KeralaLatest NewsNews

വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് നാല് ദിവസം, ഒന്നും ചെയ്യാനാവാതെ പോലീസ്‌

പത്തനംതിട്ട: കോളജ്‌ വിദ്യാര്‍ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. മുക്കൂട്ടുതറ കുന്നത്ത്‌ വീട്ടില്‍ ജെയിംസ്‌ ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസി(20)നെ യാണ്‌ കഴിഞ്ഞ 22 ന്‌ രാവിലെ 9.30 മുതല്‍ കാണാതായത്‌. പരാതിയെ തുടര്‍ന്ന് പോലീസെ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനാകാതെ വലയുകയാണ് പോലീസ്. പെണ്‍കുട്ടിയെ കാണാതായ അന്നു രാത്രിതന്നെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌ കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്‌ ജെസ്‌ന.

അധികം ആരോടും സംസാരിക്കുന്ന സ്വഭാവക്കാരിയല്ല. അടുത്ത സുഹൃത്തുക്കളും കുറവാണ്‌. കീ പാഡുള്ള മൊബൈല്‍ ഫോണാണ്‌ ഉപയോഗിക്കുന്നത്‌. ബന്ധുക്കളെയും കൂട്ടുകാരികളെയും മാത്രമാണ്‌ ഇതില്‍നിന്നു വിളിക്കാറുള്ളത്‌. മൊബൈല്‍ ഫോണ്‍ കോള്‍ലിസ്‌റ്റ്, പഠനസാമഗ്രികള്‍ എന്നിവ പരിശോധിക്കുകയും സഹപാഠികളെയും ദൃക്‌സാക്ഷികളെയും ചോദ്യം ചെയ്യുകയും ചെയ്‌തിട്ടും പോലീസിന്‌ തുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും ശാസ്‌ത്രീയമായി പരിശോധിച്ചു. ജെസ്‌നയ്‌ക്ക് പുരുഷസുഹൃത്തുക്കളോ പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലെന്നു സഹോദരന്‍ ജെയ്‌സ് ജോണ്‍ പറഞ്ഞു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത്‌ അയല്‍ക്കാര്‍ കണ്ടിരുന്നു.

22 ന്‌ ജെസ്‌നയ്‌ക്ക് സ്‌റ്റഡി ലീവായിരുന്നു. പിതാവ്‌ ജെയിംസ്‌ കെട്ടിട കരാറുകാരനായതിനാല്‍ പണിസ്‌ഥലത്തേയ്‌ക്കു പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന്‌ അയല്‍ക്കാരോടു പറഞ്ഞ ശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങി. ഒരു ഓട്ടോറിക്ഷയിലാണ്‌ മുക്കൂട്ടുതറ ടൗണില്‍ എത്തിയത്‌. അമ്മായിയുടെ വീട്ടിലേക്കു പോകുന്നുവെന്നാണ്‌ ജെസ്‌ന ഓട്ടോഡ്രൈവറോടും പറഞ്ഞത്‌. കുട്ടി ഓട്ടോയില്‍ വന്ന്‌ ടൗണില്‍ ഇറങ്ങുന്നത്‌ കണ്ടവരുണ്ട്‌. പിന്നീടാണ്‌ കാണാതായത്‌. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്‌തു. ആര്‍ക്കും ജെസ്‌നയെക്കുറിച്ച്‌ എതിരഭിപ്രായമില്ല. സമീപ ദിവസങ്ങളിലൊന്നും അസ്വസ്‌ഥതകളോ അസ്വാഭാവികതയോ ജെസ്‌ന പ്രകടിപ്പിച്ചിരുന്നില്ല.

മൊബൈല്‍ ഫോണ്‍ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല. ഇതു സംബന്ധിച്ച്‌ അന്നു രാത്രി ഏഴരയോടെ പിതാവും ബന്ധുക്കളും എരുമേലി സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവം നടന്നത്‌ വെച്ചൂച്ചിറ സ്‌റ്റേഷന്റെ പരിധിയിലായിരുന്നതിനാല്‍ കേസ്‌ പിറ്റേന്നു രാവിലെ അവിടേക്കു മാറ്റി. മൊബൈല്‍ ഫോണ്‍ കോള്‍ലിസ്‌റ്റ് പരിശോധിച്ചെങ്കിലും അസ്വാഭാവികത കണ്ടെത്താനായില്ല. കഴിഞ്ഞ ജൂലൈ അഞ്ചിനാണ്‌ ജെസ്‌നയുടെ മാതാവ്‌ പനി ബാധിച്ചു മരിച്ചത്‌. അതിന്റെ വിഷമം ജെസ്‌നയ്‌ക്കുണ്ടായിരുന്നതായി സഹോദരന്‍ പറഞ്ഞു. ജെസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാനാണ്‌ സാധ്യതയെന്നു പിതാവും സഹോദരനും പറയുന്നു. പോലീസ്‌ ഈ വഴിക്ക്‌ അന്വേഷിക്കണമെന്നാണ്‌ അവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button