ബെംഗളൂരു•സാമുദായിക വിദ്വേഷം ഉണ്ടക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ‘പോസ്റ്റ് കാര്‍ഡ് ന്യൂസ്’ സഹ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയയിരുന്നു അറസ്റ്റ്. ജൈന മുനി (സന്യാസി) യെ മുസ്ലിം യുവാവ് ആക്രമിച്ചുവെന്ന് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് ഹെഗ്ഡെയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ടി. സുനീല്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 18 നാണ് കര്‍ണാടകയില്‍ മുസ്ലിം യുവാവിന്റെ ആക്രമണത്തില്‍ ജൈന സന്യാസിയ്ക്ക് പരിക്കേറ്റെന്ന വ്യാജ വാര്‍ത്ത ഹെഗ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ റോഡാപകത്തിലായിരുന്നു സന്യാസിക്ക് പരിക്കേറ്റത്.
“സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആരും സുരക്ഷിതരല്ല” എന്നും പോസ്റ്റ് കാര്‍ഡിന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു. കൈയിലും തോളിലും പരിക്കുകളോടെ ഇരിക്കുന്ന സന്യാസിയുടെ ചിത്രവും പോസ്റ്റ്‌കാര്‍ഡ് ന്യൂസ് പങ്കുവച്ചിരുന്നു. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ട്വിറ്ററിലും ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് 13 ന് ഒരു ജൈന പ്രസിദ്ധീകരണത്തിലാണ് പരിക്കേറ്റ ജൈന സന്യാസിയുടെ ചിത്രം ആദ്യം പുറത്തുവന്നത്. റോഡാപകത്തിലുണ്ടായ പരിക്ക് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കര്‍ണാകടകയിലെ കനകപുരയില്‍ വച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ചാണ് സന്യാസിയ്ക്ക് പരിക്കേറ്റതെന്ന് ജൈന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ മായങ്ക് സാഗറും സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് ഹെഗ്ഡെയുടെ അറസ്റ്റ്. ഒരു പരാതി നല്‍കിയിരിക്കുന്നത് ബെംഗളൂരു ജില്ലാ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയാണ്.
ഇന്ത്യന്‍ ശിക്ഷാനിയമം 153എ, 295എ, 120ബി വകുപ്പുകള്‍ പ്രകാരവും ഐ.ടി. ആക്റ്റ് വകുപ്പ് 66 പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെയും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ഹെഗ്ഡെയ്ക്കും പോസ്റ്റ് കാര്‍ഡ് ന്യൂസിനെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments