ഒരു നല്ല കമ്യൂണിസ്റ്റുകാരനാണെങ്കിൽ മാത്രം ബീജം സ്വീകരിക്കുകയുള്ളൂവെന്ന് ചൈനയിലെ ബീജബാങ്ക്. ചൈനയിലെ ഹാര്‍വാഡ് എന്നറിയപ്പെടുന്ന പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജബാങ്കാണ് വിചിത്രമായ നിര്‍ദേശം പുറപ്പെടുവിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ ശക്തമായ പ്രതികരണങ്ങൾ എത്തിയതോടെ ആശുപത്രിയുടെ ഔദ്യോഗിക സൈറ്റില്‍നിന്ന് നോട്ടീസ് നീക്കംചെയ്തു.
ദാതാവിന് ജനിതക-സാംക്രമിക രോഗങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അതിനൊപ്പം ആശയപരമായി ഉറച്ചബോധവും ഉണ്ടായിരിക്കണം. മാതൃരാജ്യത്തോട് സ്‌നേഹമുള്ള, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കുന്ന, രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്ന, രാഷ്ട്രീയവിവാദങ്ങളില്‍പ്പെടാത്ത 20-നും 45-നും മധ്യേ പ്രായമുള്ള വ്യക്തിയാവണം ദാതാവ് എന്നാണ് നോട്ടീസില്‍ പറയുന്നത്. രണ്ടുതവണ നടക്കുന്ന മെഡിക്കല്‍ പരിശോധനയ്ക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്ന ദാതാവിന് 5500 യുവാന്‍(ഏകദേശം 59,000 രൂപ) പാരിതോഷികമായി നല്‍കും. നിലവിൽ 23 ബീജ ബാങ്കാണ് രാജ്യത്തുള്ളത്.
Post Your Comments