
ലോസ് ആഞ്ചലസ്: ഭൂമി ഉരുണ്ടതല്ലെന്ന് തെളിയിക്കാൻ മാലിന്യ വസ്‌തുക്കളിൽ നിന്നും ഉണ്ടാക്കിയ റോക്കറ്റിൽ പറന്ന മൈക്ക് ഹ്യൂഗ്‌സ് ഒടുവിൽ സുരക്ഷിതനായി തിരിച്ചെത്തി. അമേരിക്കയിലെ കാലിഫോർണിയക്കാരനാണ് മൈക്ക് ഹ്യൂഗ്‌സ്. ശനിയാഴ്‌ചയാണ് തന്റെ കണ്ടെത്തൽ ശരിയാണെന്ന് സ്ഥാപിക്കാൻ ഹ്യൂഗ്‌സ് 1875 അടി ഉയരത്തിലേക്ക് കുതിച്ചത്. മുകളിലേക്കുള്ള യാത്രയിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ലാൻഡിംഗിലെ ചില പ്രശ്‌നങ്ങൾ കാരണം നടുവിന് നിസാര പരിക്കേറ്റ ഹ്യൂഗ്‌സ് ഇപ്പോൾ ആശുപത്രിയിലാണ്.
സുഖമായിരിക്കുന്നുവെന്നും തന്റെ കണ്ടെത്തലുകൾ അടങ്ങിയ ഡോക്യൂമെന്ററി ആഗസ്‌റ്റിൽ റിലീസ് ചെയ്യുമെന്നാണ് ഹ്യൂഗ്‌സിന്റെ പ്രതികരണം. എന്തൊക്കെ പറഞ്ഞാലും അത്ര നിസാരക്കാരനല്ല മൈക്ക് ഹ്യൂഗ്‌സ്. 2002ൽ തന്റെ ലിമോസിൽ കാറിൽ നടത്തിയ അഭ്യാസ പ്രകടനത്തിന് ഇയാളുടെ പേരിൽ ലോക റെക്കാഡുണ്ട്. ഇത് മാത്രമല്ല 2012ലും 2014ലും അദ്ദേഹം സ്വന്തമായി റോക്കറ്റ് ഉണ്ടാക്കി പറന്നിട്ടുണ്ട്.
മൈക്കിന്റെ പ്രകടനങ്ങൾക്കും പരീക്ഷണങ്ങൾക്കും സാമ്പത്തിക സഹായം ചെയ്യുന്നത് ഫ്ലാറ്റ് എർത്ത് കമ്മ്യൂണിറ്റിയാണ്. ഇതൊക്കെ കേൾക്കുമ്പോൾ ഏതെങ്കിലും ഭ്രാന്തന്മാരായ കൂട്ടർ ചെയ്യുന്ന വിക്രിയകളായി തോന്നാമെങ്കിലും, ഭൂമി ഉരുണ്ടതല്ലെന്ന് വിശ്വാസിക്കുന്ന (ഫ്ലാറ്റ് എർത്ത് തിയറി) നിരവധിയാളുകളുണ്ട്. ഭൂമിയുടെ ആകൃതിയെപ്പറ്റി നമ്മൾ സ്‌കൂളിൽ പഠിച്ചതൊക്കെ ഇനി തിരുത്തിയെഴുതേണ്ടി വരുമെന്നാണ് ഹ്യൂഗ്‌സ് അവകാശപ്പെടുന്നത്. കോഴിമുട്ടയുടേത് പോലെയുള്ള ഭൂമിയുടെ ജിയോയിഡ് എന്ന ആകൃതി ശാസ്ത്രലോകം നമ്മെ പഠിപ്പിച്ച പെരും നുണയാണെന്നും യഥാർത്ഥത്തിൽ ഭൂമി പരന്നതാണെന്നുമാണ് ഇയാൾ പറയുന്നത്.
Post Your Comments