Latest NewsKeralaNews

സഹകരണ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി നീട്ടി

കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി പത്തിന് അവസാനിക്കാനിരിക്കെ കാലാവധി നീട്ടി സഹകരണ വകുപ്പിന്റെ ഉത്തരവ്. ആറുമാസത്തേക്കോ പുതിയ ഭരണസമിതികള്‍ തിരഞ്ഞെടുക്കപ്പെടുന്നതുവരെയോ ജില്ലാ ബാങ്കുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം തുടരാനാണു തീരുമാനം.

14 ജില്ലാ സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ കാലാവധി കഴിയും മുന്‍പു പിരിച്ചുവിട്ട് കഴിഞ്ഞ ഏപ്രിലിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. ഈ ഓര്‍ഡിനന്‍സിനെതിരെ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരള ബാങ്ക് രൂപീകരണത്തിനു ചില ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണ സമിതികള്‍ തടസ്സം നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാണു വീണ്ടും ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തുന്നത്. അതേസമയം, ഉത്തരവ് സഹകരണ നിയമത്തിന്റെ ലംഘനമാണെന്നു സഹകരണ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നീട്ടേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തി ഗസറ്റ് വിജ്ഞാപനം ചെയ്യണം. എന്നാല്‍ അത്തരത്തില്‍ വിജ്ഞാപനം കൂടാതെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവ് ഇറക്കിയത്. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തില്ലെങ്കിലും ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നു ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ദേശം പോലും മറികടന്നാണ് ഒരു വര്‍ഷത്തിനു ശേഷവും അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി നീട്ടുന്നത്. സഹകരണ നിയമത്തിലെ 33ാം വകുപ്പു പ്രകാരം സഹകരണ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം പാടില്ല.

മാര്‍ച്ച് 31നു മുന്‍പു കേരള ബാങ്കിനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ അനുമതിക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. എന്നാല്‍ ജില്ലാ ബാങ്കുകളിലേക്കു നിശ്ചിത സമയത്തു തിരഞ്ഞെടുപ്പു നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭരണ പ്രതിസന്ധി ഒഴിവാക്കാനാണു കാലാവധി നീട്ടുന്നതെന്നാണു സഹകരണ വകുപ്പിന്റെ വിശദീകരണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button