മൂവാറ്റുപുഴ: ഗായകന്‍ എം.ജി ശ്രീകുമാറിന്റെ ഭൂമി കയ്യേറ്റ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിജിലന്‍സ്. എം.ജി. ശ്രീകുമാര്‍ ബോള്‍ഗാട്ടി പാലസിനു സമീപം അനധികൃതമായി കെട്ടിടം നിര്‍മിച്ചെന്ന ഹര്‍ജിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ട ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് 15 ദിവസം കൂടി ആവശ്യപ്പെട്ടു. ജൂണ്‍ 11നു വീണ്ടും പരിഗണിക്കും.
അന്വേഷണം നടത്തി ഫെബ്രുവരി 19നു മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്ന കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റിനു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഫെബ്രുവരി 19നു വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു. അതിനു ശേഷം രണ്ടാം തവണയാണ് അന്വേഷണ സംഘം കൂടുതല്‍ സമയം ചോദിക്കുന്നത്.
അന്നത്തെ മുളവുകാട് പഞ്ചായത്ത് അസി. എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരാണു കേസിലെ മറ്റ് എതിര്‍കക്ഷികള്‍.
മുളവുകാട് വില്ലേജില്‍ 11.50 സെന്റ് സ്ഥലം 2010ല്‍ എം.ജി. ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മാണ ചട്ടം ലംഘിച്ചും കെട്ടിട നിര്‍മാണം നടത്തിയെന്നാരോപിച്ചു കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Post Your Comments