Latest NewsKeralaNewsUncategorized

റേഡിയോജോക്കിയുടെ വധം ആസൂത്രണം സാത്താന്‍ ചങ്ക്‌സ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ

തിരുവനന്തപുരം: റേഡിയോജോക്കിയുടെ കൊലപാതകം ആസൂത്രണം സാത്താന്‍ ചങ്ക്‌സ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ.  രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ഖത്തറിലെ വ്യവസായി പത്തിരി സത്താര്‍ എന്നു വിളിക്കുന്ന അബ്ദുള്‍ സത്താര്‍ തന്നെയെന്നു പോലീസ്. സത്താറിന്റെ ഭാര്യയും കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തുമായ നര്‍ത്തകിക്കു ക്വട്ടേഷനില്‍ പങ്കുണ്ടോ എന്നു പരിശോധിക്കും.

ഈ യുവതി വാട്ട്‌സ്ആപ്പ് കോളിലൂടെ രാജേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നിനു തെളിവുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം ശക്തികുളങ്ങര സ്വദേശി സനു (33) അറസ്റ്റിലായി. ഇയാളില്‍നിന്ന് രണ്ടു വാളുകള്‍ പിടിച്ചെടുത്തു. സത്താറിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഇന്നലെ തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ക്രൈംബ്രാഞ്ച് ഡി.ജി.പി മുഖാന്തരം ഖത്തര്‍ പോലീസിനു റെഡ് കോര്‍ണര്‍ നോട്ടീസ് കൈമാറും. കൊലപാതകത്തില്‍ പങ്കില്ലെന്ന സത്താറിന്റെ വാദം പോലീസ് വിശ്വസിക്കുന്നില്ല.

കൊലയാളികള്‍ക്കായുള്ള അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിനു ഗുരുതര വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പാളിച്ചയുണ്ടായി. പോലീസ് അറിഞ്ഞോ അറിയാതെയോ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കൊലയാളിസംഘം സഞ്ചരിച്ചിരുന്ന കാര്‍ സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞയുടന്‍ കാറുടമയെ നേരിട്ടുവിളിച്ച് അന്വേഷിക്കുകയാണ് അന്വേഷണസംഘത്തിലെ ഒരു എസ്.ഐ. ചെയ്തത്.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ കാറുടമ, കാര്‍ കഴുകി വൃത്തിയാക്കി അടൂരില്‍ കൊണ്ടിട്ടു. കാര്‍ കൊണ്ടുപോയത് എന്തിനെന്ന് അറിയില്ലായിരുന്ന ഉടമ കാര്യമന്വേഷിച്ചതോടെ പ്രതികള്‍ പോലീസിന്റെ നീക്കങ്ങള്‍ അറിയുകയും ചെയ്തു. മുങ്ങാന്‍ വൈകിയില്ല. അടൂരില്‍ ഉടമസ്ഥനില്ലാതെ കാര്‍ കണ്ടെത്തിയെന്നു വിവരം ലഭിച്ചതോടെ കാര്‍ കിളിമാനൂരില്‍ കൊണ്ടുവന്ന് എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ രണ്ടു ദിവസം സൂക്ഷിച്ചു. പിന്നീടാണ് ഫോറന്‍സിക് പരിശോധനയ്ക്കു കൊണ്ടുപോയത്.

അപ്പോഴേക്കും ശാസ്ത്രീയ തെളിവുകള്‍ നഷ്ടമായിരുന്നു. കാറിനെപ്പറ്റി രഹസ്യമായി അന്വേഷിച്ചു പിടിച്ചെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മറിച്ചായേനെ. പ്രതി വിദേശത്തേക്കു കടന്ന നിലയ്ക്ക് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 27 ന് പുലര്‍ച്ചെ രണ്ടോടെയാണ് മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകന്‍ രാജേഷി(35) നെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടനും വെട്ടേറ്റു.

മടവൂരില്‍ മെട്രാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തുന്ന രാജേഷിനെ സ്വന്തം സ്ഥാപനത്തിലിട്ടാണു വെട്ടിയത്. സ്ത്രീ വിഷയമാണു കൊലപാതകത്തിനു പിന്നിലെന്നും ക്വട്ടേഷന്‍ ആക്രമണമാണെന്നും തുടക്കത്തിലേ സംശയമുയര്‍ന്നു. അന്വേഷണം പുരോഗമിക്കുന്നതും ആ ദിശയിലാണ്. സനുവിനു പുറമേ രണ്ടു പേര്‍ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.

ആയുധങ്ങള്‍ ശേഖരിച്ചുവച്ചതും കൊലയാളികള്‍ ആക്രമണത്തിനു മുമ്പും പിമ്പും താമസിച്ചതും സനുവിന്റെ വീട്ടിലായിരുന്നത്രേ. ഇയാള്‍ ‘സാത്താന്‍ ചങ്ക്‌സ്’ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഗ്രൂപ്പിലുള്ളവരുടെ ഒത്തുചേരല്‍ എന്ന നിലയിലാണ് താവളമൊരുക്കിയത്. സനുവിന്റെ വീട്ടില്‍ താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ക്വട്ടേഷന്‍ യാത്രയ്ക്ക് ഉപയോഗിച്ച കാര്‍ അവിടെ കൊണ്ടുവന്നിരുന്നു. കൊലപാതകത്തിനു രണ്ടു ദിവസം മുമ്ബ് പ്രതികള്‍ കാറിലും മോട്ടോര്‍ െസെക്കിളിലും മടവൂരിലെത്തി നിരീക്ഷണം നടത്തിയിരുന്നു.

റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ടശേഷം തുടങ്ങിയ കേസന്വേഷത്തിന്റെ ആരംഭം മുതല്‍ക്കേ കൊലപാതകികളെ കുറിച്ചും ക്വട്ടേഷന്‍ നല്‍കിയവരെ കുറിച്ചും പലതരത്തിലുമുള്ള വെളിപ്പെടുത്തലുകളും സംശയങ്ങളുമായിരുന്നു പോലീസ് പ്രകടമാക്കിയിരുന്നത്. റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് വഴിവെച്ചത് ഖത്തറിലുള്ള ആലപ്പുഴക്കാരിയായ നൃത്തഅദ്ധ്യാപികയും നര്‍ത്തകിയുമായ യുവതിയുമായുള്ള വഴിവിട്ട ബന്ധമായിരുന്നുവെന്നാണ് പോലീസ് ആദ്യം പറഞ്ഞത്.

ഇതിലൂടെ ക്വട്ടേഷന്റെ സൂത്രധാരന്‍ നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവ് ഖത്തറിലെ വ്യവസായികൂടിയായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താര്‍ ആണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു. കേസന്വേഷണത്തില്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തില്‍ പ്രതികള്‍ക്ക് താവളം ഒരുക്കി കൊടുത്ത്,ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ചെയ്ത സനുവിനെ ചോദ്യം ചെയ്തപ്പോഴും ആണ് പോലീസ്, കേസില്‍ പുതിയൊരു ട്വിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്.

കൊലപാതകത്തിന് നേതൃത്വം കൊടുത്തത് ഖത്തറില്‍ ജിം-ട്രയിനറായി ജോലിചെയ്യുന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയായ ഓച്ചിറ സ്‌കൈലാബില്‍ സാലിഹ് ബിന്‍ ജലാലാണെന്ന കാര്യത്തില്‍ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് തര്‍ക്കമില്ല. കൊല നടത്തിയത് കായംകുളം അപ്പുണിയാണെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തത് നര്‍ത്തകി തന്നെയാണെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്. ഇതിന് ചിലകാരണങ്ങളും പോലീസ് മുന്നോട്ടുവയ്ക്കുന്നു.

രാജേഷുമായുള്ള നര്‍ത്തകിയുടെ അടുപ്പത്തെ നര്‍ത്തകിയുടെ ഭര്‍ത്താവായ അബ്ദുള്‍ സത്താറിന്റെ മുന്നിലെത്തിക്കുന്നത് സ്വാലിഹാണ്. വെറും ജീവനക്കാരനായെത്തിയ സ്വാലിഹ് പിന്നേട് സത്താറിന്റെ ബിസിനസ്സ് പങ്കാളിയായി. രാജേഷുമായി ബന്ധമുള്ളതുപൊലെ നര്‍ത്തകിക്ക് സ്വാലിഹുമായി അടുപ്പുമുണ്ടായിരുന്നുവെന്നതും പൊലീസിന്റെ നിഗമനങ്ങളായി പുറത്തുവരികയാണ്. ക്വട്ടേഷന് പിന്നില്‍ നൃത്ത അദ്ധ്യാപികയെ സ്വന്തമാക്കലും ഭര്‍ത്താവിന്റെ സ്വത്തും പണവും തട്ടിയെടുക്കലുമായിരുന്നു ലക്ഷ്യമെന്നും അന്വേഷണസംഘം സംശയിക്കുന്നു.

സാമ്പത്തികമായും മാനസികമായും തകരുകയും യാത്രവിലക്ക് നിലനില്‍ക്കുകയും ചെയ്യുന്ന സത്താര്‍ കൊലപാതകം ആസൂത്രണം ചെയ്തങ്കില്‍ പണം കൊടുത്തതാര് എന്ന ചോദ്യവും പോലീസിനെ കുഴപ്പിക്കുന്നുണ്ട്. നര്‍ത്തകിയുടെ മൊഴികളിലെ വൈരുദ്ധ്യം ഇതൊക്കെ ശരിവയ്ക്കുന്നുവെന്നതാണെന്നും അന്വേഷണസംഘം പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button