നമ്മുടെ വീട്ടിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ഒരു പ്രാണിയാണ് ‘സ്പാനിഷ് ഫ്ലൈ’ എന്നറിയപ്പെടുന്ന ‘ബ്ലിസ്റ്റര്‍ ബീറ്റില്‍’. കണ്ടാല്‍ ആരും നോക്കി നിന്നുപോകുന്ന സൗന്ദര്യമുള്ളവനും ഫോക്സ് വാഗണ്‍ കാറിനെപ്പോലെ മനോഹരമായ ലുക്ക് ഒക്കെ ഉണ്ടെങ്കിലും ഇവന്റെ കടി ജീവന്‍ വരെ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതിന്റെ വിഷം ഉള്ളില്‍ ചെന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാരിലാകുമെന്നും ഡയാലിസിസ് വേണ്ടി വന്നേക്കുമെന്നും ഇന്‍ഫോക്ലിനിക്കിലൂടെ ഡോക്ടര്‍ പുരുഷോത്തമനും ഡോക്ടര്‍ നെല്‍സന്‍ ജോസഫും മുന്നറിയിപ്പ് നല്‍കുന്നു.
പണ്ട് നാട്ടുവൈദ്യത്തില്‍, ലൈംഗിക ഉത്തേജനത്തിന് ഈ പ്രാണിയെ ഉണക്കിപ്പൊടിച്ച് നല്‍കിയിരുന്നു. എന്നാല്‍ ആർത്തി പിടിച്ചു ഇത്തിരി അധികമായി കഴിച്ചാല്‍ മരണം ഉറപ്പാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഡോക്ടര്‍മാരുടെ കുറിപ്പിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.
അടുക്കളയിലേക്കു വേണ്ട അൽക്കുൽത്തൊക്കെ വാങ്ങി പതിയെയാണ് വൈകിട്ടത്തെ പതിവ് നടത്തം. കിലോമീറ്ററിൻ്റെയും സമയത്തിൻ്റെയും നിയമമൊക്കെ അങ്ങ് മറക്കും. പൂവും കായും തളിരുമൊക്കെ നുള്ളി കിളികളുടെ കളകളാരവമൊക്കെക്കേട്ടൊരു യാത്ര…അന്നുപക്ഷേ തിരക്കു കാരണം നടത്തം മുടങ്ങി. എന്നാലൊട്ട് പട്ടിണി കിടക്കാനും വയ്യ. അതുകൊണ്ട് നടത്തം സ്കൂട്ടറിലാക്കി.
തിരിയെ വരുമ്പോഴേക്ക് ഇരുട്ട് വീണിരുന്നു. വഴിയോരത്തെ മഞ്ഞ വിളക്കുകൾക്കു ചുറ്റിലും ചെറിയ ഒരു ജാതി ഈച്ചകൾ. ആ നേരം ഹെല്മറ്റിൻ്റെ മുന്നിലെ ചില്ലില്ലാതെയോ, കണ്ണട ഇല്ലാതെയോ ഇരുചക്ര വാഹനങ്ങളിൽ പോയപ്പോളൊക്കെ ഇവ കണ്ണിൽ പെട്ടിട്ടുണ്ട്. ചിലപ്പോ മൂക്കിലും.(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇരുചക്രവാഹനങ്ങളിലെ യാത്രികർ നിർബന്ധമായും ഹെല്മറ്റ് ധർക്കുക.)
പുറകിൽ ഇരിക്കുന്നയാളോട് എന്തോ പറയാൻ വായ തുറന്നതും തൊണ്ടയിൽ ശ്വാസനാളത്തിലേക്കു നേരെ ഒരാൾ ഊളിയിട്ടിറങ്ങിയതും നൊടിയിടയിൽ…. ഒന്ന് ചുമച്ചു ഭാഗ്യത്തിന് അത് തിരിയെ പോന്നു. വായിലേക്കും പിന്നെ അതെ പടി ഇറങ്ങി വയറിലേക്കും പോയി. ഇത്തിരി കയ്പ്പ് ബാക്കിയായി. അതൊരു വലിയ സംഭവം ആക്കേണ്ടതില്ല.
ഒരു സംശയം, “ഈ മിണുങ്ങി പോയ ആൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുവോ?”
“അയ്യേ, എന്തായീ പറയുന്നേ. കഞ്ഞിയിൽ വീണ എത്ര പാറ്റയും തുള്ളനും ഒക്കെ അറിയാതെ കോരി കുടിച്ചു പോയിട്ടുണ്ട്. പണ്ടത്തെ പേര് കേട്ട കള്ളുകുടിയന്മാർ ആരും കേൾക്കണ്ട ഈ സംശയം. ഈച്ചയെയും വണ്ടിനേയും അരിച്ചെടുത്തു കള്ളു മാത്രം വായിലേക്ക് പോവുന്ന അരിപ്പ മീശ തന്നെ ഉണ്ടായിരുന്നു ചിലർക്ക്.”
കടന്നലുകളും തേനീച്ചയും ഒക്കെ കുത്തും. ഇത്തിരി വിഷം കുത്തിവെക്കും. ചില വലിയ വണ്ടുകൾ വെറുതെ കടിച്ചു വേദനിപ്പിക്കും. ഉറുമ്പുകൾ കടിച്ചാൽ ഇത്തിരി ചൊറിയും. എന്നാൽ ഇവയിൽ ഏതെങ്കിലും ഒന്ന് അറിയാതെ വയറ്റിൽ എത്തിയിട്ട് ആർക്കും വിഷബാധ ഉണ്ടായി കേട്ടിട്ടില്ല.
വളരെ പഴയൊരു ഓർമ്മ മനസ്സിൽ എത്തിയത് കൊണ്ടാണ് ഇക്കുറി ഈ ചെറിയ കാര്യത്തിൽ മനസ്സിൽ ലേശം പേടി തോന്നിയത്.
പറയുന്ന കാര്യം കഥയല്ല. നടന്ന കാര്യം. അത് കൊണ്ട് തന്നെ പറയുന്ന കഥാപാത്രത്തെ ഓർക്കുന്നവർ പൊതു വേദിയിൽ വെളിപ്പെടുത്താതിരിക്കാൻ അപേക്ഷ. എഴുപതുകളിലാണ് സംഭവം നടക്കുന്നത്. ആ നാളുകളിൽ ഒരധ്യാപകൻ ആത്മഹത്യാ ശ്രമം നടത്തിയിരിക്കുന്നു.
പതിവ് രീതി ഒന്നുമല്ല.
ആരും അന്ന് വരെ കേട്ടിട്ടില്ലാത്ത ഒരു രീതിയിൽ. അന്ന് കമ്യൂണിറ്റി മെഡിസിനിൽ എന്റമോളജി പഠിക്കണം. അതിനു മാത്രമായി സാറുണ്ട്. വേണ്ടത് തന്നെ. ഒരു പാട് രോഗങ്ങൾ പകർത്തുന്ന പ്രാണികളെക്കുറിച്ചു അറിവ് വേണം. അവിടെ ലാബിൽ ഇവയുടെ ഒക്കെ നല്ലൊരു ശേഖരം ഉണ്ട്. ആ മ്യൂസിയത്തിലെ ഒരു പ്രാണിയുടെ സ്പെസിമെൻ എടുത്തു പൊടിച്ചു കലക്കി കുടിച്ചു.
“ബ്ലിസ്റ്റർ ബീറ്റിൽ എന്ന് വിളിക്കുന്ന സ്പാനിഷ് ഫ്ലൈ.”
രണ്ടാം ദിവസം കിഡ്‌നി പ്രവർത്തനരഹിതമായി. അദ്ദേഹം മരണപ്പെട്ടു. അങ്ങനെ ഒരു രീതി ആരെങ്കിലും പ്രയോഗിക്കും എന്ന് ആര് കരുതി? അതിത്രക്കു ഭീകരൻ ആയിരുന്നു എന്ന് ആരറിഞ്ഞു? അക്കാര്യം മറവിയിലേക്കു പോയി.
ഏറെ നാൾ കഴിഞ്ഞു പിന്നെയും കേട്ടു ബ്ലിസ്റ്റർ ബീറ്റിലിനെ കുറിച്ച്.
ആഞ്ഞു പഠിച്ചു തലപെരുത്തു കഴിയുമ്പോ ഒരു വീക്കെൻഡ്. ശനിയാഴ്ചകളിൽ അല്ലെങ്കിൽ ഒരു പരീക്ഷ ഒക്കെ കഴിയുമ്പോ രാവേറെ ചെല്ലും വരെ ഹോസ്റ്റലിൽ ടെറസ്സിൽ പാട്ടും ബഹളവും ആവും. ചിലപ്പോ അവിടെ തന്നെ തല ചായ്ക്കും. കാലത്തെണീറ്റു കോളേജിൽ എത്തുമ്പോ ആവും മേലൊരു ചൊറിച്ചിലും വേദനയും. ഷർട്ട് അഴിച്ചു നോക്കുമ്പോ തീപ്പൊരി തെറിച്ചു വീണ പോലെ ആകെ പൊള്ളച്ചിരിക്കുന്നു. കാര്യമറിയാതെ ഡെർമറ്റോളജി സാറിനെ കാട്ടാൻ ചെല്ലുമ്പോ ആണ് കാര്യം അറിയുന്നത്.
എന്തായാലും ഒരാഴ്ചത്തേക്ക് പണിയായി. അതീ പ്രാണി കടിക്കുന്നതല്ല.ഇതിന്റെ ദേഹത്തെ നീര് ശരീരത്തിൽ കൊണ്ടാൽ അവിടം പോളച്ചു വരും. കേന്തറിഡിൻ (Cantharidin) എന്ന കൊടിയ വിഷം ആണിത്. ഒരു ഭീകരനെ കുറിച്ചാണ് പറഞ്ഞു വന്നത്. എന്നാലോ ആളെ കണ്ടാൽ വെറും പാവം.
ഇവയിൽ ഒരു പാട് വകഭേദങ്ങളുണ്ട്. കുതിരകളുടെ തീറ്റയിൽ അറിയാതെ പെട്ട് പോയി കുതിരകളുടെ മരണത്തിനു കാരണം ആവുന്നത് കൊണ്ട് ഇതിനെ മൃഗ ചികിത്സകർക്കു നേരത്തെ അറിയാം.
പണ്ടത്തെ നാട്ടു വൈദ്യത്തിലും ഇതുപയോഗിച്ചിരുന്നു. എന്തിനെന്നോ ?
അല്പം അഡൾട്സ് ഒൺലിയാണ്… ചെവിയിൽ പറയാം.
ലൈംഗികോത്തേജനമുണ്ടാവാൻ…ഉണക്കിപ്പൊടിച്ച് കൊടുക്കും.. ആർത്തി പിടിച്ചു ഇത്തിരി അധികമായി പോയാൽ ഉത്തേജനം പരലോകത്തിരുന്നാവും ഉണ്ടാവുകയെന്നേയുള്ളു.. ഒരൊറ്റ വണ്ട് മുഴുവൻ അകത്തു ചെന്നാൽ പിന്നെ ഇങ്ങോട്ടു തിരിയെ പോരില്ല. കാലപുരി പൂകും നിശ്ചയം..
വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും. തുടർന്ന് രക്തം കലർന്ന മൂത്രം വരാൻ സാധ്യത, ചിലപ്പോൾ വൃക്കകൾ പ്രവർത്തനരഹിതമായാൽ മൂത്രം വരാതിരിക്കാനും സാധ്യത, രക്തം കലർന്ന വയറിളക്കം ഉണ്ടാവാനും സാധ്യതയുണ്ട്, ഇതിനോടൊപ്പം ശക്തമായ വയറുവേദനയും ഉണ്ടാവാം. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് കൊടുക്കുന്നത്. വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചാൽ ചിലപ്പോൾ ഡയാലിസിസ് വേണ്ടിവരും.
ഇങ്ങനെയൊക്കെയാണെങ്കിലും ആളെ കണ്ടാൽ ആ സൗന്ദര്യം നോക്കി നിന്നുപോകും. അതാണ് ബ്ലിസ്റ്റർ ബീറ്റിൽ. ഫോക്സ് വാഗൻ ബീറ്റിൽ കാർ പോലെ, നോക്കി നിന്നുപോകും…
ഇത്രയും ഓർമവന്നതാണ് പെട്ടെന്ന് ഒരു പേടി വരാൻ കാരണം.. പേടി അസ്ഥാനത്തായിരുന്നെന്നതും അകത്തുപോയത് സുന്ദരനല്ലായിരുന്നതുകൊണ്ടും ഇപ്പൊ ഇതുപറയാൻ ബാക്കിയുണ്ട് ആള്…വയറുവേദനയുണ്ടായില്ല..മൂത്രത്തിനു പ്രശ്നങ്ങളുണ്ടായില്ല…ഒരു ഉറക്കം കൂടിക്കഴിഞ്ഞപ്പൊ സുഖം സ്വസ്ഥം.
എഴുതിയത്: Dr. Purushothaman K. K. & Dr. Nelson Joseph
Post Your Comments