ഹിസാര്‍: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി ഹരിയാനയിലെ തൊഴിലാളികള്‍ രംഗത്ത്. ഹരിയാനയിലെ ഹിസാറില്‍ നടന്ന റാലിയെ ചൊല്ലിയാണ് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. കെജ്‌രിവാളിന്റെ റാലിയില്‍ എത്തിയവര്‍ പണം വാങ്ങിവന്നവരാണെന്നാണ് ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എഎപി നടത്തിയ റാലി സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
ഹരിയാനയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെജ്‌രിവാള്‍ തന്റേത് ബിജെപി വിരുദ്ധ റാലിയാണെന്നും ആരോപിച്ചിരുന്നു. 350 രൂപയും ഒരു നേരത്തെ ഭക്ഷണവുമായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കാമെന്നേറ്റിരുന്നത്. ഇത് തരാതെ കെജ്‌രിവാള്‍ പറ്റിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ ആരോപണത്തോടെ അടുത്ത വര്‍ഷം മത്സരിക്കുമെന്ന എഎപിയുടെ പ്രഖ്യാപനത്തിന് തിരിച്ചടിയേറ്റിക്കുകയാണ്.
ഈ ആരോപണത്തിനെതിരെ ഇതുവരെ കെജ്‌രിവാളോ എഎപി പ്രവര്‍ത്തകരോ പ്രതികരിച്ചില്ല. കെജ്‌രിവാളിന്റെ ജന്മ സ്ഥലം കൂടിയാണ് ഹീസാര്‍. സ്വന്തം നാട്ടില്‍ മികവ് കാണിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുമെന്നും എഎപി കണക്കുകൂട്ടുന്നു. റാലിയില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ആക്രമിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ തൊഴിലാളികളുടെ ആരോപണം ആം ആദ്മി പാർട്ടിക്കും കെജ്രിവാളിനും തിരിച്ചടിയായിരിക്കുകയാണ്.
Post Your Comments