തൃശൂര്‍: ദലിത് പീഡന നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയുമായി സിപിഐ മന്ത്രി വി എസ് സുനില്‍കുമാര്‍. ഹര്‍ത്താല്‍ ദിനത്തില്‍ നാട്ടിക എസ്എന്‍ കോളജ് സംഘടിപ്പിക്കുന്ന സുവര്‍ണജൂബിലി സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നാണ് വി എസ് സുനില്‍കുമാര്‍ ദലിത് സംഘടനകളുടെ ഹര്‍ത്താലിന് പിന്തുണ നല്‍കുക. “ഹര്‍ത്താലായതിനാല്‍ ഔദ്യോഗിക വാഹനത്തില്‍ പോയി പങ്കെടുക്കാന്‍ കഴിയില്ല. തനിക്ക് വേണമെങ്കില്‍ ബൈക്കില്‍ പോകാവുന്നതേയുള്ളൂ. എന്നാല്‍ പോകുന്നില്ല. കാരണം ദലിതര്‍ ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ ഒരു പരിപാടിയില്‍പോയി പങ്കെടുക്കുന്നത് മോശമാണെന്ന് തോന്നുന്നുവെന്ന് മന്ത്രി പറഞ്ഞു. ‘
ദലിത് സംഘടനകള്‍ ദേശീയതലത്തില്‍ നടത്തിയ ഭാരത് ബന്ദിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചതാണ്. അപ്പോള്‍ സ്വാഭാവികമായും ഇവിടുത്തെ സമരത്തിന് പാര്‍ട്ടി പിന്തുണയുണ്ടാവുമെന്ന് വിശ്വസിക്കുന്നതായും മന്ത്രി പറഞ്ഞു. ഇനി പാര്‍ട്ടി പിന്തുണയില്ലാത്ത ഹര്‍ത്താലാണെങ്കിലും ദിനത്തില്‍ മന്ത്രിമാര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ പോവാറില്ല. പിന്നീടൊരു വിവാദം ഉണ്ടാക്കേണ്ടല്ലോ എന്നു വിചാരിച്ചാണ് അത്. എന്തായാലും ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ല. നമ്മള്‍ പങ്കെടുത്താല്‍ അവര്‍ക്ക് വിഷമം തോന്നും ചിലപ്പോള്‍. പരിപാടി മാറ്റിവയ്ക്കാന്‍ താന്‍ പ്രിന്‍സിപ്പലിനെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും’ മന്ത്രി വ്യക്തമാക്കി.
അതേസമയം പരിപാടി മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ അനിത പറഞ്ഞു. ഓര്‍ഗനൈസിങ് കമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്നും അവര്‍ വിശദീകരിച്ചു.
എസ്എന്‍ ട്രസ്റ്റിനു കീഴിലുള്ള കോളജിലെ പരിപാടി മാറ്റിവയ്ക്കണമെന്ന ആവശ്യമായി റവല്യൂഷണറി യൂത്ത് രംഗത്തെത്തി. ദലിത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പരിപാടി തടയുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സുവര്‍ണ ജൂബിലി ആഘോഷം മാറ്റിവയ്ക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ച നടത്താനൊരുങ്ങിയിരിക്കുകയാണ് കോളജ് അധികൃതര്‍. കേരളത്തിലെ ദലിത് സംഘടനകളുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സിപിഐ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
also read ;തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍
Post Your Comments