കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നേകാല്‍ ലക്ഷം മതരഹിത വിദ്യാര്‍ഥികള്‍ ഉണ്ടെന്ന സര്‍ക്കാര്‍ കണക്കില്‍ വന്‍ പിഴവ്. മതവും ജാതിയും രേഖപ്പെടുത്താതെ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ സ്‌കൂളുകളില്‍ പ്രവേശനം നേടിയതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഔദ്യോഗിക കണക്കും സ്കൂളുകളിലെ കണക്കും തമ്മില്‍ വലിയ വ്യത്യാസം. കേരളം മതമില്ലാത്ത സംസ്ഥാനമായി മാറുന്നുവെന്ന് ദേശീയതലത്തില്‍ വരെ ചര്‍ച്ചകള്‍ സജീവമായ സമയത്താണ് സര്‍ക്കാരിന് കണക്ക് പിഴച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
സര്‍ക്കാര്‍ വെബ്‌സൈറ്റായ സമ്പൂര്‍ണയിലും മതം രേഖപ്പെടുത്തിയ കുട്ടികളുടെ വിവരങ്ങളുണ്ട്. എന്നാല്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയസഭയില്‍ വെച്ച കണക്കുകള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. മറ്റ് ജില്ലകളുടെ കണക്കിലും സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ടാകും എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കേരളത്തില്‍ ജാതി,മത രഹിത സമൂഹത്തിലേക്ക് നിര്‍ണായക പരിണാമം. 201718 അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതി,മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 1,24,147 കുട്ടികള്‍ പഠിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വെച്ച കണക്കുകളില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ കണക്ക് പ്രകാരം ഒന്നുമുതല്‍ പത്തുവരെ 1,23,630 കുട്ടികളും ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷത്തില്‍ 278കുട്ടികളും രണ്ടാം വര്‍ഷം 239കുട്ടികളും ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ട്. എന്നാല്‍ സത്യം ഇതല്ല..
മലപ്പുറം,കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ 400ല്‍ അധികം സ്‌കൂളുകളിലെ കണക്കുകളാണ് തെറ്റായി നല്‍കിയിരിക്കുന്നത്. കളമശ്ശേരി രാജഗിരി, അത്താണി സെന്‍റ് ഫ്രാന്‍സിസ് അസീസി , തുറക്കല്‍ അല്‍ഹിദായ സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ ജാതി, മതരഹിത വിദ്യാര്‍ത്ഥികളുടെ എണ്ണം തെറ്റാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇവിടെ 1000ലധികം വിദ്യാര്‍ഥികള്‍ ജാതിമത കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഈ കണക്ക് തെറ്റാണെന്ന നിലപാടിലാണ്. നിര്‍ബന്ധ കോളമല്ലാത്തതിനാല്‍ കോളം പൂരിപ്പിക്കാതെ വിട്ടതായിരിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ ജാതി മതരഹിതരാണ്. എന്നാല്‍ കാസര്‍ഗോഡ് ആറ് സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥിപോലും മതരഹിത വിഭാഗത്തില്‍ ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മലപ്പുറത്തെ വിദ്യാര്‍ഥികളുടെ കണക്കുകളിലും തെറ്റു സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജാതി രേഖപ്പെടുത്തിയ കുട്ടികളും ജാതിരഹിത പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നിയമസഭയില്‍വെച്ച രേഖയില്‍ കാസര്‍ഗോഡ് അഞ്ചു സ്‌കൂളുകളില്‍ 2000ലധികം കുട്ടികള്‍ക്ക് മതമില്ല. എന്നാല്‍ ആറ് സ്‌കൂളുകളില്‍ ഒറ്റക്കുട്ടി പോലും മതരഹിത വിഭാഗത്തിലില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജാതി മതരഹിത സമൂഹം എന്ന പേരില്‍ എന്തിനു സര്‍ക്കാര്‍ ഈ കള്ളക്കണക്ക് നിരത്തുന്നു? ജാതി മതാടിസ്ഥാനത്തില്‍ സംവരണം നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ ജാതിരഹിത വിദ്യാര്‍ഥികള്‍ക്ക് എന്ത് പ്രസക്തി. ബിരുദ ബിരുദാനന്തര വിദ്യാഭ്യാസം കഴിഞ്ഞാലും എടുത്തുമാറ്റാത്ത സംവരണം നിലനില്‍ക്കുകയാണ്. അത്തരം ഒരു സംവരണം ഉയര്‍ന്ന വിദ്യാഭ്യാസ മേഖലകളില്‍ നിന്നും പിന്‍വലിക്കാനോ മാറ്റം കൊണ്ടുവരാനോ കഴിയാത്ത ഭരണകൂടമാണ് ജാതിമതരഹിത സമൂഹത്തിനായി ആവേശം കൊള്ളുന്നത്. ഈ വിരോധാഭാസം ആരും തിരിച്ചറിയുന്നില്ല………. അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു മൗനം പാലിക്കുന്നതോ! മൌനം വിദ്വാനു ഭൂഷണം എന്നാണല്ലോ! അപ്പൊ സംവരണം എടുത്തുകളയാന്‍ പറഞ്ഞാല്‍ ദലിത് വിരുദ്ധന്‍ മുതലുള്ള പദ പ്രയോഗങ്ങളിലൂടെ അധിക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന് പേടിക്കുന്നവര്‍ എങ്ങനെ മിണ്ടാനാണ്.
അനിരുദ്ധന്‍
Post Your Comments