വിളപ്പില്‍ശാല : മക്കള്‍ വരുമെന്ന പ്രതീക്ഷയില്‍ ഭാര്യയുടെ വിറങ്ങലിച്ച മൃതദേഹവുമായി മെഡിക്കല്‍കോളേജില്‍ ആ വൃദ്ധന്‍ മണിക്കൂറുകള്‍ കാത്തിരുന്നു. പെറ്റമ്മയുടെ മരണമറിയുമ്പോൾ മക്കള്‍ ഓടിയെത്തുമെന്ന് കരുതി. പക്ഷേ മക്കള്‍ രണ്ടുപേരും വന്നില്ല. ഒടുവില്‍ ഭാര്യയുടെ അന്ത്യാഭിലാഷം പോലെ ജഡം മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികളുടെ പഠനമുറിയിലേക്ക് നല്‍കി വിങ്ങുന്ന ഹൃദയവും തോരാത്ത കണ്ണുകളുമായി വൃദ്ധന്‍ നടന്നകന്നു. മക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കു വരില്ലെന്നും തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണമെന്നുമുള്ള ഭാര്യയുടെ അവസാനവാക്കുകള്‍ ഒടുവിലാണ് ഓര്‍ത്തെടുത്തത്.
വിളപ്പില്‍ശാല കൊല്ലംകോണം ലക്ഷ്മീനാരായണ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പരമേശ്വരനാ (79)ണ് ഭാര്യ ഓമന (70)യുടെ മൃതദേഹം അനാട്ടമി ലാബിനു വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയത്. പത്തുവര്‍ഷമായി തങ്ങളെ തിരിഞ്ഞു നോക്കാത്തവരാണെങ്കിലും പെറ്റമ്മയുടെ മരണമറിയുമ്പോള്‍ മക്കള്‍ ഓടിയെത്തുമെന്ന് പരമേശ്വരന്‍ കരുതി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ച ഭാര്യയുടെ ശരീരവുമായി രാത്രിവരെ മക്കളെ കാത്തു. ഒരുസെന്റ് ഭൂമിയില്ലാത്ത, സഹായത്തിന് ആരുമില്ലാത്ത താന്‍ ഈ മൃതദേഹം എവിടെ കൊണ്ടുപോയി ദഹിപ്പിക്കുമെന്ന ചിന്തയും പരമേശ്വരനുണ്ടായിരുന്നു.
അനാട്ടമി ലാബിന് മൃതദേഹം നല്‍കിയ വിവരം നാട്ടുകാര്‍ പറഞ്ഞറിഞ്ഞ് മക്കളിലൊരാള്‍ ഇന്നലെ ഉച്ചയോടെ അവകാശവാദമുന്നയിച്ച് മെഡിക്കല്‍കോളേജിലെത്തി. എന്നാല്‍ മൃതദേഹത്തിന്റെ അവകാശിയായ ഭര്‍ത്താവാണ് മെഡിക്കല്‍കോളേജിന് വിട്ടുനല്‍കിയത്. തര്‍ക്കമുണ്ടായ സ്ഥിതിക്ക് മക്കള്‍ക്ക് ഇനി മൃതദേഹം വിട്ടുകൊടുക്കണമെങ്കില്‍ പോലീസ് രേഖാമൂലം ആവശ്യപ്പെടണമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് പറയുന്നു. എന്തുവന്നാലും ഭാര്യയുടെ മൃതദേഹം ഇനി മക്കള്‍ക്ക് വിട്ടു നല്‍കരുതെന്നാണ് പരമേശ്വരന്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ ഭാര്യയുടെ ആത്മാവുപോലും തന്നോട് പൊറുക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.
Post Your Comments