മൂന്നാര്‍: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്റെ മകന്‍ വിവേക് അഗസ്റ്റിനാണ് പിടിയിലായത്. വിഷാദരോഗം ബാധിച്ച കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് 16 കാരിയെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.
കണ്ണന്‍ദേവന്‍ കമ്പനിയുടെ ദേവികുളം എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്ന വിവേക് അഗസ്റ്റിനെയാണ് മൂന്നാര്‍ സി.ഐ. സാം ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ടൗണിലെ കോളനി റോഡിലുള്ള ഒരു ലോഡ്ജില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. ലോഡ്ജിനു സമീപത്ത് താമസിച്ചിരുന്ന പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയുമായി വിവേക് പ്രണയത്തിലായി. കഴിഞ്ഞ നവംബറില്‍ വിവേകിന്റെ അമ്മ താമസിക്കുന്ന വാടക വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു.
ഇരുവരും തമ്മിലുള്ള പ്രണയം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം കോതമംഗലത്തേക്ക് താമസം മാറ്റി. കുട്ടിയെ അങ്കമാലിയിലെ ഒരു സ്‌കൂളില്‍ പ്ലസ് വണ്ണിന് ചേര്‍ത്തു. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും വിവേക് വിവാഹത്തില്‍ നിന്നും പിന്മാറി. ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമിഴ്‌നാട്ടിലെത്തിച്ച് ഗര്‍ഭ ചിദ്രം നടത്തി.
സംഭവത്തെ തുടര്‍ന്ന് വിഷാദത്തിലായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയയാക്കി. കൗണ്‍സിലര്‍ ഈ വിവരങ്ങള്‍ അങ്കമാലി പോലീസിനെ അറിയിച്ചു. അങ്കമാലി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് മൂന്നാര്‍ പോലീസിന് കൈമാറി. ദേവികുളം കോടതിയില്‍ ഹാജരാക്കിയ വിവേകിനെ റിമാന്റു ചെയ്തു.
Post Your Comments