Latest NewsKeralaNews

വെച്ചൂച്ചിറയിലെ ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ആറുദിവസം; ജെസ്നയെ കിഡ്‌നാപ്പ് ചെയ്തതായി സംശയമെന്ന് ബന്ധുക്കള്‍

പത്തനംതിട്ട: ബിരുദ വിദ്യാര്‍ത്ഥിനി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നു ആറുദിവസം. കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുട്ടിൽ തപ്പി പൊലീസ്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലാത്ത പെണ്‍കുട്ടിയായിരുന്നു ജെസ്ന. മൊബൈൽ ഫോൺ കാള്‍ ലിസ്റ്റും ബുക്കും പുസ്തകവുമൊക്കെ പരിശോധിച്ചിട്ടും മറ്റൊരു ബന്ധത്തിന്റെ നേരിയ സൂചന പോലുമില്ല. 22 ന് രാവിലെ 9.30 നാണ് ജെസ്‌നയെ കാണാതാകുന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസര്‍വ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച്‌ മരിച്ചതും അവളെ തളര്‍ത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവള്‍ ആരോടും അവതരിപ്പിച്ചിരുന്നുമില്ല. കോളജിലേക്ക് പോകുന്നത് സഹോദരന്‍ ജെയ്‌സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലാണ് ജെയ്‌സ് പഠിക്കുന്നത്. ജെസ്‌ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാല്‍ ബസിന് വീട്ടിലേക്ക് മടങ്ങൂം. ഇതായിരുന്നു രീതി.

ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്ന അന്ന് . പുസ്തകവുമായി വീടിന്റെ വരാന്തയില്‍ ഇരുന്ന ജെസ്‌ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്‌നയെ ഡ്രൈവര്‍ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നെയാണ് ജെസ്‌നയെ കാണാതായത്. ഇതു സംബന്ധിച്ച്‌ അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനില്‍ പിതാവും ബന്ധുക്കളും പരാതി നല്‍കി.

എന്നാല്‍, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാല്‍ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആര്‍ക്കും ജെസ്‌നയെ കുറിച്ച്‌ എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. മൊബൈൽ വീട്ടിൽ വെച്ചാണ് ജെസ്‌ന അമ്മാവിയുടെ വീട്ടിലേക്ക് പോകാനിറങ്ങിയത്. ഒരു കിഡ്‌നാപ്പിന്റെ സാധ്യതയാണ് ബന്ധുക്കള്‍ പറയുന്നത്.

മറ്റു സാഹചര്യങ്ങളൊക്കെ വച്ചു നോക്കുമ്പോള്‍ അതിന് മാത്രമാണ് സാധ്യതയെന്ന് പിതാവ് ജെയിംസ് ജോസഫ്, സഹോദരന്‍ ജെയ്‌സ് എന്നിവര്‍ പറയുന്നു. സംഭവത്തിൽ പൊലീസിന് പോലും തുമ്പ് ലഭിച്ചിട്ടില്ലാത്തതിനാൽ മാധ്യമങ്ങളോട് സഹായം അഭ്യര്ഥിച്ചിരിക്കുകയാണ് സഹോദരനും പിതാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button