Latest NewsNewsDevotional

അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ ചൊല്ലുന്നതിലൂടെ കുട്ടികളിലെ പേടിമാറ്റുന്നതെങ്ങനെ?

പേടികൊണ്ട് മുറ്റത്തേക്കു പോലും ഇറങ്ങാന്‍ മടിയുളള കുട്ടികളുടെ പേടിമാറ്റി ആത്മവിശ്വാസം നിറക്കാനുളള മാര്‍ഗ്ഗമാണ് പത്ത് അര്‍ജ്ജുനനാമങ്ങള്‍ ചൊല്ലുക എന്നത്. പേടിതോന്നുമ്പോള്‍ ചൊല്ലാനായി മുത്തശ്ശിമാര്‍ പണ്ടുകാലം മുതലേ കുട്ടികളെ ചൊല്ലിപ്പഠിപ്പിച്ചിരുന്ന പത്ത് അര്‍ജ്ജുനനാമങ്ങള്‍ താഴെപ്പറയുന്നവയാണ്.

അര്‍ജ്ജുനന്‍, ഫാല്‍ഗുണന്‍, പാര്‍ത്ഥന്‍, വിജയനും വിശ്രുതമായ പേര്‍ പിന്നെ കിരീടിയും ശ്വേതാശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ബീഭത്സവും സവ്യസാചിയും ഞാനെടോ പത്തുനാമങ്ങളും ഭക്ത്യാജപിക്കയാലോ നിത്യഭയങ്ങള്‍ അകന്നുപോം നിര്‍ണ്ണയം.

അര്‍ജ്ജുനന്‍ ഉള്‍പ്പെടെയുളള പത്തുനാമങ്ങളുടെ അര്‍ത്ഥം ഇനിപറയുന്നവയാണ്-

അര്‍ജ്ജുനന്‍ എന്നാല്‍ വെളുത്ത നിറമുളളവന്‍. ഫാല്‍ഗുണന്‍ എന്ന പേരു വന്നത് ഫാല്‍ഗുണമാസത്തില്‍ ഫാല്‍ഗുണനക്ഷത്രത്തില്‍ (ഉത്രം) ജനിച്ചവന്‍ ആയതിനാല്‍. പൃഥ(കുന്തി)യുടെ പുത്രനാകയാല്‍ പാര്‍ത്ഥന്‍. കിരീടി എന്നത് പിതാവ് ദേവേന്ദ്രന്‍ ദേവകിരീടം ശിരസില്‍ അണിയിച്ചവനാകയാല്‍ ലഭിച്ച നാമമാണ്. വിജയന്‍ എപ്പോഴും വിജയിക്കുന്നവനാകയാല്‍, വെളുത്ത കുതിരകളെ പൂട്ടിയ രഥത്തോടു കൂടിയവാനാകയാല്‍ ശ്വേതാശ്വന്‍. ശത്രുക്കളുടെ മുന്നില്‍ ജേതാവായി ഭവിക്കുന്നവനാകയാല്‍ ജിഷ്ണു എന്ന പേരിലും, പോകുന്നിടങ്ങളിലെല്ലാം ധനത്തെയുംഐശ്വര്യത്തെയും ഒപ്പം കൂട്ടുന്നവനാകയാല്‍ ധനഞ്ജയന്‍ എന്നും പേരും ലഭിച്ചു.

ഇരുകരങ്ങളാലും അമ്പെയ്യാന്‍ സമര്‍ത്ഥനാകയാല്‍ കുന്തിപുത്രനെ സവ്യസാചി എന്നും അറിയപ്പെടുന്നു. ബീഭത്സു എന്ന നാമം യുദ്ധക്കളത്തില്‍ ശത്രുക്കളില്‍ ഭയം നിറക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് ലഭിച്ചത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഭയം മാറ്റാനായി വീരനായ അര്‍ജ്ജുനന്റെ നാമങ്ങള്‍ ചൊല്ലുന്നത് നല്ലതാണ്. ടെന്‍ഷനും ഭയത്തിനുമുളള പരിഹാരമാര്‍ഗ്ഗമാണ് നരനാരായണന്‍മാരില്‍ നരനായ അര്‍ജ്ജുനന്റെ പത്തു നാമങ്ങള്‍. ഫലം സുനിശ്ചിതമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button