തിരുവനന്തപുരം•തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റര്‍മാരുടേയും അടിയന്തിര യോഗം 31-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മെഡിക്കല്‍ കോളേജ് ഒ.പി. ബ്ലോക്കിലെ ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ഒരു ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്നാണ് ജീവനക്കാരെ നേരിട്ട് കാണാന്‍ മന്ത്രി തീരുമാനിച്ചത്. സംസ്ഥാനത്ത് തന്നെ അപൂര്‍വമായിട്ടാണ് ഇങ്ങനെയൊരു യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടുന്നത്.
ഡ്യൂട്ടിയിലില്ലാത്ത എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. അത്യാഹിത വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 10 ട്രോളികളും 5 വീല്‍ ചെയറുകളും അടിയന്തിരമായി വാങ്ങിയിട്ടുണ്ട്. പുതുതായി 50 ട്രോളികള്‍ക്ക് കൂടി വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ കൈ, ജീവനക്കാരന്‍ പിടിച്ച് തിരിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തായത്. സംഭവം അറിഞ്ഞയുടന്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ത്വരിതാന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പി.എസ്.സി. സ്ഥിരം ജീവനക്കാരനായ നഴ്‌സിംഗ് അസിസ്റ്റന്റ് ആര്‍. സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതിന് ശേഷം കൂടുതല്‍ നടപടികളുണ്ടാകും.
സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ത്യാഗവും ഉത്തരവാദിത്വ പൂര്‍ണവുമായ സേവനം നടത്തുന്നവരാണ് മഹാഭൂരിപക്ഷം ജീവനക്കാരും. പ്രവൃത്തിസമയം നോക്കാതെ രോഗികള്‍ക്ക് ആശ്വാസമേകുന്ന മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ബഹുഭൂരിപക്ഷവുമുള്ളത്. എന്നാല്‍ രോഗിയോട് ക്രൂരമായി പെറുമാറുന്നവരും കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതിരിക്കുന്നവരും ഡ്യൂട്ടി സമയത്ത് മറ്റാവശ്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കൈക്കൂലി വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരക്കാര്‍ ആത്മാര്‍ത്ഥമായി സേവനം നടത്തുന്നവര്‍ക്കു കൂടി അവമതി ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും മന:പൂര്‍വമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അതിന് വളമേവുകയാണ് ചെയ്യുന്നത്. അതിനാല്‍ കര്‍ത്തവ്യ വിലോപം കാട്ടുന്നവര്‍ക്കും പൊതുജനാരോഗ്യ സേവന ചിട്ടകള്‍ അനുസരിക്കാത്തവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലെ മേലധികാരികളും ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫീസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീ സൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം സംഭവങ്ങളുടെ മറവില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ കരിതേച്ച് കാണിപ്പിക്കാന്‍ പരിശ്രമിച്ചാല്‍ അതിനെതിരേയും പൊതുജന സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments