ലഖ്നൗ : എല്ലാദിവസവും സ്വമേധയാ സ്റ്റേഷനിലെത്തി ഹാജർ വയ്ക്കുകയാണ് ഉത്തർപ്രദേശിലെ ലഹർപൂർ കോട്വാലി സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകൾ. നല്ലനടപ്പിലായ ചിലരൊക്കെ ഉറങ്ങുന്നതും സ്റ്റേഷൻ പരിസരത്ത് തന്നെ. കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുന്നില്ലെന്നതിന്റെ തെളിവായിട്ടാണ് പൊലീസ് സ്റ്റേഷനിൽ തന്നെ ഉറങ്ങുന്നതെന്നാണ് ഇവരുടെ ഭാഷ്യം. . ഗുണ്ടാ പ്രവർത്തനങ്ങൾക്കും കൊള്ളയ്ക്കും കൊള്ളിവെപ്പിനുമെതിരെ ശക്തമായ നടപടികളെടുക്കാൻ യോഗി പൊലീസുകാർക്ക് നിർദ്ദേശം നൽകിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
തോക്ക് കൊണ്ട് സംസാരിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയും തോക്കു കൊണ്ടു തന്നെയായിരിക്കുമെന്ന് യോഗി പ്രഖ്യാപിക്കുകയും ചെയ്തു. യോഗി സർക്കാർ അധികാരമേറ്റതിനു ശേഷം ഇതുവരെ നാൽപ്പതോളം കൊടും കുറ്റവാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട് . 1100 ഏറ്റുമുട്ടലുകൾ നടന്നു . 2770 ഗുണ്ടകൾ അറസ്റ്റിലായി . 260 ക്രിമിനലുകൾക്ക് പരിക്കേറ്റു . നാലു പോലീസുകാർ വീരമൃത്യു വരിക്കുകയും 277 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മിക്ക ഗുണ്ടകളും മര്യാദക്കാരായി.
അഖിലേഷ് യാദവ് ഭരണത്തിൽ ക്രമസമാധാനം തകർന്ന യുപിയെ തിരിച്ച് സമാധാനത്തിലേക്ക് കൊണ്ടുവരാനുള്ള യോഗി സർക്കാരിന്റെ നടപടികളാണ് മനം മാറ്റത്തിനു കാരണം. ക്രിമിനലുകൾക്കെതിരെ നടപടികൾ ശക്തമായതോടെ ജനങ്ങളും ആശ്വാസത്തിലാണ് . അക്രമത്തെക്കുറിച്ച് പരാതിപ്പെട്ടാൽ മിനിട്ടുകൾക്കകം പൊലീസെത്തും . കുറ്റവാളികളെ പിടികൂടുന്നതിൽ മുഖം നോക്കാറില്ലെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നടപടികൾ കർശനമായതോടെ ഗുണ്ടാ പ്രവർത്തനത്തിൽ നിന്ന് പിന്തിരിഞ്ഞ കുപ്രസിദ്ധ ഗുണ്ടകൾ പച്ചക്കറിക്കച്ചവടവും പഴം വിൽപ്പനയുമായി ജോലി ചെയ്ത് ജീവിക്കാനും ആരംഭിച്ചെന്നാണ് മീററ്റിൽ നിന്നുള്ള റിപ്പോർട്ട്. നല്ല ജീവിതം നയിക്കാൻ മുന്നോട്ടു വരുന്നവർക്ക് എല്ലാ പിന്തുണയും നൽകാൻ പൊലീസ് തയ്യാറാണെന്ന് മീററ്റ് പൊലീസ് സൂപ്രണ്ട് മൻ സിംഗ് ചൗഹാൻ വ്യക്തമാക്കി.
Post Your Comments