കാഞ്ഞങ്ങാട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്)ചേര്‍ന്ന നാലു മലയാളികള്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നാല് പേരും ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള ടെലഗ്രാം സന്ദേശമാണ് ലഭിച്ചത്. സംഘടനയില്‍ ചേര്‍ന്ന മറ്റുള്ളവര്‍ സുരക്ഷിതരാണെന്നും സന്ദേശത്തില്‍ പറയുന്നു.
കാസര്‍ഗോഡ് പടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപം ഹംസ സാഗര്‍ വീട്ടില്‍ കെ.പി. ഷിഹാസ്, ഭാര്യ ഉള്ളാള്‍ സ്വദേശി അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ മുഹമ്മദ് മര്‍ഷാദ് എന്നിവര്‍ മരിച്ചതായാണ് കഴിഞ്ഞ 19ന് വിവരം ലഭിച്ചത്. ഇവര്‍ ഒരുമാസം മുമ്പ് കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗം സഥിരീകരിച്ചു. എന്നാല്‍, ഇക്കാര്യം എന്‍.ഐ.എ. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍ നങ്കഹാര്‍ തോറബോറയില്‍ യു.എസ്. സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണു വിവരം.
പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നായി ഐ.എസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന പതിനഞ്ചു പേരില്‍ മൂന്നുപേര്‍ ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടതായി വിവരമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ഐ.എസില്‍ ചേര്‍ന്നതെന്നാണു സൂചന. ലക്ഷദ്വീപിലേക്കാണെന്ന് പറഞ്ഞാണ് കെ.പി. ഷിഹാസും ഭാര്യയും വീട് വിട്ടിറങ്ങിയത്. ഷിഹാസിന്റെ ജ്യേഷ്ഠ സഹോദരന്‍ ഡോ. ഇജാസ്, ഭാര്യ റഫീന, ഇവരുടെ രണ്ടു വയസുള്ള മകള്‍ ഹയാന്‍ എന്നിവരും കാണാതായവരില്‍പ്പെടും.
2016 ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവരെ കാണാതായത്. തങ്ങളുടെ കൂടെ അവശേഷിക്കുന്ന മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്ന് പടന്നയിലെ അഷ്ഫാഖ് മജീദ് ബന്ധുക്കളെ അറിയിച്ചത്. സാമൂഹികപ്രവര്‍ത്തകനായ ബി.സി.എ റഹ്മാന് ഏറ്റവും ഒടുവില്‍ അയച്ച സന്ദേശത്തില്‍, ഇപ്പോഴത്തെ ഖലീഫ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇവരെ വീട്ടുകാര്‍ക്കു ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടു കഴിഞ്ഞ 19ന് വീണ്ടും ഓണ്‍ലൈനില്‍ വന്നു. ഖുറസാന്‍ ഐഎസ് പ്രവിശ്യ നിലവിലുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നും അവിടെ പ്രശ്നങ്ങളുണ്ടെന്നും അഷ്ഫാഖ് മജീദ് അറിയിച്ചു.
Post Your Comments