കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേതാവിനെ അര ഡസനോളം പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു. വെള്ളിയാഴ്ച ബങ്കുരയിലാണ് സംഭവം. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ അക്രമത്തിനെതിരെ പരാതി നല്‍കുന്നതിനായി ജില്ലാ മജിസ്ട്രേറ്റ് ഓഫീസില്‍ എത്തിയപ്പോഴായിരുന്നു നേതാവിന് നേരെ ആക്രമണമുണ്ടായത്.
ഹെല്‍മെറ്റ് ധരിച്ചും തൂവല കൊണ്ട് മുഖം മറച്ചും എത്തിയ അക്രമികളാണ് ആക്രമണം നടത്തിയത്. ഇവര്‍ ബി.ജെ.പി നേതാവിന്റെ കാറിന്റെ പിന്നിലെ വിന്‍ഡ് ഷീല്‍ഡ് അടിച്ചു തകര്‍ത്തു. തുടര്‍ന്ന് നേതാവിനെ കാറില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ട് മര്‍ദ്ദിക്കുകയും കൂട്ടം ചേര്‍ന്ന് ചവിട്ടുകയും ചെയ്യുകയായിരുന്നു.
#WATCH Bankura: BJP State Secretary Shyamapada Mondal attacked, allegedly by TMC workers. #WestBengal pic.twitter.com/RSgwJbHYCp
— ANI (@ANI) April 6, 2018
സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ആരോപണം തൃണമൂല്‍ നേതൃത്വം നിഷേധിച്ചു.
മേയ് 1,3,5 തീയതികളിലായി സംസ്ഥാനത്തെ 60,000 പഞ്ചായത്ത് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബംഗാളില്‍ വ്യാപക അക്രമ പരമ്പരകളാണ് അരങ്ങേറിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, തങ്ങളുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദ്ദേശം നല്‍കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും പരാതിപ്പെടുന്നു. എന്നാല്‍ പ്രതിപക്ഷം നിരവധി നാമനിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയേയും ഗവര്‍ണറെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.
മുര്‍ഷിദാബാദ്, ജല്‍പായ്ഗുഡി, നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലകളില്‍ ഇന്നും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ബി.ജെ.പി നേതാക്കള്‍ മയോ റോഡിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. സി.പി.എം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
Post Your Comments