ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച സല്‍മാന്‍ ഖാന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കില്ലെന്ന് ജോധ്പുര്‍ ജയില്‍ ഡി.ഐ.ജി വിക്രം സിങ്. പ്രത്യേക ആവശ്യങ്ങളൊന്നും അദ്ദേഹം മുന്നോട്ടുവച്ചിട്ടില്ലെന്നും ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം നമ്പര്‍ വാര്‍ഡിലാണ് സല്‍മാന്‍ ഖാനെ പാര്‍പ്പിച്ചിട്ടുള്ളത്. 106 ആണ് അദ്ദേഹത്തിന്റെ നമ്പര്‍.
അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും ജയില്‍ ഡി.ഐ.ജി വ്യക്തമാക്കി. ജയിലിലെ യൂണിഫോം അദ്ദേഹത്തിന് നാളെ നല്‍കും. സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി നാളെയാവും പരിഗണിക്കുക. അഭിഭാഷകന് അദ്ദേഹത്തെ ഏതുസമയവും കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രത്യേക പരിഗണനകള്‍ ഇല്ലാത്തിനാല്‍ അദ്ദേഹം നിലത്താവും കിടക്കുകയെന്നും നാല് പുതപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നാലാം തവണയാണ് സല്‍മാന്‍ ഖാന്‍ ജയിലിലെത്തുന്നത്. 1998 ലും 2006 ലും 2007 ലുമായി അദ്ദേഹം 18 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ആശ്രമത്തില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി അസറാം ബാപ്പു, ഒരാളെ വെട്ടിക്കൊന്നശേഷം ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശംഭുലാല്‍ റെയ്ഗാര്‍ എന്നിവര്‍ അടക്കമുള്ളവരാണ് ബാരക്ക് നമ്പര്‍ രണ്ടിലെ മറ്റ് തടവുകാര്‍.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്.
Post Your Comments