Latest NewsNewsDevotional

അന്ത്യ അത്താഴ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു പെസഹ വ്യാഴം കൂടി

കുരിശുമരണത്തിന് മുന്നോടിയായി യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയായാണ് ക്രൈസ്തവര്‍ ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ച്ച പെസഹ ആചരിക്കുന്നത്. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുര്‍ബ്ബാനയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകും. അന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിന്റെ അന്ന് പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങും ഏറ്റവും പ്രധാനപ്പെട്ടതാണ്. ‘മോണ്ടി തേസ്ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹ ദിനത്തിൽ രാവിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് പെസഹയ്ക്കു ശേഷമുള്ള വെള്ളിയാഴ്ച്ച ദുഃഖ വെള്ളിയായി ആചരിക്കും. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

പെസഹ അപ്പവും പാലും

അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് “പെസഹ പാലിൽ” മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.

കുരിശിനുമുകളിൽ എഴുതുന്ന “INRI” യെ അപ്പവുമായി കൂട്ടി വായിച്ച് ഇണ്ട്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേർ ആയതാണെന്ന് പറയപ്പെടുന്നു.

ചിലയിടങ്ങളിൽ “പാല് കുറുക്ക്” (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു. കുടുംബങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായി ഈ ആചാരം കണക്കാക്കപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button