KeralaLatest NewsNews

ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം: യോഗ്യതയുള്ള അധ്യാപകരായിരിക്കും പഠിപ്പിക്കുന്നത്

തിരുവനന്തപുരം: ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം, യോഗ്യതയുള്ള അധ്യാപകരായിരിക്കും പഠിപ്പിക്കുന്നത്. യു.പി. അധ്യാപകര്‍ക്കു ബിരുദവും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാകും. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമ പ്രകാരമുള്ള ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്നാണു എന്‍.സി.ടി.ഇ. (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍)യുടെ നിര്‍ദ്ദേശം. ആറാം ക്ലാസ് മുതല്‍ അധ്യാപക നിയമനം വിഷയാധിഷ്ഠിതമാകും. ഓരോ വിഷയവും പഠിപ്പിക്കാന്‍ അതേ വിഷയത്തില്‍ ബിരുദം വേണം. ഡയറ്റില്‍ ജോലി ലഭിക്കാന്‍ പിഎച്ച്‌.ഡി. അല്ലെങ്കില്‍ നെറ്റ് യോഗ്യതയുണ്ടാകണം.

കേന്ദ്ര നിബന്ധന 2019 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തിലാകുമ്പോഴേക്കും നിലവിലുള്ള അധ്യാപകരും നിശ്ചിത യോഗ്യത നേടണം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ എല്‍.പിയും ആറു മുതല്‍ എട്ടു വരെ യു.പിയുമാണ്. ഇനി മുതല്‍ യു.പി. അധ്യാപകര്‍ക്കു ബിരുദമായിരിക്കും അടിസ്ഥാന യോഗ്യത. അതിനു പുറമേ ബി.എഡ്/ഡി.എഡും കെ-ടെറ്റും വേണം. ഹൈസ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദത്തില്‍നിന്നു ബിരുദാനന്തര ബിരുദമാകും.

ഇതോടൊപ്പം ബി.എഡും കെ-ടെറ്റും നിര്‍ബന്ധം. 2019 മുതല്‍ ടി.ടി.ഐ. അധ്യാപകരാകാന്‍ ബിരുദാനന്തര ബിരുദവും എം.എഡും വേണം. പഠന-ഗവേഷണ സ്ഥാപനമായ ഡയറ്റുകളില്‍ ബിരുദാനന്തര ബിരുദത്തിനു പുറമേ പിഎച്ച്‌.ഡി. അല്ലെങ്കില്‍ നെറ്റ് ഉള്ളവര്‍ക്കേ അധ്യാപകരാകാന്‍ കഴിയൂ. സംസ്ഥാനത്ത് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ നിലവില്‍ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അതിനു പുറമേ ഡി.എഡും കെ-ടെറ്റും പാസാകണം. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഇപ്പോള്‍ ടി.ടി.ഐ (ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്)കളില്‍ പഠിപ്പിക്കാന്‍ കഴിയും. സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയത് 2010ലാണ്. ഇതനുസരിച്ച്‌, സര്‍വീസിലുള്ള അധ്യാപകര്‍ 2019 മാര്‍ച്ച്‌ 31നകം ഈ യോഗ്യതകള്‍ നേടിയിരിക്കണം.

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യത നിയമം നടപ്പാക്കി അഞ്ചു വര്‍ഷത്തിനകം നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. 2017 ഒക്ടോബര്‍ 17 ലെ വിജ്ഞാപനത്തിലുടെ ഇത് ഒന്‍പതു വര്‍ഷമായി നീട്ടി. ആറാം ക്ലാസ് മുതല്‍ അധ്യാപക നിയമനം വിഷയാധിഷ്ഠിതമാകുന്നതും സര്‍വീസിലുള്ളവരെ ബാധിക്കും. നിലവില്‍ സയന്‍സിലും കണക്കിലുമൊക്കെ ബിരുദമുള്ളവരാണ് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നത്.

അതത് വിഷയത്തിലെ അടിസ്ഥാന യോഗ്യത നിര്‍ബന്ധമാകുമ്ബോള്‍ അതിന് അനുസൃതമായി അധ്യാപകരുടെ പുനര്‍വിന്യാസവും പുതിയ നിയമനവും വേണ്ടിവരും. നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തില്‍ അധ്യാപകര്‍ക്കുള്ള പരീക്ഷയില്‍ (ടെറ്റ്) മാത്രമാണ് ഇളവു നല്‍കിയത്. യോഗ്യതയുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. യോഗ്യതകള്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് എന്‍.സി.ടി.ഇ. നിര്‍ദേശിച്ചിരിക്കെ കേരളത്തിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. ബിരുദം മാത്രമുള്ള ഹൈസ്‌കൂള്‍ അധ്യാപകര്‍ ബിരുദാനന്തര ബിരുദം നേടുന്നതുവരെ അവധിയെടുക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button