വെള്ളരിക്കുണ്ട്: ഇന്നു മരിയയുടെ പന്ത്രണ്ടാം ജന്മദിനമാണ്. ഇത്തവണ പിറന്നാൾ ആഘോഷം വിപുലമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും നടക്കുന്നതിനിടയിലായിരുന്നു ആ അത്യാഹിതം. അച്ഛനമ്മമാര്‍ക്കൊപ്പം ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ഷാള്‍ പിന്‍ചക്രത്തില്‍ കുരുങ്ങി ശ്വാസം മുട്ടി മരിച്ചത് പോലും ആ മാതാപിതാക്കൾ അറിഞ്ഞില്ല. പിറന്നാൾ ആഘോഷത്തിന് ഇത്തവണ ചുരിദാർ വേണമെന്ന മരിയയുടെ ആഗ്രഹ പ്രകാരം രണ്ടു ജോടി വാങ്ങിയതിൽ ഒന്നു ധരിച്ചാണ് ഇന്നലെ പള്ളിയിലേക്കു പോയത്.
കളിതമാശകൾ പറഞ്ഞു പപ്പയോടും മമ്മിയോടുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആ അത്യാഹിതം. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനത്ത് കുന്നിരിക്കല്‍ സജിയുടെയും ബിന്ദുവിന്റെയും ഏകമകള്‍ മരിയ സജി(11)യാണ് മരിച്ചത്. പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മരിയയുടെ പന്ത്രണ്ടാംപിറന്നാളാണ് തിങ്കളാഴ്ച. ബിരിക്കുളം ചെറുപുഷ്പം പള്ളിയില്‍ ഓശാന ഞായറാചരണത്തില് പങ്കുകൊള്ളാന്‍ പോവുകയായിരുന്നു മൂവരും.
വെള്ളമൊഴുകാന്‍ റോഡ് താഴ്ത്തിനിര്മ്മിച്ച ഭാഗത്താണ് അപകടമുണ്ടായത്. അച്ഛനമ്മമാരുടെ നടുക്കാണ് മരിയ ഇരുന്നത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി ബൈക്കോടുകൂടി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ഓട്ടോറിക്ഷയില്വന്ന കോളംകുളത്തെ ജോസഫാണ് ആശുപത്രിയിലെത്തിച്ചത്. കാലിച്ചാമരം പരപ്പ റോഡില്‍ ബിരിക്കുളത്ത് ഞായറാഴ്ച രാവിലെ 7.45-ഓടെയാണ് അപകടം. ഈസമയം പള്ളിയില്‍ ഓശാനച്ചടങ്ങുകള്‍ തുടങ്ങിയിരുന്നു. ബിരിക്കുളം ടൗണിലെ ഹമീദ് പള്ളിയിലെത്തി വിവരമറിയിച്ചു.
പിന്നാലെ ജീപ്പില്‍ നാട്ടുകാരും ആശുപത്രിയിലേക്കുപോയി. എന്നാല്‍, കാഞ്ഞങ്ങാട്ടെത്തും മുന്നേ മരിയ മരിച്ചിരുന്നു. വീഴ്ച്ചയില്‍ മരിയയുടെ തലയ്ക്കും പരിക്കേറ്റിതുന്നു. സജിയെയും ബിന്ദുവിനെയും പ്രഥമശുശ്രൂഷ നല്‍കിയശേഷം വീട്ടിലെത്തിച്ചു. പൂച്ചെടിയുണ്ടാക്കി വിൽക്കലാണു മരിയയുടെ പിതാവിനു ജോലി. അമ്മ പരപ്പ ടൗണിൽ ലബോറട്ടറി നടത്തുന്നു. ഏറെ നാളത്തെ പരിശ്രമഫലമായി മാസങ്ങൾക്കു മുൻപാണു പുതിയ വീട് നിർമിച്ചത്.
അതുകൊണ്ടു തന്നെയാണ് ഏകമകളുടെ പിറന്നാളാഘോഷം വിപുലമാക്കാൻ തീരുമാനിച്ചതും. ഇതിനിടെയായിരുന്നു ഈ അത്യാഹിതം. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ബിരിക്കുളം ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍. മരിയയുടെ മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
Post Your Comments