പള്ളുരുത്തി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് സമീപം കപ്പല്‍ചാലില്‍ ഡ്രഡ്ജിംഗ് നടത്തുകയായിരുന്ന ഡ്രഡ്ജര്‍ പാലത്തില്‍ ഇടിച്ചു. ത്രിദേവി പ്രേം എന്ന ഡ്രഡ്ജറാണ് വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ ഇടിച്ചത്. പാലത്തിന് ബലക്ഷയമുണ്ടായിട്ടുണ്ടോ എന്ന് വിശദ പരിശോധനയിലൂടെയേ വ്യക്തമാകൂ.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശക്തമായ വേലിയേറ്റ സമയത്ത് കപ്പല്‍ചാലില്‍ നിന്ന് നിയന്ത്രണം വിട്ടൊഴുകി വന്ന ഡ്രഡ്ജര്‍ പാലത്തിന്റെ തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കുറേ സമയം പാലത്തില്‍ തങ്ങിക്കിടന്ന ഡ്രഡ്ജര്‍ നേവിയുടെ രണ്ട് ടഗ്ഗുകളെത്തി സ്ഥലത്തുനിന്ന് നീക്കി. വിവരമറിഞ്ഞ് നിരവധിപേര്‍ പാലത്തില്‍ തടിച്ചുകൂടി. സംഭവത്തെക്കുറിച്ച് നേവിയോ പൊലീസോ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അധികൃതര്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
2004 ജൂലായില്‍ കമല്‍ എന്ന ഡ്രഡ്ജര്‍ പഴയ വെണ്ടുരുത്തി പാലത്തിലും തൊട്ടടുത്തുള്ള റെയില്‍വേ പാലത്തിലും ഇടിച്ച് രണ്ടു പാലങ്ങള്‍ക്കും ബലക്ഷയം സംഭവിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനല്‍സിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.
Post Your Comments