Latest NewsIndiaNews

ദയാവധം ; ദമ്പതിമാര്‍ സഹായം തേടി വിവരാവകാശനിയമത്തിന് മുന്നിൽ

മുംബൈ: ദയാവധത്തിനായി അപേക്ഷനൽകിയ കാര്യത്തിൽ നടപടിയാവാത്തതിനെത്തുടര്‍ന്ന് വിവരാവകാശ നിയമത്തിന്റെ സഹായം തേടി വൃദ്ധ ദമ്പതികൾ. മുംബൈ സ്വദേശികളായ നാരായണന്‍ ലാവതെയും ഭാര്യ ഇരാവതിയുമാണ് അപേക്ഷകര്‍.

ഡിസംബറിലാണ് തങ്ങള്‍ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചത്. എന്നാല്‍, ഇതുവരെയും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വിവരാവകാശ നിയമപ്രകാരം നീങ്ങാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 20നാണ് വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് നല്കിയിരിക്കുന്നത്.

ജീവന്മരണക്കേസുകളില്‍ 48 മണിക്കൂറിനകം വിവരാവകാശ നിയമപ്രകാരം മറുപടി നല്കണമെന്നാണ് നിയമം. എന്നാല്‍, 11 ദിവസങ്ങള്‍ക്ക് ശേഷവും ആ അപേക്ഷയിന്മേല്‍ മറുപടി ലഭിക്കാതായതോടെ പരാതിയിന്മേല്‍ അപ്പീലിന് കോടതിയെ സമീപിച്ചിരിക്കുകയാണ് ദമ്പതിമാര്‍. 30 ദിവസത്തിനകം വാദംകേള്‍ക്കലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവർ.

തങ്ങള്‍ക്ക് കുട്ടികളില്ല. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുമില്ല. എന്നാല്‍, ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാന്‍ തങ്ങളെക്കൊണ്ടിനി ആവില്ലെന്നും അതിനാല്‍ ദയാവധത്തിന് വിധേയരാക്കണമെന്നുമാണ് രാഷ്ട്രപതിക്കുള്ള കത്തില്‍ ദമ്പതിമാര്‍ ആവശ്യപ്പെട്ടത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് ഇവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button