ഹൂസ്റ്റണ്‍: തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സമരം അമേരിക്കയില്‍ ശക്തവും വ്യാപകവുമാവുന്നു. തോക്ക് നിയന്ത്രണത്തിനുള്ള നടപടികള്‍ ഇനിയും വൈകാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുന്നത്. തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് വാഷിംഗ്ടണില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ് എന്നിങ്ങനെ വിവിധയിടങ്ങളിലായി 800ലേറെ ചെറു റാലികളും സംഘടിപ്പിച്ചു.
അതേസമയം തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ തള്ളിയും ചില കോണുകളില്‍നിന്ന് അഭിപ്രായമുയര്‍ന്നു. വെടിവെച്ചാല്‍ തിരിച്ച് വെടിവയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ തോക്ക് നിയന്ത്രിക്കുകയല്ല വേണ്ടതെന്നുമാണ് തോക്ക് നിയന്ത്രണത്തെ എതിര്‍ക്കുന്നവരുടെ വാദം.
ALSO READ : തോക്ക് നിയന്ത്രണത്തെപ്പറ്റി സംസാരിക്കുമ്പോള്‍ കരഞ്ഞതിനെക്കുറിച്ച് ഒബാമ
കഴിഞ്ഞ ഫെബ്രുവരി 14ന് ഫ്‌ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. അടുത്ത ദിവസങ്ങളില്‍ വെടിവയ്പുണ്ടാകുമെന്ന് ഭയന്നാണ് തങ്ങള്‍ ഓരോരുത്തരും കഴിയുന്നതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഫെബ്രുവരിയിലെ വെടിവയ്പിനു ശേഷം കഴിഞ്ഞ ദിവസം മേരിലാന്‍ഡിലും വെടിവയ്പുണ്ടായിരുന്നു. രണ്ട് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
Post Your Comments