ് ഇത്തരം വിവാദങ്ങളെ കാര്യമായി എടുക്കാൻ ഡൽഹിയിലുള്ളവർ തയ്യാറാവാത്തത്. വിവാദങ്ങൾ ഉണ്ടാക്കാനല്ലേ അവർക്ക് കഴിയൂ…. തിരഞ്ഞെടുപ്പിൽ ജയിക്കാൻ അവർക്കാവുകയില്ലല്ലോ എന്നതാവണം നരേന്ദ്ര മോദിയും മറ്റും കരുതുന്നത്. തൃപുര വരെ അത് സാക്ഷ്യപെടുത്തിയിട്ടുണ്ട്. ഇനിയുള്ളത് കർണാടകമാണ് . അതും മറ്റൊരു വഴിക്ക് ചിന്തിക്കുമെന്ന് കരുതേണ്ടതില്ല. ജാതീയക്കളികൾ കോൺഗ്രസ് അവിടെ കുറെ നടത്തിയിട്ടുണ്ട്. അവിടത്തെ മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയുമൊക്കെ ചേർന്ന് ഒരു ഒരു പുതിയ മതം തന്നെ സൃഷ്ടിച്ചു. അതിന് ന്യൂനപക്ഷ പദവിയും സമ്മാനിച്ചു. അതിന് കുടപിടിക്കാനാണ് സിപിഎം തയ്യാറായത്. രാഷ്ട്രീയം എവിടേക്ക് എത്തിനിൽക്കുന്നു എന്നത് പറയേണ്ടതില്ലല്ലോ, വിശദീകരിക്കേണ്ടതില്ലല്ലോ. ഇവിടെ നാം ഓർക്കേണ്ട ഒരുകാര്യമുണ്ട്. ധനകമ്മീഷൻ കണക്കിലെടുക്കേണ്ടത് രാജ്യത്തിൻറെ ആവശ്യകതയാണ്. അതിൽ ഉൾപ്പെടുന്നതാണ് സംസ്ഥാനങ്ങൾ. രാജ്യത്തിന് വേണ്ടിയാണല്ലോ സംസ്ഥാനങ്ങൾ; അതായത് രാഷ്ട്രത്തിന്റെ ഭാഗമാണ് സംസ്ഥാനം; അതല്ലാതെ സംസ്ഥാനങ്ങൾക്ക് വേണ്ടിയല്ലല്ലോ രാജ്യം നിലകൊള്ളുന്നത്. അതുകൊണ്ട് ഓരോ സംസ്ഥാനത്തിന്റെയും ആവശ്യങ്ങൾ അവർ പരിശോധിക്കും, പരിഗണിക്കും. എന്നാൽ എകെജി ഭവനിൽ നിന്നോ ഇറ്റലിയിൽ നിന്നോ കോൺഗ്രസ് ആസ്ഥാനത്ത് നിന്നോ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾ അതേപടി അംഗീകരിക്കും എന്ന് കരുതേണ്ടതുമില്ല. അതല്ല ധനകാര്യ കമ്മീഷന്റെ ചുമതല.
ഇന്നിപ്പോൾ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ ബിജെപി ഭരണകക്ഷിയാണ്. കോൺഗ്രസ് ഇന്നിപ്പോൾ രണ്ടര സംസ്ഥാനത്തിന്റെ അധിപൻ മാത്രമാണ്; സിപിഎമ്മിന്റെ കാര്യം പറയേണ്ടതില്ലല്ലോ. എന്നാൽ അവരുടെയൊക്കെ ആശങ്കകൾ കേന്ദ്രസർക്കാരും ധന കമ്മീഷനും കണക്കിലെടുക്കണം എന്നതിൽ എനിക്ക് അഭിപ്രായ ഭിന്നതയില്ല. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ കേരള സർക്കാർ തയ്യാറാവുമല്ലോ; മറ്റു പ്രതിപക്ഷ കക്ഷികളും അതിന് മുന്നിട്ടുവരുകതന്നെ ചെയ്യും. ബിജെപിയും അവരുടെ നിലപാട് ധനകമ്മീഷന്റെ മുന്നിൽ സമർപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിന്റെ വികസനത്തിൽ എന്തിനാണ് രണ്ടഭിപ്രായം. ഓരോ സംസ്ഥാനത്തിന്റെയും വികസനമാണല്ലോ കേന്ദ്രവും ലക്ഷ്യമിടുന്നത്. പക്ഷെ അതിന് പകരം ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുകയും രാഷ്ട്രീയക്കളിക്ക് തയ്യാറാവുകയും ചെയ്യുമ്പോൾ വിമര്ശിക്കപെടുകതന്നെ ചെയ്യും. കേന്ദ്രം ആയിരം കോടി നൽകാം, ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കൂ എന്ന് നിതിൻ ഗഡ്‌കരി പറഞ്ഞിട്ട് മാസമെത്രയായി.. രണ്ടേക്കർ ഭൂമി ഏറ്റെടുക്കാൻ ഇവർക്കായോ?. ഇല്ലതന്നെ. വയൽക്കിളി സമരവും മറ്റും എന്ത് സന്ദേശമാണ് നൽകുന്നതെന്നതും പറയേണ്ടതില്ലല്ലോ. റെയിൽവേ വികസന പദ്ധതികൾ വഴിമുട്ടി നിൽക്കുന്നതും ഓർമ്മിക്കേണ്ടതുണ്ട്. കേന്ദ്രം അനുവദിച്ച അല്ലെങ്കിൽ നീക്കിവെച്ച പണം വികസനത്തിനായി പ്രയോജനപ്പെടുത്താനാണ് കേരളം തയ്യാറാവേണ്ടത്; അല്ലാതെ രാഷ്ട്രീയക്കളിക്കല്ല . ഒന്നുകൂടി അതിനൊപ്പം പറയാം, രാഷ്ട്രീയമൊഴിവാക്കി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ ധനകമ്മീഷന്റെ മുന്നിൽവെക്കാൻ എല്ലാ കക്ഷികളുടെയും സഹായവും സഹകരണവും തേടാനും കേരളസർക്കാർ തയ്യാറാവണം എന്നതാണത്. അങ്ങനെയായാൽ കേരളത്തിലെ സിപിഎമ്മിനും മുസ്ലിം ലീഗിനും കോൺഗ്രസിനും ബിജെപിക്കുമൊക്കെ ഒരേമനസോടെ പതിനഞ്ചാം കേന്ദ്ര ധനകമ്മീഷന് മുന്നിലെത്താൻ കഴിയുകയും ചെയ്യും. ഇവിടെ നിലപാടെടുക്കേണ്ടത് കേരള സർക്കാരാണ് എന്നത് പറയേണ്ടതില്ലല്ലോ.
Post Your Comments