കൊച്ചി: ഇടപ്പള്ളി ചീനവല റസ്റ്റോറന്റിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നില്‍ പിആര്‍ മാനേജ്മെന്റ് എന്ന് സ്ഥാപന ഉടമകള്‍ ഉന്നത പോലീസ് മേധാവികള്‍ക്ക് പരാതി നല്കി. ആലപ്പുഴ രജിസ്റ്റേര്‍ഡ് വാഹനത്തില്‍ എത്തിയ രണ്ടംഗ കുടുംബം ഭക്ഷണം കഴിച്ച ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. വില നോക്കി മീന്‍ തൂക്കിയെടുത്ത്, ഭക്ഷണം കഴിച്ച് രണ്ടു പ്രാവശ്യം ടിപ്പും നല്കി പോയതിന് ശേഷം, സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ആക്രമണം പിആര്‍ വര്‍ക്കാണെന്നാണ് സ്ഥാപന ഉടമകള്‍ വാദിക്കുന്നത്. പ്രചരിക്കുന്ന ബില്‍ ഉടമ മീന്‍ തൂക്കി നോക്കി വാങ്ങുന്നതിന്റേയും, ഭക്ഷണം കഴിച്ചതിന് ശേഷം സന്തോഷപൂര്‍വ്വം രണ്ട് തവണ ടിപ്പ് നല്‍കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു.
ചീനവല റസ്റ്റോറന്റില്‍ നടന്ന സംഭവം ഇങ്ങനെ,:
ചീനവല റസ്റ്റോറന്റില്‍ എത്തിയ രണ്ടംഗ കുടുംബം ലൈവ് ഫിഷ് കൗണ്ടറിലെത്തി ഓരോ മീനിന്റേയും വില അന്വേഷിച്ചതിന് ശേഷം അത്യാവശ്യം വലിപ്പമുള്ള ചെമ്പല്ലി തിരെഞ്ഞെടുക്കുന്നു. തിരഞ്ഞെടുത്ത മീനിന്റെ തൂക്കം നോക്കി ബോധ്യപ്പെട്ടതിന് ശേഷം, മീന്‍ പാകം ചെയ്യേണ്ടത് എങ്ങനെയാണെന്ന് നിര്‍ദ്ദേശം നല്കുന്നു. തുടര്‍ന്ന് വനിത ജീവനക്കാരിയും കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തതിന് ശേഷം, ഇദ്ദേഹം കൗണ്ടര്‍ വിടുന്നു.
അല്പസമയത്തിനു ശേഷം ഓഡര്‍ ചെയ്ത താലി മീല്‍സ് ടേബിളില്‍ എത്തുന്നു. തിരഞ്ഞെടുത്ത മീന്‍ ഗ്രില്‍ഡ് ചെയ്തതും ടേബിളില്‍ എത്തുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം മീനിന്റെ ബാക്കി വന്നത് പാഴ്സല്‍ ചെയ്തെടുക്കാന്‍ വെയിറ്ററോട് നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് അവര്‍ എടുത്ത് പോകുകയും ചെയ്യുന്നു.ശേഷം ബില്ലുമായി വെയ്റ്റര്‍ എത്തുന്നു. കൊണ്ടുവന്ന ബില്‍ പരിശോധിക്കുന്നതിന് പിന്നാലെ പാഴ്സല്‍ കിറ്റുമായി അടുത്ത വെയിറ്റര്‍ എത്തുന്നു.
3000 രൂപ ബില്ലിനൊപ്പം വെച്ച ശേഷം രണ്ടംഗ കുടുംബം കൈ കഴുകാന്‍ പോകുന്നു. വെയിറ്റര്‍ പണം ബാക്കി നല്‍കുന്നതിനായി ബില്ലും കാശും കൊണ്ടുപോയതിന് ശേഷം ബില്ലിന്റെ ബാക്കി ടേബിളില്‍ കൊണ്ടുവന്ന് വെയ്ക്കുന്നു. തുടര്‍ന്ന് രണ്ട് തവണയായി ടിപ്പ് വെയ്ക്കുന്നു. ബില്ല് സംബന്ധിച്ച സംശയം ചോദിക്കുന്നു ശേഷം കാര്‍ പാര്‍ക്കിംങ് ഗ്രൗണ്ടില്‍ നിന്ന് ആലപ്പുഴ രജിസ്ട്രേഷന് വാഹനവുമെടുത്ത് പുറത്തേക്ക്. ഇത്രയും വിവരങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ പറയുന്നത്.
ഈ മാസം എട്ടാം തിയതി മൂന്നു മണിയോടെ 13 അംഗ സംഘം എത്തി ഭക്ഷണം കഴിച്ച ബില്ലാണ് രണ്ടാമത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒമ്പത് പേര് എത്തി കരമീന്‍ കഴിച്ചതിന് 10,852 രൂപയെന്ന പേരിലാണ് പിആര്‍ വര്‍ക്ക് നടത്തുന്നത്. എന്നാല്‍ 12 പേര് തലശ്ശേരി പ്രോണ്‍സ് ബിരിയാണി കഴിയ്ക്കുകയും ഒരാള്‍ വെജിറ്റേറിയന്‍ ആയതിനാല്‍ ചപ്പാത്തിയും പനീര്‍ ബട്ടര്‍ മസാലയുമാണ് കഴിച്ചതെന്നാണ് ചീനവല അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് ബില്ലില്‍ വ്യക്തവുമാണ്. കരിമീന്‍ വില നോക്കി, തൂക്കിയാണ് വാങ്ങിയത്. മൂന്ന് കിലോയും 215 ഗ്രാമുമാണ് കരിമീന്‍ ഉണ്ടായിരുന്നത്. ബില്ലില്‍ ക്വാണ്ടിറ്റി എന്ന് കാണുന്നത് മീനിന്റെ തൂക്കവും, റേറ്റ് കാണുന്നത് ഒരു ഗ്രാമിന്റെ വിലയുമാണ്.
ഭക്ഷണം കഴിച്ച് വളരെ സന്തോഷത്തോടെ ടിപ്പും നല്‍കിയാണ് ഇവരും മടങ്ങിയത്. സിസിടിവി സ്റ്റോറേജ് ഒരാഴ്ച ആയതിനാല്‍ എട്ടാം തിയതി നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പെട്ടന്ന് എടുക്കാന്‍ കഴിയില്ല. ഈ ദൃശ്യങ്ങള്‍ റിക്കവര്‍ ചെയ്യാന്‍ സമയം എടുക്കുമെന്നും ചിനവല അധികൃതര്‍ പറഞ്ഞു. അതേസമയം, കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സീഫുഡ് റസ്റ്റോറന്റുകളും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. പാലാരിവട്ടത്ത് ആറ് മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സീ ഫുഡ് റസ്റ്റോറന്റില്‍ മെനു കാര്‍ഡില്‍ പോലും വില വിവരം ഇല്ല.
പരാതിയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ…
ഇടപ്പള്ളി ബൈപ്പാസില്‍ ചീനവല എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ റസ്റ്റോറന്റില്‍ കഴിഞ്ഞ 19.3.18 തിയതി ഫുഡ് കഴിയ്ക്കാന്‍ വന്ന രണ്ടുപേര്‍, ഞങ്ങളുടെ മെനു കാര്‍ഡും ലൈവ് ഫിഷ് കൗണ്ടറും കണ്ട്, വിലയും തൂക്കവും ബോധ്യപ്പെട്ട് ഫിഷ് ഓഡര്‍ ചെയ്യുകയും സംതൃപ്തിയോടെ കഴിച്ച് പോയതിന് ശേഷം, ഞങ്ങളുടെ റസ്റ്റോറന്റിനെതിരെയും ഡയറക്ടര്‍മാരുടേയും സല്പേര് നശിപ്പിക്കുന്ന രീതിയില്‍ വളരെ മോശമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചതിന് ശേഷം, ഒരു പരാതിയും ഹോട്ടല്‍ ജീവനക്കാരുമായി പങ്കുവെച്ചിരുന്നില്ല.
കഴിഞ്ഞ നാല്പത്തിയഞ്ച് ദിവസങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഞങ്ങളുടെ പ്രസ്തുത റസ്റ്റോറന്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അസഭ്യമായ ഭാഷ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.ഇത് ഞങ്ങളുടെ ബിസിനസ്സിനെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഞങ്ങള്‍ കണക്കാക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇതിനൊപ്പം പ്രസ്തുത കസ്റ്റമറുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ബില്ലും, വാഹനമ്പറും, അദ്ദേഹം ഫിഷ് വില നോക്കി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വെയ്ക്കുന്നു.
Post Your Comments