നരസിംഗപൂര്‍ : ടാങ്കര്‍ ഡ്രൈവറുടെ അവസരോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ടു രക്ഷപെട്ടത് ഒരു നഗരം. മധ്യപ്രദേശിലെ നരസിംഗപൂരിലാണു സംഭവം. കത്തി കൊണ്ടിരുന്ന ഇന്ധന ടാങ്കര്‍ ലോറിയുമായി സാജിദ് എന്ന ഡ്രൈവര്‍ സഞ്ചരിച്ചത് അഞ്ചു കിലോമീറ്റര്‍. നഗരത്തിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുമ്പോഴായിരുന്നു ടാങ്കറിനു തീ പിടിച്ചത്. പെട്രോള്‍ പമ്പിലെ ഇന്ധനടാങ്കിലേയ്ക്കു തീ പടരാതിരിക്കാന്‍ സാജിദ് ലോറി പമ്പില്‍ നിന്നു പുറത്തേയ്ക്ക് ഓടിച്ചു പോയി.
നഗരത്തില്‍ നിന്നു മാറി ലോറി നിര്‍ത്തുക എന്നതായിരുന്നു സാജിദിന്റെ ലക്ഷ്യം. ആളൊഴിഞ്ഞ ഇടം തേടി ആ മനുഷ്യന്‍ ലോറി ഓടിച്ചത് അഞ്ചു കിലോമീറ്റര്‍ ദൂരം. തിരക്കൊഴിഞ്ഞ വഴിയില്‍ എത്തിയപ്പോഴേയ്ക്കും അക്ഷരാര്‍ത്ഥത്തില്‍ വാഹനം പൂര്‍ണ്ണമായും കത്തിരുന്നു. സാജിദിന്റെ ശരീരമാസകലം പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തിരുന്നു. പോയവഴി അല്‍പ്പം തീ പടര്‍ന്നിരുന്നു എങ്കിലും അതൊന്നും ഗൗരവമുള്ളതായിരുന്നില്ല.
സാജിദിന്റെ മരണപാച്ചില്‍ കണ്ട നാട്ടുകാര്‍ അവസരോചിതമായി പ്രവര്‍ത്തിച്ചു. തീ പിടിച്ച വാഹനവുമായി സാജിദ് പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു ഉണ്ടാകാനിരുന്ന ദുരന്തത്തിന്റെ ആഴം മനസിലായത്. പെട്രോള്‍ പമ്പില്‍ നിന്നും അപ്പോള്‍ ടാങ്കര്‍ മാറ്റിയില്ലായിരുന്നു എങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിച്ചേനേ. ഒരു നാടിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വച്ച സാജിദിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.
Post Your Comments