Latest NewsKeralaNews

തന്റെ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിന്റെ നിലപാട് ധിക്കാരം; കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി രാധാകൃഷ്ണന്‍

കോഴിക്കോട്: തന്റെ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിന്റെ നിലപാട് ധിക്കാരം. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി രാധാകൃഷ്ണന്‍. വികലമായ അദ്ധ്യാപന രീതിയില്‍ മനം മടുത്ത് ഇനി മുതല്‍ തന്റെ കവിതകള്‍ പഠിപ്പിക്കുകയോ, ഗവേഷണത്തിന് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ രംഗത്ത് വന്നത്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ അയനം-സി.വി ശ്രീരാമാന്‍ കഥാ പുരസ്‌ക്കാരം ഇ.പി ശ്രീകുമാറിന് നല്‍കി സംസാരിക്കവെയാണ് സി.രാധാകൃഷ്ണന്‍ ചുള്ളിക്കാടിനെ വിമര്‍ശിച്ചത്.

നല്ല അദ്ധ്യാപകരെപ്പോലും മാനസികമായ തളര്‍ത്തുന്ന നിലപാടാണ് ചുള്ളിക്കാടിന്റെത് എന്നും ധിക്കാരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും സി.രാധാകൃഷ്ണന്‍ തൃശൂരില്‍ പറഞ്ഞു. ഇതോടെ ചുള്ളിക്കാട് ഉയര്‍ത്തിയ വിഷയത്തില്‍ എഴുത്തുകാര്‍ക്കിടയിലെ ഭിന്നത മറ നീക്കിയിരിക്കയാണ്. നേരത്തെ പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ചുള്ളിക്കാടിനെ അനുകൂലിച്ച്‌ രംഗത്തത്തെിയിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ രീതിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാതെ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരബോധമില്ലെന്ന് കാടടച്ച്‌ വിമര്‍ശിക്കുന്നത് ശരിയല്ല. പരിഹാസമല്ല പരിഹാരമാണ് വേണ്ടത്. ഇംഗ്ലീഷ് മാത്രം പഠിപ്പിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് യഥാര്‍ഥ പ്രശ്‌നം.

വാത്മീകി മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെയുള്ളവരുടെ പുസ്തകങ്ങള്‍ ഒന്നും പഠിപ്പിക്കില്ലെന്ന് പറഞ്ഞാല്‍ പിന്നെന്താണ് പഠിപ്പിക്കുക. ‘ഒരു ഗുരുനാഥനും തന്റെ കവിത പഠിപ്പിക്കാന്‍ അര്‍ഹതയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയായില്ല. അക്ഷരം അറിയാവുന്നവര്‍ പണ്ടേ ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ബാലന്‍. നന്നായി ഭാഷ പഠിപ്പിക്കാന്‍ കഴിയുന്നവര്‍ ഇപ്പോഴുമുണ്ട്. നല്ല അദ്ധ്യാപകരെ മാനസികമായി തളര്‍ത്തരുത്’- സി.രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാ പുരസ്‌ക്കാരവും അശുദ്ധമാണെന്ന നിലപാട് ശരിയല്ല. ചുള്ളിക്കാടിന്റെ പ്രസ്താവന വായിച്ചാല്‍ അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളില്‍ നഷ്ടബോധം ഉണ്ടെന്ന് തോന്നും. ഞാന്‍ മദ്യപാനം നിര്‍ത്തിയെന്ന് കൊല്ലവും മാസവും ദിവസവും എണ്ണി മദ്യപാനി പറയുന്നത്‌പോലെയാണിത്.

പാഠ പുസ്തകവും പുരസ്‌ക്കാരവും തമ്മില്‍ എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നന്നായി പഠിപ്പിക്കാന്‍ കഴിവുള്ളവര്‍ ഇന്നുമുണ്ട്. അതുകൊണ്ട് ധിക്കാരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യരുത്.- സി.രാധാകൃഷ്ണന്‍ പറഞ്ഞു. ജീവതത്തില്‍ ഒരു പുരസ്‌ക്കാരവും സ്വീകരിക്കില്ലെന്ന ചുള്ളിക്കാടിന്റെ നിലപാടിനെയും സി.രാധാകൃഷ്ണന്‍ ചോദ്യം ചെയ്തു. സി.രാധാകൃഷ്ണന്റെ അഭിപ്രായ പ്രകടനത്തോടെ സാഹിത്യലോകത്ത് ഈ വിഷയത്തില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമായിരിക്കയാണ്.

പ്രശ്‌സത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ കഴിഞ്ഞ ദിവസം ചുള്ളിക്കാടിനെ ശക്തമായി പിന്തുണച്ച്‌ രംഗത്തത്തെിയിരുന്നു.കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും, ഭാഷാപഠനത്തിന്റെ നിലവാരത്തകര്‍ച്ച അവിശ്വസനീയമാണെന്നും എം ടി പറഞ്ഞു. എന്നാല്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുപോലും അക്ഷരമറിയാത്ത അവസ്ഥ എങ്ങനെയുണ്ടായെന്ന് പഠിക്കാന്‍ അധികൃതര്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രതികരിച്ചിട്ടുപോലുമില്ല. മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി മാത്രമാണ് ചുള്ളിക്കാട് തന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും, അമൂല്യമായ കലാമൂല്യമുള്ള കവിതയാണ് അദ്ദേഹത്തിന്റെതെന്നും അത് പഠിപ്പിക്കാതിരക്കാന്‍ ആവില്ലെന്നും വ്യക്തമാക്കിയത്. പുതിയ സാഹചര്യത്തില്‍ എം ടികൂടി പ്രതികരിച്ചതോടെ ഭാഷാപഠനത്തിന്റെ നിലവാരത്തകര്‍ച്ച ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരും നിര്‍ബന്ധിതരായരിക്കയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button