ലണ്ടന്‍: സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പളത്തില്‍ കടുത്ത ലിംഗവിവേചനം. ബ്രിട്ടനിലെ പത്തില്‍ എട്ടോളം സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങള്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നതായി വെളിപ്പെടുത്തല്‍. 78 ശതമാനം കമ്പനികളിലും വിവേചനം നിലനില്‍ക്കുന്നു. ഈ കമ്പനികള്‍ പുരുഷന്മാര്‍ക്ക് നല്‍കുന്നതിനെക്കാള്‍ 12 ശതമാനത്തോളം കുറവ് ശമ്പളമാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. അയര്‍ലന്‍ഡിലെ വിമാനക്കമ്പനിയായ റിയാന്‍ എയര്‍ ആണ് ഏറ്റവും വലിയ വിവേചനം കാണിക്കുന്നത്. പുരുഷ പൈലറ്റുമാരെക്കാള്‍ 71.8 ശതമാനം വേതനം വനിതാ പൈലറ്റുമാര്‍ക്ക് കുറവാണ്.
രാജ്യത്തെ ബഹുഭൂരിപക്ഷം ബാങ്കുകളിലും വനിതാജീവനക്കാരുടെ ശമ്പളം പുരുഷന്മാരെക്കാള്‍ ഏറെ കുറവാണ്. നോര്‍ത്ത് വെയ്ല്‍സ് ന്യൂസ് മീഡിയ എന്ന പ്രാദേശിക മാധ്യമസ്ഥാപനത്തിലെ 85.2 ശതമാനം പുരുഷന്മാര്‍ക്കും സ്ത്രീകളെക്കാള്‍ കൂടുതല്‍ ശമ്പളം ഉണ്ട്. ബ്രിട്ടീഷ് ഫുട്ബോള്‍ ക്ലബ്ബായ മില്‍വാളിലെ 80 ശതമാനം പുരുഷന്മാരും കൂടുതല്‍ ശമ്പളം വാങ്ങുന്നുണ്ട്.
അതേസമയം 250-ല്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളും വേതനവിവേചനം സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞവര്‍ഷം ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം നല്‍കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ തൊഴിലിടങ്ങളിലെ ലിംഗവിവേചനം സംബന്ധിച്ച ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.
ബുധനാഴ്ച അര്‍ധരാത്രിവരെയാണ് വിവരങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ക്ക് സമയം നല്‍കിയിരുന്നത്. ഇതുപ്രകാരം 10,015 കമ്പനികള്‍ റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ 14 ശതമാനം കമ്പനികള്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കി. എട്ട് ശതമാനം കമ്പനികളില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ ശമ്പളം നല്‍കുന്നുണ്ട്.
Post Your Comments