KeralaLatest NewsNews

കീഴാറ്റൂര്‍ സമരം : യുഡിഎഫില്‍ ഭിന്നത

കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധസമരത്തെ ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസിലും കടുത്ത ഭിന്നത.

ബൈപാസ് വിരുദ്ധ സമിതിയുടെ പ്രതിഷേധ മാര്‍ച്ചില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ വിട്ടു നിന്നപ്പോള്‍ വിഎം സുധീരന്‍ മാത്രം പങ്കെടുത്തു. കീഴാറ്റൂര്‍ സമരത്തെ തള്ളിപ്പറഞ്ഞ കെ സുധാകരന്‍ ഈ ഘട്ടത്തില്‍ സമരത്തെ പിന്തുണക്കാനാകില്ലെന്ന് വ്യക്തമാക്കി.

ആര്‍എസ്എസ്, എസ്ഡിപിഐ ജമായത്ത് ഇസ്ലാമി, സിപിഐഎം എല്‍ റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് കീഴാറ്റൂരിലേക്ക് നടന്ന ബൈപ്പാസ് വിരുദ്ധ മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ അധികവും. കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെ യുഡിഎഫ് കക്ഷികള്‍ സമരത്തില്‍ നിന്നും വിട്ടുനിന്നു.

എന്നാല്‍ കോണ്‍ഗ്രസ്സ് ജില്ലാ നേത്യത്വത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ വിഎം സുധീരന്‍ പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്തു. മുസ്ലീം ലീഗ് സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് മാറിനിന്നപ്പോള്‍ മുസ്ലീം യൂത്ത് ലീഗിലെ ചില പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത് ലീഗിലെയും ഭിന്നത വെളിവാക്കി. സമരത്തെ ഈ ഘട്ടത്തില്‍ പിന്തുണയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വ്യക്തമാക്കി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിലും പൊതുയോഗത്തിലും പങ്കെടുത്തപ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു കീഴാറ്റൂരിലെ പ്രദേശവാസികള്‍.

സിനിമാ താരവും എംപിയുമായ സുരേഷ് ഗോപി, പിസി ജോര്‍ജ് എംഎല്‍എ തുടങ്ങിയവര്‍ പൊതുയോഗത്തില്‍ സംസാരിച്ചു.

അതേസമയം, വികസന അട്ടിമറിക്കും നാട്ടില്‍ സമാധാനം തകര്‍ക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ രൂപീകരിച്ച കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതി നാടിന് കാവല്‍ എന്ന പേരില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button