വാഷിങ്ടന്‍: അടുത്ത സെക്രട്ടറിയേയും പുറത്താക്കി ട്രംപ്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമകാര്യ മന്ത്രാലയത്തെ നയിക്കുന്ന വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ഷല്‍ക്കിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പകരം വൈറ്റ്ഹൗസ് ഫിസിഷ്യന്‍ അഡ്മിറല്‍ റോനി ജാക്‌സനെ നിയമിച്ചു.
പുതിയ നിയമനം സെനറ്റ് അംഗീകരിക്കുന്നതുവരെ റോബര്‍ട്ട് വില്‍ക്കി ഇടക്കാല സെക്രട്ടറിയാകും. ബുഷ് ഒബാമ ഭരണകാലത്ത് വൈറ്റ്ഹൗസില്‍ പ്രവര്‍ത്തിച്ച ഡോക്ടറാണ് റോനി ജാക്‌സന്‍.
ഈ മാസമാദ്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലേഴ്‌സനെ പുറത്താക്കി പകരം സിഐഎ ഡയറക്ടര്‍ മൈക് പോംപിയെ ട്രംപ് നിയമിച്ചിരുന്നു. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം ഇതുവരെ ഡസനിലധികം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
1700 ആശുപത്രികളും ക്ലിനിക്കുകളും ആരോഗ്യപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന ജോലിയാണു വിഎ സെക്രട്ടറിയുടേത്. മന്ത്രാലയം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണു ട്രംപിന്റേതെന്നു പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആരോഗ്യപരിരക്ഷയെ തുരങ്കംവയ്ക്കാന്‍ സ്വകാര്യകമ്പനികളുമായി ചേര്‍ന്നു പ്രസിഡന്റ് ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം.
Post Your Comments